നെതർലൻഡിന് എതിരായ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ 179 റൺസ് നേടി. രാഹുൽ ഒഴികെ ബാറ്റ് ചെയ്തവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. രോഹിത് (39 പന്തിൽ 53), കോഹ്ലി (44 പന്തിൽ 62), സൂര്യകുമാർ യാദവ് (25 പന്തിൽ 51) മൂന്നുപേരും ഇന്ത്യയ്ക്കായി ഫിഫ്റ്റി നേടിയിട്ടുണ്ട്.
മൂന്നാം ഓവറിലെ നാലാം പന്തിൽ കെഎൽ രാഹുലിനെ എൽബിഡബ്ല്യൂവിലൂടെ പുറത്താക്കി പോൾ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയിരുന്നു. അമ്പയറിന്റെ വിധി റിവ്യു ചെയ്യാതെ മടങ്ങിയതാണ് രാഹുലിന് വിനയായത്. പിന്നീട് നടന്ന പരിശോധനയിൽ സ്റ്റംപിൽ പന്ത് കൊണ്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു.
ശേഷം ക്രീസിൽ എത്തിയ കോഹ്ലിയെയും കൂട്ടുപിടിച്ച് രോഹിത് രണ്ടാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. ഫിഫ്റ്റി നേടിയതിന് പിന്നാലെ രോഹിത് ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു. നാലാമനായി എത്തിയ സൂര്യകുമാറും കോഹ്ലിയും ചേർന്നാണ് ഇന്ത്യൻ സ്‌കോർ പിന്നീട് 179ൽ എത്തിച്ചത്. 95 റൺസിന്റെ പാർട്ണർഷിപ്പാണ് ഇരുവരും കെട്ടിപടുത്തത്.
കോഹ്ലിയും രോഹിതും വലിയ സ്ട്രൈക് റേറ്റിൽ ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയ പിച്ചിൽ സൂര്യകുമാർ യാദവ് 204 സ്‌ട്രൈക് റേറ്റിൽ 1 സിക്‌സും 7 ഫോറും ഉൾപ്പെടെ 51 റൺസ് നേടി. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്.
അവസാന പന്തിൽ സിക്സ് നേടിയാണ് സൂര്യകുമാർ ഫിഫ്റ്റി പൂർത്തിയാക്കിയത്.
ബാക്ക്വാർഡ് സ്ക്വയർ ലെഗിലൂടെ ഫ്ലിക്ക് ചെയ്യുകയായിരുന്നു. മറുവശത്ത് ഉണ്ടായിരുന്ന കോഹ്ലി വലിയ ആവേശത്തോടെയാണ് സൂര്യകുമാർ യാദവിന്റെ ഫിഫ്റ്റി ആഘോഷമാക്കിയത്.