ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 357 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം. വിരാട് കോഹ്‌ലി(122*), കെ എൽ രാഹുൽ(111*) എന്നിവർ തകർപ്പൻ സെഞ്ചുറികൾ നേടി പുറത്താകാതെ നിന്നപ്പോൾ പാക്ക് ബോളർമാർ നിരാശരായി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 24.1 ഓവറിൽ 147/2 എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തി കളി തടസ്സപ്പെട്ടത്. അതോടെ കളി അതേ സ്കോറിൽ റിസർവ് ദിനമായ ഇന്ന് പുനരാരംഭിക്കുകയായിരുന്നു.
ഇന്ത്യക്കായി നേരത്തെ ഓപ്പണർമാരായ നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും അർധസെഞ്ചുറി നേടിയിരുന്നു. ഇന്ന് കോഹ്‌ലി 8 റൺസിലും രാഹുൽ 17 റൺസിലുമാണ് ബാറ്റിംഗ് തുടങ്ങിയത്. വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റിൽ 13000 റൺസ് തികച്ചു. വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ 233 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് ഏഷ്യ കപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും രാഹുലും കോഹ്‌ലിയും സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനെ മികച്ച പേസ് ബൗളിംഗ് കൊണ്ട് വരിഞ്ഞുമുറുക്കി മത്സരത്തിൽ ഇന്ത്യ മുൻതൂക്കം നേടിയിരിക്കുകയാണ്.
അതിനിടെ മത്സരത്തിൽ ഒരു ദാരുണമായ സംഭവം അരങ്ങേറി. ഇന്ത്യൻ സ്പിന്നറായ കുൽദീപ് യാദവിനെ സ്വീപ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ച പാക്ക് താരം ആഗ സൽമാൻ്റെ മുഖത്ത് പന്ത് കൊണ്ട് ചോര പൊടിയുകയുണ്ടായി. ഹെൽമെറ്റ് ഇല്ലാതെയാണ് താരം ബാറ്റ് ചെയ്തിരുന്നത്. സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിൽ ടോപ് എഡ്ജ് ആയ പന്ത് നേരേ വലത്തെ കണ്ണിന് താഴെ ചെന്നിടിച്ചു. അപ്പോൾ തന്നെ ചോര വരാനും തുടങ്ങി. അൽപനേരം കളി തടസ്സപ്പെട്ടു. തുടർന്ന് ചികിത്സ ഏറ്റുവാങ്ങിയ ശേഷം താരം ബാറ്റിംഗ് ആരംഭിച്ചു.
വീഡിയോ..