റോഡ് സേഫ്റ്റി വേൾഡ് സീരിസിന്റെ സെമിഫൈനലിൽ ഓസ്ട്രേലിയൻ ലജൻഡ്സ് ടീമിനെ നേരിടുന്ന ഇന്ത്യ ലജൻഡ്സ് ടീമിന്റെ മിന്നുംതാരമായ സുരേഷ് റെയ്നയുടെ വക പറക്കും ക്യാച്ച്. മത്സരം മഴ മൂലം ഇപ്പോൾ തടസ്സപ്പെട്ടിരിക്കുകയാണ്. റയ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സച്ചിൻ തെണ്ടുൽക്കർ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓസ്ട്രേലിയൻ ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്ത് ഷൈൻ വാട്സണും അലക്സ് ഡൂലനും ചേർന്ന സഖ്യം. 30 റൺസ് എടുത്ത വാട്സണെ രാഹുൽ ശർമയും 35 റൺസ് എടുത്ത അലക്‌സിനെ യൂസഫ് പഠാനും പുറത്താക്കി.
മൂന്നാമതായി ഇറങ്ങിയ ബെൻ ഡങ്ക് പിന്നീട് വെടിക്കെട്ട് ബാറ്റിംഗ് ആണ് കാഴ്ചവച്ചത്. ഇന്ത്യൻ ലജൻഡ്സ് ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച് സമ്മർദ്ദത്തിലാക്കിയ ശേഷമാണ് അദ്ദേഹം മികച്ച ഒരു ഫീൽഡിംഗ് പ്രകടനത്തിലൂടെ പുറത്തായത്. 26 പന്തിൽ നിന്നും 5 ഫോറും 2 സിക്സും അടക്കം 46 റൺസ് നേടി അർദ്ധസെഞ്ചുറി നേട്ടത്തിന് തൊട്ടരികിൽ വച്ചാണ് ഔട്ട് ആയത്.
അഭിമന്യു മിഥുൻ എറിഞ്ഞ പതിനാറാം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു സുരേഷ് റെയ്നയുടെ മികച്ച ക്യാച്ചിലൂടെ അദ്ദേഹം പുറത്തായത്. ഓഫ് സ്റ്റമ്പിന് വെളിയിൽ കൂടെ വന്ന പന്ത് കട്ട് ഷോട്ട് കളിച്ച് ബൗണ്ടറി നേടാൻ ആയിരുന്നു ശ്രമം. എന്നാൽ പോയിന്റിൽ നിൽക്കുന്നത് ഇന്ത്യയുടെ വിശ്വസ്തനായ ഫീൽഡർ ആണെന്ന് അദ്ദേഹത്തിന് ഇപ്പോൾ മനസ്സിലായി കാണും.
തന്റെ ഇടതു വശത്ത് കൂടി പാഞ്ഞു പോകേണ്ട പന്ത് ഞൊടിയിടയിൽ വായുവിൽ ഉയർന്ന് കൈപ്പിടിയിൽ ഒതുക്കാൻ റൈനക്ക് കഴിഞ്ഞു. ഇതോടെ വൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന അവരുടെ ബാറ്റിങ്ങിന് തടയിടാൻ ഇന്ത്യക്ക് സാധിച്ചു. ക്യാച്ച് എടുത്ത ശേഷം സച്ചിൻ അടക്കമുള്ള ടീമിലെ സഹതാരങ്ങൾ ഓടിയെത്തി റയ്‌നയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.
ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർ എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന താരമായ അദ്ദേഹം സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷവും തന്റെ മികച്ച പ്രകടനം കൊണ്ട് ആരാധകരെ ആവേശം കൊള്ളിക്കുന്ന കാഴ്ചയാണ് ഈ റോഡ് സേഫ്റ്റി സീരീസിൽ ഉടനീളം കാണാൻ കഴിഞ്ഞത്. മഴ മൂലം കളി തടസ്സപ്പെടുമ്പോൾ 17 ഓവറിൽ 136/5 എന്ന നിലയിൽ ആണ് ഓസ്ട്രേലിയ.