ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ തങ്ങളുടെ രണ്ടാമത്തെ പോരാട്ടത്തിൽ നെതർലൻഡ്സിനെ നേരിടുന്ന ടീം ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഇരുപത് ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 179 റൺസ് എടുത്തു. ഇന്ത്യക്കായി അർദ്ധസെഞ്ചുറി നേടി നായകൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് എന്നിവർ തിളങ്ങി.
ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ നാല് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യൻ ടീം എത്തിയത്. നെതർലൻഡസ് ആകട്ടെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. വെറും 9 റൺസിനായിരുന്നു അന്ന് ബംഗ്ലാദേശിന്റെ വിജയം.
ഇന്ന് ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്നും ഇറക്കിയത്. എങ്കിലും 12 പന്തിൽ 9 റൺസ് എടുത്ത രാഹുലിനെ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും രോഹിതും 73 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു ഇന്ത്യൻ ഇന്നിങ്സ് പടുത്തുയർത്തി.
39 പന്തിൽ 4 ഫോറും 3 സിക്സും അടക്കം 53 റൺസ് എടുത്ത രോഹിത് പന്ത്രണ്ടാം ഓവറിൽ ആയിരുന്നു പുറത്തായത്. പിന്നീട് സൂര്യകുമാർ യാദവുമൊത്ത് വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ 95 റൺസ് കൂട്ടുകെട്ടിലും കോഹ്‌ലി പങ്കാളിയായി. കോഹ്‌ലി 44 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 62 റൺസും സൂര്യ 25 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 51 റൺസും എടുത്തു പുറത്താകാതെ നിന്നു.
മത്സരത്തിന്റെ പതിനേഴാം ഓവറിൽ കോഹ്‌ലിയുടെ വക ഒരു തകർപ്പൻ സിക്സ് ഉണ്ടായിരുന്നു. ഫ്രെഡ് ക്ലാസ്സൻ എറിഞ്ഞ മൂന്നാം പന്തിൽ ആയിരുന്നു അത്. രണ്ടാം പന്തിൽ കോഹ്‌ലി ബൗണ്ടറി നേടിയ ശേഷം കാണികൾ കോഹ്‌ലി… കോഹ്‌ലി.. എന്ന് ആരവം മുഴക്കിയിരുന്നു. അവർക്കുള്ള മറുപടി എന്നോണം അടുത്ത പന്തിൽ ഡീപ് എക്സ്ട്രാ കവറിലേക്ക് ഒരു മികച്ച ഷോട്ട് കളിച്ച് സിക്സ് നേടി കോഹ്‌ലി. ഓഫ് സ്റ്റമ്പിന് വെളിയിൽ വന്ന പന്തിനെ തന്റെ പിൻകാൽ അൽപം മടക്കിനിന്ന് ബാറ്റിന്റെ ഒത്തനടുവിൽ കൊള്ളിച്ചുള്ള ഒരു മനോഹര ഷോട്ട്.. തൊട്ടടുത്ത പന്തിൽ സിംഗിൾ ഇട്ട് അർദ്ധസെഞ്ചുറി നേട്ടവും അദ്ദേഹം പൂർത്തിയാക്കി.