മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ, നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് നേടിയത്. വിരാട് കോഹ്‌ലി(117), ശ്രേയസ് അയ്യർ(105) എന്നിവരുടെ തകർപ്പൻ സെഞ്ചുറികൾ ഇന്ത്യക്ക് കരുത്തായി. ശുഭ്മൻ ഗിൽ 80 റൺസോടെയും രാഹുൽ 20 പന്തിൽ 39 റൺസോടെയും പുറത്താകാതെ നിന്നു.
നേരത്തെ നായകൻ രോഹിത് ശർമ ഇന്ത്യക്ക് ഗംഭീര തുടക്കമാണ് നൽകിയത്. വെറും 29 പന്തിൽ നാലു വീതം ഫോറും സിക്സുമടക്കം 47 റൺസ് എടുത്ത് രോഹിത് പുറത്തായി. തുടർന്ന് ഗില്ലും കോഹ്‌ലിയും ശ്രേയസും രാഹുലും മികച്ച ഇന്നിംഗ്സുകൾ കളിച്ചു. ഏകദിനത്തിൽ 50 സെഞ്ചുറികൾ പൂർത്തിയാക്കിയ കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കറെ സാക്ഷിയാക്കി, അദ്ദേഹത്തിൻ്റെ തന്നെ റെക്കോർഡ് മറികടന്നു. സച്ചിൻ്റെതന്നെ മറ്റൊരു റെക്കോർഡ് മറികടന്ന്, ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവുമായി കോഹ്‌ലി മാറി.
അതിനിടെ മത്സരം ആരംഭിക്കുന്നതിന് മുൻപ് നടന്ന ഒരു നിമിഷത്തിൻ്റെ വീഡിയോ, ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിട്ടുണ്ട്. മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരമായ ഡേവിഡ് ബെക്കാം, ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ കൂടെ ഫുട്ബോൾ കളിക്കുന്ന നിമിഷമാണ് അത്. കുട്ടികളുടെ അന്താരാഷ്ട്ര സംഘടനയായ യൂണിസെഫ് ബ്രാൻഡ് അംബാസഡർ ആയാണ് ബെക്കാം ഇന്നത്തെ മത്സരത്തിൽ അതിഥിയായി എത്തിയത്.
യൂനിസെഫിൻ്റെ തന്നെ മറ്റൊരു ബ്രാൻഡ് അംബാസഡർ ആയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമൊത്ത് ഗ്രൗണ്ടിലേക്ക് ലോകകപ്പ് ട്രോഫി പ്രദർശിപ്പിക്കാൻ അദ്ദേഹം ഇറങ്ങിയപ്പോൾ ആയിരുന്നു സംഭവം. കുറച്ച് അപ്പുറത്ത് മാറി പരിശീലനം നടത്തിയിരുന്ന വിരാട് കോഹ്‌ലി, പതിയെ ഒരു ഫുട്ബോൾ ബെക്കാമിൻ്റെ അടുത്തേക്ക് ഉരുട്ടിവിടുന്നു. അത് സ്വീകരിച്ച് ബെക്കാം തിരിച്ച് അടിച്ചുകൊടുക്കുന്നുണ്ട്. വീണ്ടും ഒരു വട്ടം കൂടി ഇത് തുടർന്നു. പിന്നീട് കോഹ്‌ലി പരിശീലനസംഘത്തോടൊപ്പം ചേർന്നു.
വീഡിയോ..