അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ സ്കോർ. ഒന്നാം ഇന്നിംഗ്സിൽ അവർ 480 റൺസെടുത്ത് ഓൾഔട്ടായി. സ്പിന്നർ അശ്വിൻ 6 വിക്കറ്റുമായി തിളങ്ങി. ഷമി രണ്ട് വിക്കറ്റും ജഡേജ, അക്ഷർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 36 റൺസ് എടുത്തിട്ടുണ്ട്. 17 റൺസുമായി നായകൻ രോഹിത് ശർമയും 18 റൺസുമായി ഗില്ലുമാണ് ക്രീസിൽ.
255/4 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് വേണ്ടി കാമറൂൺ ഗ്രിനും ഉസ്മാൻ ഖവാജയും ഒന്നാം സെഷനിൽ കിടിലൻ ബാറ്റിങ്ങാണ് കാഴ്ചവച്ചത്. 29 ഓവറിൽ നിന്നും 92 റൺസ് കൂടി അവർ കൂട്ടിച്ചേർത്തു. അഞ്ചാം വിക്കറ്റിൽ 208 റൺസ് കൂട്ടിച്ചേർത്ത സഖ്യത്തെ പൊളിച്ചത് കന്നി ടെസ്റ്റ് സെഞ്ച്വറി (114) നേടിയ കാമറൂൺ ഗ്രീനിന്റെ വിക്കറ്റ് നേടിയ അശ്വിൻ ആയിരുന്നു. തുടർന്ന് അലക്സ് കാരിയെ പൂജ്യത്തിനും മിച്ചൽ സ്‌റ്റാർക്കിനെ 6 റൺസിനും പുറത്താക്കിയ അദ്ദേഹം ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും ഉസ്മാൻ ഖവാജയേ പുറത്താക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ചായക്ക് ശേഷമുള്ള ആദ്യ പന്തിൽ അക്ഷർ പട്ടേലാണ് 180 റൺസ് എടുത്ത അദ്ദേഹത്തെ മടക്കിയത്. എന്നിട്ടും ഒൻപതാം വിക്കറ്റിൽ ഒത്തുചേർന്ന ലയൺ, മർഫി എന്നിവർ 70 റൺസിന്റെ മറ്റൊരു കൂട്ടുകെട്ട് സൃഷ്ടിച്ചതും ഇന്ത്യക്ക് കല്ലുകടിയായി. ഒടുവിൽ അശ്വിൻ തന്നെ വേണ്ടിവന്നു ഇരുവരെയും പുറത്താക്കാൻ.
ഇന്നത്തെ മത്സരം അവസാനിക്കുന്ന ഓവറിൽ നാടകീയ രംഗങ്ങൾക്കാണ് അഹമ്മദാബാദ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. സ്പിന്നർ നഥൻ ലയൺ എറിഞ്ഞ ഓവറിന്റെ രണ്ടാം പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്ത് ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ ലോങ് ഓണിലേക്ക് സിക്സ് നേടിയിരുന്നു. പന്ത് ചെന്നു പതിച്ചത് വെള്ളത്തുണികൊണ്ട് വലിച്ചുകെട്ടിയ സൈറ്റ് സ്ക്രീനിൽ ആയിരുന്നു. അതിന്റെ ചെറിയൊരു ദ്വാരത്തിലൂടെ പന്ത് താഴേക്ക് ഊഴ്ന്നിറങ്ങി. ഗ്രൗണ്ട് സ്റ്റാഫിന് പെട്ടെന്ന് അങ്ങോട്ടേക്ക് എത്താനുള്ള സൗകര്യമുണ്ടായിരുന്നില്ല. അതോടെ മാച്ച് ഒഫീഷ്യൽ അമ്പയർ അനിൽ ചൗധരി പുതിയ പന്തുകളുടെ പെട്ടിയുമായി ഗ്രൗണ്ടിലേക്ക് വന്നു.
അതിൽ നിന്നും ഒരു പന്ത് അമ്പയർമാർ തിരഞ്ഞെടുക്കുകയും ചെയ്തു. ടെസ്റ്റിൽ സാധാരണ 80 ഓവറിന് ശേഷമാണ് ന്യൂബോൾ എടുക്കാൻ സാധിക്കുക. എന്നാൽ പത്തോവർ പൂർത്തിയാകും മുൻപേ പുതിയ പന്ത് എടുക്കേണ്ടിവരുന്ന സന്ദർഭങ്ങൾ അപൂർവമാണ്. അതിനിടെ കാണികളിൽ ഒരാൾ എങ്ങനെയൊക്കെയോ ചാടിക്കയറി വെള്ളത്തുണിയുടെ മുകളിലൂടെ നടന്ന് പന്ത് പോയ ദ്വാരത്തിലേക്ക് ഇറങ്ങിയിരുന്നു. അതോടെ പുതിയ പന്ത് ഉപയോഗിച്ച് മത്സരം പുനരാരംഭിക്കണോ അതോ കാണാതെ പോയ പന്ത് കിട്ടുന്നത് വരെ കാത്തുനിൽക്കണോ എന്നുള്ള മനോവിഷമത്തിലായി അമ്പയർമാർ. അപ്പോഴാണ് ആ വ്യക്തി തപ്പിയെടുത്ത പന്തുമായി ഗാലറിയിൽ പൊങ്ങിവന്നത്. കാണികൾ എല്ലാവരും ആർപ്പുവിളികളുമായി ഇത് ആസ്വദിച്ചു. ആ പന്തുകൊണ്ട് തന്നെ ശേഷിച്ച നാല് പന്തുകൾ എറിഞ്ഞ് ഇന്നത്തെ കളി അവസാനിപ്പിച്ചു.