ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കൈൽ മയേഴ്‌സിന്റെ 105 മീറ്റർ പടുകൂറ്റൻ സിക്സ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഓസ്ട്രേലിയ വെസ്റ്റിൻഡീസ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് ടീമിന് വേണ്ടിയായിരുന്നു മയേഴ്സിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനം. ഓപ്പണർ ആയി ഇറങ്ങിയ അദ്ദേഹം 36 പന്തിൽ അഞ്ച് ഫോറും ഒരു സിക്സുമടക്കം 39 റൺസെടുത്ത് പാറ്റ് കമിൻസിന്റെ പന്തിൽ പുറത്തായി.
കരീബിയൻ ലീഗിൽ ബർബഡോസ് റോയൽസ് ടീമിന്റെ താരമായ അദ്ദേഹം ഇന്ന് കാമറൂൺ ഗ്രീൻ എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തിൽ കളിച്ച ഷോട്ട് ക്രിക്കറ്റിൽ അത്യപൂർവമായി മാത്രം കാണാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു. ഇടംകൈയ്യൻ ബാറ്ററായ അദ്ദേഹം ബാക്ഫൂട്ടിൽ നിന്ന് സ്വീപ്പർ കവറിനു മുകളിലൂടെ ഒരു ചെറിയ പഞ്ച് ഷോട്ട് കളിച്ച പോലെയാണ് തോന്നുക. എന്നാലോ പന്ത് ചെന്ന് വീണത് ഗാലറിയുടെ രണ്ടാം ടയറിൽ. കമന്റേറ്റർമാർ എല്ലാവരും അമ്പരന്നുപോയി, പന്ത് വന്ന് വീണത് പിച്ചിൽ നിന്നും 105 മീറ്റർ ദൂരത്താണ്! ഈ സിക്‌സിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കുള്ളിൽ സജീവമാകുന്നു.
വീഡിയോ :
ഒടുവിൽ വെസ്റ്റിൻഡീസ് ഇന്നിങ്സ് നിശ്ചിത ഇരുപത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 145 റൺസിൽ അവസാനിച്ചു. 39 റൺസ് എടുത്ത കൈൽ മയേഴ്സ് കഴിഞ്ഞാൽ പിന്നെ 27 റൺസ് എടുത്ത ഒഡീൻ സ്മിത്ത് ആണ് വെസ്റ്റിൻഡീസ് ടീമിന്റെ ടോപ് സ്കോറർ. മറ്റ് താരങ്ങൾക്കൊന്നും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. ഓസ്ട്രേലിയൻ ടീമിനായി ജോഷ് ഹസേൽവുഡ് മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കാമറൂൺ ഗ്രീൻ ശേഷിച്ച ഒരു വിക്കറ്റ് സ്വന്തമാക്കി. ഓപ്പണർ ഡേവിഡ് വാർണർ ഓസ്ട്രേലിയൻ ടീമിൽ മടങ്ങിയെത്തിയതോടെ ഇന്നത്തെ മത്സരത്തിൽ സ്റ്റീവൻ സ്മിത്ത് ടീമിൽ നിന്നും പുറത്തായി.