ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ ഓസീസ് ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിക്കാൻ ഇന്ത്യ പൊരുതുന്നു. ആദ്യ ദിനം 255/4 എന്ന നിലയിലായിരുന്നു കങ്കാരുപ്പട. രണ്ടാം ദിനമായ ഇന്ന് ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടമാക്കാതെ 29 ഓവറിൽ 92 റൺസ് കൂടി സ്കോർബോർഡിലേക്ക് കൂട്ടിച്ചേർത്ത അവർക്ക്, പക്ഷേ ലഞ്ചിന് ശേഷം വിക്കറ്റ് വീണുതുടങ്ങി. അശ്വിൻ ഞൊടിയിടയിൽ മൂന്നു വിക്കറ്റ് സ്വന്തമാക്കി. അഞ്ചാം വിക്കറ്റിൽ ഗ്രീനും ഖവാജയും 208 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ കാമറൂൺ ഗ്രീൻ (114), അലക്സ് കാരി (0), മിച്ചൽ സ്റ്റാർക്ക് (6) എന്നിവരെ അശ്വിൻ മടക്കി. ചായയ്ക്ക് പിരിയുമ്പോൾ അവർ 409/7 എന്ന നിലയിൽ ആയിരുന്നു.
ചായയ്ക്ക് ശേഷം ഇന്നത്തെ അവസാന സെഷനിലെ ആദ്യ പന്തിൽ തന്നെ ഉസ്മാൻ ഖവാജയുടെ വിക്കറ്റ് നേടാൻ ഇന്ത്യക്ക് കഴിഞ്ഞു. പരമ്പരയിൽ ബാറ്റ് കൊണ്ട് മികച്ച പ്രകടനം നടത്തിയെങ്കിലും ബോളിംഗിൽ ശോഭിക്കാൻ കഴിയാതിരുന്ന ഓൾറൗണ്ടർ അക്ഷർ പട്ടെലാണ് വിക്കറ്റ് സ്വന്തമാക്കിയത്. നേരെ വന്ന പന്തിൽ ലെഗ് സൈഡിലേക്ക് കളിക്കാൻ ശ്രമിച്ച ഖവാജയ്ക്ക് പിഴച്ചു. പന്ത് ബാറ്റിൽ കൊള്ളാതെ നേരെ പാഡിൽ പതിച്ചു.
എങ്കിലും അമ്പയർ ഔട്ട് സിഗ്നൽ നൽകിയില്ല. ഇന്ത്യ ഉടനെത്തന്നെ റിവ്യൂ എടുക്കുകയും ചെയ്തു. നായകൻ രോഹിത് ശർമ ഗ്രൗണ്ടിലേക്ക് ചായയ്ക്ക് ശേഷം തിരികെ എത്തിയിട്ടുണ്ടായിരുന്നില്ല. ചേതേശ്വർ പൂജാരയായിരുന്നു താൽക്കാലിക നായകൻ. പൂജാര റിവ്യൂ സിഗ്നൽ നൽകി. പന്ത് ലെഗ് സ്റ്റമ്പിൽ കൊള്ളുമെന്ന് റീപ്ലേകളിൽ നിന്നും വ്യക്തമായി. കന്നി ടെസ്റ്റ് ഇരട്ട സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ഖവാജ അതോടെ പുറത്ത്. 422 പന്ത് നേരിട്ട് 21 ബൗണ്ടറി അടക്കം 180 റൺസോടെ മടക്കം. ടെസ്റ്റിൽ 195 റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ.
വിക്കറ്റ് വിഡിയോ