വിക്കറ്റിന് പിറകിൽ നിന്ന് ആവശ്യത്തിനും അനാവശ്യത്തിനും അപ്പീൽ ചെയ്യുന്ന കൂട്ടത്തിലാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. പന്തിന്റെ വാക്ക് കേട്ട് പലപ്പോഴും രോഹിത് റിവ്യു നഷ്ട്ടമാക്കിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം മത്സരത്തിനിടെ റിഷഭ് പന്തിന്റെ റിവ്യു നൽകാനുള്ള ആവശ്യം ഗൗനിക്കാതെ രോഹിത് മുന്നോട്ട് പോയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
അഞ്ചാം ഓവറിൽ റൂസ്സോയ്ക്കെതിരെ എറിഞ്ഞ ഉമേഷ് യാദവിന്റെ ലെഗ് സൈഡ് ഡെലിവറിയിലാണ് ഈ സംഭവം. കാലിൽ കൊണ്ട് പോയ പന്തിൽ മറ്റ് താരങ്ങൾ അപ്പീൽ ചെയ്യാതെ നിന്നപ്പോഴാണ് റിഷഭ് പന്ത് മുന്നോട്ട് വന്നത്. മറ്റ് താരങ്ങളുടെ പ്രതികരണം നോക്കിയ രോഹിത് റിഷഭ് പന്തിനെ ഗൗനിക്കാതെ നിന്നു.
പിന്നാലെ തുടയിൽ കൊണ്ടതാണെന്ന് കാണിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും കൂട്ടാക്കാതെ റിഷഭ് പന്ത് തന്റെ അഭിപ്രായത്തിൽ ഉറച്ചു നിന്നു. പന്തെറിഞ്ഞ ഉമേഷ് യാദവും കാലിൽ കൊണ്ടതാണെന്ന് സ്ഥിരീകരിച്ചു. ഒടുവിൽ ആരും വകവെക്കാതെ ആയതോടെ റിഷഭ് പന്ത് പിന്തിരിഞ്ഞു.
മത്സരത്തിൽ ഇന്ത്യ 49 റൺസിന് പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 228 ലക്ഷ്യത്തിന് മറുപടിയായി ഇന്ത്യയ്ക്ക് 178 റൺസ് മാത്രമാണ് നേടാനായത്. കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് പവർ പ്ലേയിൽ തന്നെ 3 വിക്കറ്റ് നഷ്ട്ടമായത് വൻ തിരിച്ചടിയായി. 21 പന്തിൽ 46 റൺസ് നേടിയ കാർത്തിക്കാണ് ടോപ്പ് സ്‌കോറർ. 17 പന്തിൽ 31 റൺസ് നേടിയ ചാഹർ ഇന്ത്യയെ വലിയ തോൽവിയിൽ നിന്നും കരകയറ്റി.
ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്ക് റോസോ (100*) നേടിയ തകർപ്പൻ സെഞ്ച്വറിയുടെ പിൻ ബലത്തിൽ 227/3 എന്ന കൂറ്റൻ സ്കോർ നേടുകയായിരുന്നു. 68 റൺസ് നേടി ഡികോകും മികച്ച് നിന്നു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ മൽസരത്തിനിറങ്ങിയത്, വിരാട് കോഹ്ലി, കെ.എൽ രാഹുൽ, അർഷ്ദീപ് സിംഗ് എന്നിവർ ഇന്ന് കളിക്കുന്നില്ല പകരം ശ്രേയസ് അയ്യർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചു, സൗത്ത് ആഫ്രിക്കൻ നിരയിൽ നോർക്കിയക്ക് പകരം പ്രിട്ടോറിയസ് ഇടം നേടി.