അഹമ്മദാബാദ് ടെസ്റ്റിൽ രണ്ടാം ദിനം ഉച്ചക്ക് ശേഷമുള്ള സെഷനിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ആദ്യ സെഷനിൽ 29 ഓവറിൽ 92 റൺസ് വഴങ്ങിയ ഇന്ത്യക്ക് വിക്കറ്റ് ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. 255/4 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച അവർ 347/4 എന്ന നിലയിൽ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ കാമറൂൺ ഗ്രീൻ (114), അലക്സ് കാരി (0), മിച്ചൽ സ്റ്റാർക്ക് (6) എന്നിവരുടെ വിക്കറ്റുകൾ അവർക്ക് രണ്ടാം സെഷനിൽ നഷ്ടമായി. ഗ്രീനും ഓപ്പണർ ഉസ്മാൻ ഖവാജയും ചേർന്ന സഖ്യം അഞ്ചാം വിക്കറ്റിൽ 208 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. ഖവാജ 175 റൺസ് പിന്നിട്ടുകഴിഞ്ഞു.
ഇന്ന് ഒരുപാട് നേരം പരിശ്രമിച്ചുനോക്കിയെങ്കിലും വിക്കറ്റ് മാത്രം അകന്നുനിന്നപ്പോൾ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നത് അശ്വിന്റെ മാസ്മരിക ബോളിംഗാണ്. ഒരോവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഇന്ത്യൻ താരങ്ങൾക്കും ആരാധകർക്കും പുത്തനുണർവ് നൽകി. ലഞ്ച് കഴിഞ്ഞ് വന്ന ശേഷം 131ആം ഓവറിൽ ആയിരുന്നു നേട്ടം. ഓവറിന്റെ രണ്ടാം പന്തിൽ ലെഗ് സൈഡിൽ സ്വീപ് കളിക്കാൻ ശ്രമിച്ച ഗ്രീനിന്റെ ഗ്ലവ്സിൽ തട്ടി പോയ പന്ത് വിക്കറ്റ് കീപ്പർ ഭരത്ത് കയ്യിലൊതുക്കി.
പിന്നീടെത്തിയ അലക്സ് കാരിയെ ഓവറിന്റെ അവസാന പന്തിൽ അക്സർ പട്ടേലിന്റെ കൈകളിൽ എത്തിച്ച അശ്വിൻ അതുകഴിഞ്ഞ് വീണ്ടുമൊരു വിക്കറ്റ് കൂടി നേടി. 136ആം ഓവറിന്റെ മൂന്നാം പന്തിൽ സ്റ്റാർക്കിനെ ഷോർട്ട് ലെഗ് ഫീൽഡർ ശ്രേയസ് അയ്യരുടെ തകർപ്പൻ ക്യാച്ച് വഴിയും മടക്കി. ബോളർമാർക്ക് യാതൊരുവിധ പിന്തുണയും ലഭിക്കാത്ത പിച്ചുകളിൽ ഇതിനുമുൻപും ഒരുപാട് തവണ അശ്വിൻ ഇന്ത്യയുടെ രക്ഷയ്ക്ക് എത്തിയിട്ടുണ്ട്. എത്രയും വേഗം അവരെ ഓൾഔട്ടാക്കി തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ.