ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ 192 റൺസിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്. ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് എന്ന നിലയിലാണ്. റാഞ്ചിയിലെ ട്രിക്കി പിച്ചിൽ നാലാം ദിവസം 152 റൺസാണ് ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത്.
മത്സരത്തിൽ 46 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 145 റൺസിന് ഇന്ത്യ ഓൾ ഔട്ട് ആക്കുകയായിരുന്നു. രവിചന്ദ്രൻ അശ്വിന്റെ റെക്കോർഡ് അഞ്ച് വിക്കറ്റ് നേട്ടവും കുൽദീപ് യാദവിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇംഗ്ലണ്ട് ലീഡ് 191 റൺസിൽ ഒതുക്കാൻ ഇന്ത്യയെ സഹായിച്ചത്. ടെസ്റ്റിൽ തന്റെ 35ആം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിൻ, ഏറ്റവുമധികം അഞ്ച് വിക്കറ്റുകൾ നേടിയിട്ടുള്ള ഇന്ത്യൻ താരമെന്ന റെക്കോർഡും അശ്വിൻ തന്റെ പേരിൽ ചേർത്തു. അനിൽ കുംബ്ലെയുടെ റെക്കോർഡ് ആണ് അശ്വിൻ തകർത്തത്. ഈ റെക്കോർഡ് നേട്ടത്തിലെത്താൻ അശ്വിനെ സഹായിച്ചത് വിക്കറ്റ് കീപ്പർ ധ്രുവ് ജൂറലിന്റെ ഒരു തകർപ്പൻ വൺ ഹാൻഡഡ് ക്യാച്ച് ആയിരുന്നു. അശ്വിന്റെ പന്തിൽ ജെയിംസ് ആൻഡേഴ്സൺ കളിച്ച റിവേഴ്‌സ് സ്വീപ്പ് ജൂറൽ തന്റെ മികച്ച റിഫ്ലെക്സിലൂടെ കൈയിലൊതുക്കുകയായിരുന്നു.
വീഡിയോ കാണാം.