Categories
Cricket Latest News

ആരാധകർക്ക് വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത സർപ്രൈസ്!
ആദ്യം അമ്പരന്നു പിന്നെ ആർപ്പു വിളിച്ചു കാണികൾ ;വീഡിയോ

അഹമ്മദാബാദിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ, മൂന്നാം ദിനമായ ഇന്ന് മികച്ച ബാറ്റിംഗ് പ്രകടനം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇറങ്ങുന്നു. ഇന്നലെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 480 റൺസിൽ ഓൾഔട്ടാക്കിയ ശേഷം, ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ചിരുന്നു. 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 36 റൺസ് എടുത്തിട്ടുണ്ട്. 17 റൺസുമായി നായകൻ രോഹിത് ശർമയും 18 റൺസുമായി ശുഭ്മാൻ ഗില്ലും ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും.

ഇന്നലെ 180 റൺസ് എടുത്ത ഓപ്പണർ ഉസ്മാൻ ഖവാജ, 114 റൺസോടെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ കാമറൂൺ ഗ്രീൻ എന്നിവരുടെ മികവിലാണ് അവർ കൂറ്റൻ സ്കോർ കണ്ടെത്തിയത്. ഇരുവരും ചേർന്നുള്ള അഞ്ചാം വിക്കറ്റിലെ കൂട്ടുകെട്ട് 208 റൺസ് ചേർത്തു. ആദ്യ സെഷനിൽ വിക്കറ്റ് നേടാനാകാതെ ഇന്ത്യൻ ബോളർമാർ വിയർത്തു. രണ്ടാം സെഷനിൽ 3 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. അശ്വിൻ ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തി. ഒൻപതാം വിക്കറ്റിൽ 70 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചുകൊണ്ട് വാലറ്റക്കാരായ ലയണും മർഫീയും ചെറുത്തുനിൽപ് നടത്തിയത് ഓസ്ട്രേലിയക്ക് മറ്റൊരു അനുഗ്രഹമായി.

ഇന്നലെ ഇന്ത്യൻ ബാറ്റിങ്ങിന് ഇടയിൽ മറ്റൊരു രസകരമായ സംഭവമുണ്ടായി. ഓപ്പണർമാരായ നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ബാറ്റ് ചെയ്യുന്ന സമയത്ത് കാണികൾ കോഹ്‌ലിക്ക് വേണ്ടി ആർപ്പുവിളിക്കുകയായിരുന്നു. ഡ്രസ്സിംഗ്‌ റൂമിൽ നിന്നും മുഴുവൻ സജ്ജീകരണങ്ങളുമായി പുറത്തേക്കിറങ്ങിവരുന്ന കോഹ്‌ലിയെ കണ്ട് എല്ലാവരും ആദ്യമൊന്ന് അമ്പരന്നു. കാരണം, അവിടെ വിക്കറ്റ് ഒന്നും വീണിരുന്നില്ല. കോഹ്‌ലി.. കോഹ്‌ലി.. വിളികളുമായി ഗാലറി ശബ്ദമുഖരിതമായി. എന്നാൽ ബാറ്റിംഗ് പ്രാക്ടീസ് ചെയ്യാനായിരുന്നു കോഹ്‌ലി എത്തിയത്. മത്സരംകഴിഞ്ഞു താരങ്ങൾ ഗ്രൗണ്ടിൽനിന്നും മടങ്ങിയശേഷം ഗ്രൗണ്ടിലേക്കിറങ്ങി അൽപസമയം പരിശീലിച്ചാണ്‌ കോഹ്‌ലി തിരികെ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *