ഓസ്ട്രേലിയയിലെക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഗ്രൗണ്ടിൽ വാക് തർക്കത്തിൽ ഏർപ്പെട്ട ഇന്ത്യൻ താരം മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ട്രവിസ് ഹെഡിനും എതിരെ നടപടിയെടുത്തു ഐസിസി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിൽ ആയിരുന്നു വിവാദമായ സംഭവം. സെഞ്ച്വറി നേടിയ ഹെഡിനെ സിറാജ് ക്ലീൻ ബൗൾഡ് ചെയ്തു. “വെൽ ബോൾഡ്” എന്ന് സിറാജിനോട് ഹെഡ് പറഞ്ഞു. എന്നാൽ ഹെഡ് പറഞ്ഞത് വ്യക്തമായി കേൾക്കാത്ത സിറാജ് ഹെഡിനോട് തർക്കിക്കുകയും ഗ്രൗണ്ട് വിടാൻ ആംഗ്യം കാണിക്കുകയും ചെയ്തു. തുടർന്ന് ഹെഡും തിരിച്ച് എന്തോ പറഞ്ഞു. സംഗതി വഷളാകുന്നത് കണ്ട് അമ്പയർമാരും മറ്റും ഇടപെട്ട് രംഗം ശാന്തമാക്കി. സിറാജിന്റെ ഈ പെരുമാറ്റം കണ്ട ഓസ്ട്രേലിയൻ ആരാധകർ അദ്ദേഹത്തെ കൂവുന്നത് കാണാമായിരുന്നു. ചില ക്രിക്കറ്റ് വിദഗ്ധരും സിറാജിന്റെ ഈ പെരുമാറ്റം മോശമായിപ്പോയി എന്ന രീതിയിൽ പ്രതികരിച്ചു.
ഒടുവിൽ ഇപ്പോൾ ഇതാ ഗ്രൗണ്ടിൽ സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ഇരു താരങ്ങൾക്കും എതിരെ ഐസിസി ശിക്ഷ നടപടി സ്വീകരിച്ചിരിക്കുന്നു. മുഹമ്മദ് സിറാജിന് മാച്ച് ഫിയുടെ 20% പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു. ഹെഡിനും ഒരു ഡിമെറിറ്റ് പോയിൻറ് വിധിച്ചു. നേരത്തെ ഓസ്ട്രേലിയയുടെ ലാബ്ഷെയ്ന് എതിരെയും സിറാജ് ഇതുപോലെ പ്രതികരിച്ചിരുന്നു. മത്സരത്തിലെ കനത്ത തോൽവിക്ക് പുറമേ ഐസിസിയുടെ ഈ നടപടിയും ഇന്ത്യക്ക് ക്ഷീണമായി. മത്സരത്തിൽ 10 വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തകർത്തത്. ഈ തോൽവി ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകളെയും കാര്യമായി ബാധിച്ചു