ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയുമായ മത്സരത്തിൽ ഇന്ത്യ 49 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയത്, പരമ്പര 2-1 ന് അവസാനിപ്പിച്ചു. ഇൻഡോറിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ്മ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ ബൗളർ അടി വാങ്ങിച്ചു കൂട്ടിയപ്പോൾ 227 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്.
ടി20 ലോകകപ്പ് ഏതാനും ആഴ്ചകൾ അപ്പുറം നിൽക്കെ ഇന്ത്യൻ ബൗളർമാരുടെ ഈ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണ്.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 18.3 ഓവറിൽ 178 റൺസിന് പുറത്തായി. മുൻനിര ബാറ്റർമാരായ വിരാട് കോഹ്‌ലിക്കും കെ എൽ രാഹുലിനും വിശ്രമം അനുവദിച്ചപ്പോൾ അവരുടെ അഭാവത്തിൽ റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർ യഥാക്രമം ഓപ്പണറിലും മൂന്നാം സ്ഥാനത്തും ബാറ്റ് ചെയ്തത്, ഇരുവർക്കും വലിയ സ്‌കോർ നേടുന്നതിൽ പരാജയപ്പെട്ടു.
കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി അവിശ്വസനീയമായ ഫോമിലുള്ള സൂര്യകുമാർ യാദവ് ഇത്തവണ നിരാശപ്പെടുത്തി. 6 പന്തിൽ 8 റൺസെടുത്ത് ക്യാച്ചിലൂടെ പുറത്തായി. കഴിഞ്ഞ മത്സരത്തിൽ 22 പന്തിൽ 61 റൺസ് നേടി ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചിരുന്നു.
മത്സരത്തിന് ശേഷമുള്ള പ്രെസെന്റഷനിൽ, ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് വിശദമായി സംസാരിച്ച രോഹിത് ശർമ്മ ഇടയ്ക്ക് തമാശ രൂപേണ സൂര്യകുമാർ യാദവിന്റെ ഫോം ആകുലതകപ്പെടുത്തുന്നുവെന്ന് പറയുകയുണ്ടായി. ഗൗരവത്തിൽ തുടരാൻ ശ്രമിച്ചെങ്കിലും സ്വന്തം തമാശയിൽ രോഹിതിന് അധിക നേരം പിടിച്ചിരിക്കാനായില്ല, ഒടുവിൽ പൊട്ടിചിരിക്കുകയായിരുന്നു. അവതാരകനായി ഉണ്ടായിരുന്ന മുരളി കാർത്തിക്കും രോഹിതിനൊപ്പം ചിരി പങ്കിടുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്ക് റോസോ (100*) നേടിയ തകർപ്പൻ സെഞ്ച്വറിയുടെ പിൻ ബലത്തിൽ 227/3 എന്ന കൂറ്റൻ സ്കോർ നേടുകയായിരുന്നു. 68 റൺസ് നേടി ഡികോകും മികച്ച് നിന്നു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ മൽസരത്തിനിറങ്ങിയത്, വിരാട് കോഹ്ലി, കെ.എൽ രാഹുൽ, അർഷ്ദീപ് സിംഗ് എന്നിവർ ഇന്ന് കളിക്കുന്നില്ല പകരം ശ്രേയസ് അയ്യർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചു, സൗത്ത് ആഫ്രിക്കൻ നിരയിൽ നോർക്കിയക്ക് പകരം പ്രിട്ടോറിയസ് ഇടം നേടി.