ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ 243 റൺസിൻ്റെ കൂറ്റൻ ജയത്തോടെ ഇന്ത്യ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പാക്കിയിരിക്കുകയാണ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് നേടിയത്. ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ വെറും 83 റൺസിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് അവരെ തകർത്തത്. കുൽദീപും ഷമിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ 101 റൺസ് നേടി പുറത്താകാതെ നിന്ന കോഹ്‌ലിയുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തിയത്. തൻ്റെ മുപ്പത്തിയഞ്ചാം ജന്മദിനത്തിൽ സെഞ്ചുറി നേടിയ കോഹ്‌ലി തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഏകദിനത്തിൽ നാൽപ്പത്തിയൊൻപതാം സെഞ്ചുറി പൂർത്തിയാക്കിയ അദ്ദേഹം, സച്ചിൻ്റെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു. ശ്രേയസ് അയ്യർ 77 റൺസ് നേടി മികച്ച പിന്തുണ നൽകി. നായകൻ രോഹിത് 24 പന്തിൽ 40 റൺസ് അടിച്ച് ഇന്ത്യക്ക് ഗംഭീര തുടക്കം നൽകിയിരുന്നു.
അതിനിടെ മത്സരത്തിൽ ഇന്ത്യൻ ബോളിങ്ങിന് ഇടയിൽ നിന്നുള്ള ഒരു നർമ മുഹൂർത്തമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ജഡേജയുടെ പതിമൂന്നാം ഓവറിൽ ക്ലാസ്സനെ വിക്കറ്റിന് മുന്നിൽ കുരുക്കി ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല. റിവ്യൂ എടുക്കുന്നതിനെക്കുറിച്ച് ജഡേജയും കീപ്പർ രാഹുലും വലിയ ചർച്ച തുടങ്ങിയപ്പോൾ, നായകൻ രോഹിത് ശർമ അവിടേക്ക് എത്തുന്നു.
ഇതൊക്കെ എന്തിന് ഇത്രയധികം ചർച്ച ചെയ്യാൻ ഇരിക്കുന്നു, അത് അവരുടെ അവസാനത്തെ അംഗീകൃത ബാറ്റർ അല്ലേ… എന്നും പറഞ്ഞ് പെട്ടെന്നുതന്നെ രോഹിത് റിവ്യൂ സിഗ്നൽ നൽകുകയാണ്. രോഹിത് പറഞ്ഞത് കേട്ട് കമൻ്ററി ബോക്‌സിൽ നിന്നുവരെ ചിരി ഉയരുന്നതും വീഡിയോയിൽ കേൾക്കാം. തുടർന്ന് അത് വിക്കറ്റിൽ കൊള്ളും എന്ന് റീപ്ലേകളിൽ നിന്നും തേർഡ് അമ്പയർ വിധിയെഴുതിയതോടെ ഇന്ത്യൻ താരങ്ങൾ ആഘോഷം തുടങ്ങി.
വീഡിയോ..