ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കമായിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഒന്നാം ദിനം കളി നിർത്തുമ്പോൾ ശക്തമായ നിലയിലാണ്. 104 റൺസോടെ പുറത്താകാതെ നിൽക്കുന്ന ഉസ്മാൻ ഖവാജയുടെ മികവിൽ അവർ 90 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് എടുത്തിട്ടുണ്ട്. ആദ്യ മൂന്ന് ടെസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് ഒരുക്കിയിരിക്കുന്നത്.
ഒന്നാം വിക്കറ്റിൽ ഈ പരമ്പരയിലെ തന്നെ തങ്ങളുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് (61) സൃഷ്ടിച്ചുകൊണ്ടാണ് ഓസീസ് ആരംഭം കുറിച്ചത്. പതിനാറാം ഓവറിൽ ട്രാവിസ് ഹെഡിന്റെ(32) വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചത്. 3 റൺസ് എടുത്ത ലഭുഷേയ്‌നെ ഷമി ക്ലീൻബോൾഡ് ആക്കിയപ്പോൾ സ്കോർ 72/2. പക്ഷേ പിന്നീടെത്തിയ സ്റ്റീവൻ സ്മിത്ത് ഖവാജക്ക് മികച്ച പിന്തുണ നൽകി. 135 പന്ത് നേരിട്ട് 38 റൺസ് എടുത്ത സ്മിത്തിനെ ലഞ്ചിനുശേഷമുള്ള സെഷനിൽ ജഡേജ ക്ലീൻബോൾഡ് ആക്കിയപ്പോൾ സ്കോർ 151/3. 17 റൺസ് എടുത്ത പീറ്റർ ഹാൻഡ്‌സ്‌കോമ്പിനെ ഷമി ക്ലീൻബോൾഡ് ചെയ്ത് ഇന്ത്യക്ക് പ്രതീക്ഷ നൽകി. എങ്കിലും നന്നായി ബാറ്റ് ചെയ്ത ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ 49 റൺസോടെ പുറത്താകാതെ നിൽക്കുന്നു.
മത്സരത്തിൽ ജഡേജ എറിഞ്ഞ 68ആം ഓവറിനിടയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ശ്രേയസ് അയ്യർക്ക് ഫീൽഡിംഗ് ക്ലാസ് എടുക്കുന്ന രസകരമായ ഒരു നിമിഷമുണ്ടായിരുന്നു. സ്ട്രൈക്കിൽ ഉണ്ടായിരുന്ന പീറ്റർ ഹാൻഡ്സ്‌കോമ്പ് സില്ലീ പോയിന്റിൽ നിൽക്കുകയായിരുന്ന അയ്യർക്കു പന്ത് മുട്ടിയിട്ടു കൊടുത്തു. ഉടനെ പന്ത് കൈക്കലാക്കിയ അയ്യർ വിക്കറ്റിൽ ചുമ്മാ എറിഞ്ഞ് കൊള്ളിക്കുകയും ചെയ്തു. അതിനുശേഷമാണ് രോഹിത്തിന്റെ വരവ്. അയ്യരെ അരയിൽ പിടിച്ചുകൊണ്ട് കുറച്ചുകൂടി ബാറ്റർക്ക് അരികിലേക്ക് നീക്കി നിർത്തുകയായിരുന്നു. എന്നാൽ രോഹിത് തിരികെ മടങ്ങിയശേഷം അയ്യർ രണ്ട് സ്റ്റെപ്പ് പിന്നിലേക്ക് ഇറങ്ങിയത് കമന്റേറ്റർമാരിൽ ചിരിപടർത്തി. തൊട്ടടുത്ത് നിൽക്കാനുള്ള ഭയം കാരണം പൊതുവെ താരങ്ങൾ പിറകോട്ട് ഇറങ്ങാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഓവറിന്റെ പിന്നീടുള്ള പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്ത് ലെഗ് സൈഡിലേക്കാണ് പീറ്റർ ബൗണ്ടറി നേടിയത്.