ദക്ഷിണാഫ്രിക്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് 49 റൺസിന്റെ തോൽവി. നേരത്തെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചതിനാൽ പരമ്പര ഇന്ത്യക്ക് തന്നെ സ്വന്തമായി. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിൽ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കെ എൽ രാഹുൽ, വിരാട് കോഹ്‌ലി എന്നിവർക്ക് ജോലിഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വിശ്രമം നൽകിയപ്പോൾ പുറംവേദന മൂലം പേസർ അർഷദീപ് സിംഗിനും കളിക്കാനായില്ല. ഇവർക്ക് പകരമായി ശ്രേയസ് അയ്യർ, പേസർമാരായ ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരും ടീമിൽ ഇടംനേടി. ദക്ഷിണാഫ്രിക്കയാകട്ടെ പേസർ നോർക്യക്ക് പകരം ഡ്വെയ്ൻ പ്രിട്ടോറിയസിനെ ഉൾപ്പെടുത്തി.
മൂന്ന് റൺസ് എടുത്ത നായകൻ ഭവുമയെ ഉമേഷ് യാദവ് തന്റെ ആദ്യ പന്തിൽ തന്നെ രോഹിതിന്റെ കൈകളിൽ എത്തിച്ചപ്പോൾ ഇന്ത്യ അല്പം സന്തോഷിച്ച് നിന്നെങ്കിലും രണ്ടാം വിക്കറ്റിൽ മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിച്ചു ഡീ കോക്കും റൂസോയും ചേർന്ന സഖ്യം ഇന്ത്യൻ പ്രതീക്ഷകൾ തല്ലിക്കെടുത്തി. 68 റൺസ് എടുത്ത ഡീ കോക്ക് പതിമൂന്നാം ഓവറിൽ റൺഔട്ട് ആയി. എങ്കിലും വാലറ്റക്കാരെ കൂട്ടുപിടിച്ച് റൂസ്സോ തന്റെ കന്നി രാജ്യാന്തര ട്വന്റി ട്വന്റി സെഞ്ചുറി നേട്ടം പൂർത്തിയാക്കി. അവസാന ഓവറുകളിൽ സ്റ്റബ്സ്, മില്ലർ എന്നിവരുടെ വെടിക്കെട്ട് കൂടി ആയതോടെ ഇരുപത് ഓവറിൽ 227/3 എന്ന കൂറ്റൻ സ്കോർ അവർ കണ്ടെത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ച് നായകൻ രോഹിത് ശർമ റബദയുടെ ആദ്യ ഓവറിൽ തന്നെ പൂജ്യത്തിന് ക്ലീൻ ബോൾഡായി. പിന്നീട് വന്ന ശ്രേയസ് അയ്യർ 1 റൺ എടുത്ത് പർണലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. എങ്കിലും ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച ഋഷഭ് പന്തും നാലാമനായി സ്ഥാനക്കയറ്റം ലഭിച്ച ദിനേശ് കാർത്തികും ചേർന്ന് മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിച്ചത് ഇന്ത്യക്ക് അല്പം ആശ്വാസമായി. പന്ത് 27 റൺസും കാർത്തിക് 46 റൺസും എടുത്തു പുറത്തായി.
സൂര്യകുമാർ യാദവ്, അക്‌സർ പട്ടേൽ, അശ്വിൻ എന്നിവർ അതിവേഗം പുറത്തായപ്പോൾ ഇന്ത്യ നാണക്കെടിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ വാലറ്റം നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയുടെ പരാജയഭാരം കുറച്ചത്. ഹർഷൽ പട്ടേൽ, ഉമേഷ് യാദവ്, ദീപക് ചഹാർ എന്നിവർ വിലപ്പെട്ട സംഭാവനകൾ നൽകിയതുകൊണ്ടാണ് ഇന്ത്യൻ ടോട്ടൽ 178 എന്ന മാന്യമായ രീതിയിൽ എത്തിയത്.
ഇന്ത്യ പരാജയം ഉറപ്പിച്ച ഘട്ടത്തിൽ പതിനൊന്നാമനായി ഇറങ്ങിയ മുഹമ്മദ് സിറാജ് വ്യതസ്തമായ ഒരു ഷോട്ട് കളിച്ച് കാണികളുടെ കയ്യടി നേടാൻ ശ്രമിച്ചു. ഡ്വൈൻ പ്രിട്ടോറിയസ് എറിഞ്ഞ പത്തൊമ്പതാം ഓവറിന്റെ മൂന്നാം പന്തിൽ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ഉമേഷ് യാദവിനെ സാക്ഷിയാക്കി ഒരു ഹെലികോപ്റ്റർ ഷോട്ടിലൂടെ സിക്സ് അടിക്കാൻ ശ്രമിച്ച സിറാജ് പക്ഷേ ബൗണ്ടറി ലൈനിൽ മില്ലറിന്റെ ക്യാച്ചിൽ പുറത്താവുകയായിരുന്നു. അതോടെ ഇന്ത്യൻ ഇന്നിംഗ്സിനും അവസാനമായി.