അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയൻ ടീം ശക്തമായ നിലയിൽ. 255/4 എന്ന ഒന്നാം ദിനത്തെ സ്കോറിൽ ബാറ്റിംഗ് തുടങ്ങിയ അവർ 180 റൺസ് എടുത്ത ഓപ്പണർ ഉസ്മാൻ ഖവാജയുടെയും കന്നി ടെസ്റ്റ് സെഞ്ച്വറിയോടെ 114 റൺസ് എടുത്ത കാമറോൺ ഗ്രീനിന്റെയും മികവിൽ ഒന്നാം ഇന്നിംഗ്സിൽ 480 റൺസ് എടുത്തു. നീണ്ട 167.2 ഓവറുകളാണ് ഇന്ത്യ ഏറിയേണ്ടിവന്നത്. ഇന്നത്തെ ആദ്യ സെഷനിൽ ഒരു വിക്കറ്റ് പോലും നേടാൻ ഇന്ത്യക്ക് സാധിച്ചില്ല.
എങ്കിലും രണ്ടാം സേഷന്റെ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി സ്പിന്നർ അശ്വിൻ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പക്ഷേ ടോപ് സ്കോറർ ഉസ്മാൻ ഖവാജയുടെ വിക്കറ്റ് അകന്നുനിന്നു. ഒടുവിൽ മൂന്നാം സെഷനിലെ ആദ്യ പന്തിൽ അക്ഷർ പട്ടേൽ അദ്ദേഹത്തെ പുറത്താക്കി. പിന്നീട് ഒൻപതാം വിക്കറ്റിൽ ഒത്തുചേർന്ന ലയൺ, മർഫി എന്നിവർ 70 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചതും ഇന്ത്യക്ക് തിരിച്ചടിയായി. അശ്വിൻ തന്നെ ഇരുവരെയും മടക്കി ഒടുവിൽ ഇന്നിങ്സ് അവസാനിപ്പിച്ചു. അശ്വിൻ ആറ് വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ആദ്യ ഇന്നിംഗ്സിൽ ടീം ഇന്ത്യ 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 36 റൺസ് എടുത്തിട്ടുണ്ട്.
ഇന്ന് മത്സരത്തിനിടെ ഇന്ത്യൻ ടീം ഫീൽഡ് ചെയ്യുന്ന സമയത്ത് ജഡേജ ചെയ്ത ഒരു പ്രവർത്തി ആരാധകരിൽ ചിരിപടർത്തി. ഒരുപാട് നേരം പന്തെറിഞ്ഞു നോക്കിയെങ്കിലും വിക്കറ്റ് ലഭിക്കാതിരുന്ന ഇന്ത്യൻ താരങ്ങൾ വളരെ നിരാശയിൽ കാണപ്പെട്ടിരുന്ന സമയം. അപ്പോഴാണ് സ്ക്വയർ ലെഗ് ഏരിയയിൽ ഫീൽഡ് ചെയ്യുകയായിരുന്ന ജഡേജ വിക്കറ്റ് കീപ്പർ ഭാരത്തിന്റെ ഒരു റൺഔട്ട് അപ്പീൽ ശ്രദ്ധിച്ചത്. സ്ട്രൈക്കിൽ ഉണ്ടായിരുന്ന കാമറൂൺ ഗ്രീൻ ക്രീസിൽ എത്തിയിരുന്നു. എങ്കിലും തമാശരൂപേണ തീരുമാനം ടിവി അമ്പയർക്ക് വിടുന്നു എന്ന സിഗ്നൽ കാണിച്ച് ജഡേജ, സോഫ്റ്റ് സിഗ്നലായി ഔട്ട് എന്ന് വിരൽ ഉയർത്തുകയും ചെയ്തു. ഈ രസകരമായ നിമിഷങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.