ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തുമ്പോഴും ഇന്ത്യൻ ടീമിലേക്ക് ക്ഷണിക്കപ്പെടാത്ത കുറെ താരങ്ങളുണ്ട്. ഒരു പക്ഷെ മറ്റു താരങ്ങൾക്ക് ഒരുപാട് അവസരങ്ങൾ കൊടുക്കുന്നതോ അല്ലാത്ത പക്ഷം തന്നെക്കാൾ മികച്ച താരങ്ങൾ മികച്ച രീതിയിൽ പ്രകടനം നടത്തുന്നത് കൊണ്ടാവാം. ജയ്ദേവ് ഉനദ്കട്ടിന്റെ കാര്യം ഇത്തരത്തിലുള്ള ഒന്നാണ്. തന്റെ ആദ്യ ടെസ്റ്റിന് ശേഷം തന്റെ അടുത്ത ടെസ്റ്റ് കളിക്കാൻ 12 വർഷമാണ് അയാൾ കാത്തിരുന്നത്.
ഇപ്പോൾ 12 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള മത്സരം അയാൾ ഗംഭീരമാക്കിയിരിക്കുകയാണ്. തുടർച്ചയായി ഗംഭീര ഡെലിവറികൾ എറിഞ്ഞ സ്പെല്ലിൽ അയാൾ അർഹിച്ച വിക്കറ്റ് നേടിയിരിക്കുകയാണ്. മത്സരത്തിലെ 15 മത്തെ ഓവറിലെ അഞ്ചാമത്തെ പന്തിലാണ് അദ്ദേഹം തന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യത്തെ വിക്കറ്റ് സ്വന്തമാക്കിയത്.ഉനദ്കട്ടിന്റെ എക്സ്ട്രാ ബൗൺസിന് ബംഗ്ലാദേശ് ബാറ്റർ സാകിർ ഹസ്സൻ ഉത്തരങ്ങൾ ഇല്ലാതെയാവുകയായിരുന്നു. ക്യാപ്റ്റൻ രാഹുലിന് ക്യാച്ച് നൽകിയാണ് സാകിർ മടങ്ങിയത്.
തന്റെ ആദ്യ ടെസ്റ്റിന് ശേഷം 118 മത്സരങ്ങളാണ് ഉനദ്കട്ടിന് നഷ്ടമായത്. രണ്ട് ടെസ്റ്റുകൾക്ക് ഇടയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നഷ്ടപെട്ട രണ്ടാമത്തെ താരമാണ് അദ്ദേഹം.142 മത്സരങ്ങൾ നഷ്ടമായ ഇംഗ്ലീഷ് താരം ഗ്യാരത് ബാട്ടിയാണ് ഈ ലിസ്റ്റിൽ ഒന്നാമത്. കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ കുൽദീപിന് പകരമാണ് ജയ്ദേവ് ഉനദ്കട്ട് ടീമിലേക്കെത്തിയത്. രണ്ട് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ നിലവിൽ ഇന്ത്യ 1-0 ത്തിന് മുന്നിലാണ്.