അഹമ്മദാബാദ് ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ഓസ്ട്രേലിയൻ ടീം കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിലേക്ക് നീങ്ങുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. തലേന്നത്തെ സ്‌കോറായ 255/4 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച അവരുടെ ഒരു വിക്കറ്റ് പോലും ഇതുവരെ ഇന്ത്യക്ക് നേടാൻ സാധിച്ചിട്ടില്ല. പിച്ച് തീർത്തും ബാറ്റിങ്ങിന് അനുകൂലമായി മാറിയിരിക്കുകയാണ്. ഈ ടെസ്റ്റ് മത്സരം വിജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേരിട്ട് പ്രവേശനം നേടാം. എന്നാൽ സമനിലയോ തോൽവിയോ ആണ് ഫലമെങ്കിൽ ശ്രീലങ്ക – ന്യൂസിലൻഡ് മത്സരഫലം കൂടി ആശ്രയിച്ചാവും ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര. മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസ്ട്രേലിയ നേരത്തെതന്നെ ഫൈനലിൽ പ്രവേശിച്ചു.
ഒന്നാം ദിനം 104 റൺസോടെ പുറത്താകാതെ നിന്നിരുന്ന ഓപ്പണർ ഉസ്മാൻ ഖവാജ 150 റൺസ് പിന്നിട്ടുകഴിഞ്ഞു. ഇന്നലെ 49 റൺസോടെ പുറത്താകാതെ നിന്നിരുന്ന ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേട്ടവും പൂർത്തിയാക്കി. ഇരുവരും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 200 റൺസ് പിന്നിട്ടു. രണ്ടാം ദിനം ലഞ്ചിനു പിരിയുമ്പോൾ അവർ നാല് വിക്കറ്റിന് 347 റൺസ് എന്ന നിലയിലാണ്.
മത്സരത്തിൽ ഒരുപാട് നേരം പന്തെറിഞ്ഞു തളർന്ന നിരാശയുടെ പുറത്ത് ഇന്ത്യ അനാവശ്യമായി ഒരു റിവ്യൂ എടുക്കുകയും അത് നഷ്ടപ്പെടുത്തുകയും ചെയ്തു. സ്പിന്നർ രവീന്ദ്ര ജഡേജ എറിഞ്ഞ 128ആം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു അത്. സ്ട്രൈക്കിൽ ഉണ്ടായിരുന്ന ഉസ്മാൻ ഖവാജ ഓഫ് സ്റ്റമ്പിന് വെളിയിൽ പിച്ച് ചെയ്ത പന്ത് നിസ്സാരമായി കാലുകൊണ്ട് തടുത്തിട്ടു. ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അമ്പയർ നോട്ട്ഔട്ട് വിളിച്ചു. ഇന്ത്യ റിവ്യൂ നൽകിയപ്പോൾ പന്ത് ഓഫ്‌സ്റ്റമ്പിന്റെ വളരെ ദൂരത്തുകൂടിയാണ് പോകുക എന്ന് മനസ്സിലായി. അങ്ങനെ ഒരു റിവ്യൂ അവസരം കളഞ്ഞുകുളിച്ചു.
വീഡിയോ ;