ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങൾക്ക് മുൻപുള്ള ഇന്ത്യയുടെ പരിശീലന സെഷൻ പെർത്തിലെ വെസ്റ്റേൺ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ(WACA) സ്റ്റേഡിയത്തിൽവെച്ച് പുരോഗമിക്കുകയാണ്. അവിടത്തെ പ്രാദേശിക ടീമായ വെസ്റ്റേൺ ഓസ്ട്രേലിയ ഇലവനുമായി രണ്ട് പ്രാക്ടീസ് മാച്ച് ഇന്ത്യൻ ടീം കളിക്കുന്നുണ്ട്. അതിലെ ആദ്യ ട്വന്റി ട്വന്റി മത്സരം തിങ്കളാഴ്ച നടന്നു.
തിങ്കളാഴ്ച നടന്ന മത്സരത്തിന്റെ തൽസമയ സംപ്രേഷണം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ആരാധകർ നിരാശരായിരുന്നു. എങ്കിലും മത്സരത്തിന്റെ സുപ്രധാന നിമിഷങ്ങൾ കോർത്തിണക്കിയ ഒരു ഹൈലൈറ്റ്‌സ് വീഡിയോ ബിസിസിഐ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഒരു ചെറിയ വീഡിയോ.
അതിൽ മത്സരത്തിൽ വിശ്രമം നൽകിയിരുന്ന ഇന്ത്യൻ ടീമിന്റെ സൂപ്പർ താരവും മുൻ നായകനുമായ വിരാട് കോഹ്‌ലി ടുവെൽവ്‌ത് മാൻ ആയി വരികയും ഗ്രൗണ്ടിൽ ഉള്ള താരങ്ങൾക്ക് വെള്ളം കൊണ്ട് കൊടുക്കുന്നതും കാണാൻ കഴിയും. സൂപ്പർ താരപരിവേഷം ഉണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ഗ്രൗണ്ട് ഡ്യൂട്ടി ചെയ്യുന്ന കോഹ്‌ലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലായി. കോഹ്‌ലി അടക്കമുള്ള ഇന്ത്യൻ താരങ്ങൾ കാണികളുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യുന്നതും ഓട്ടോഗ്രാഫ് നൽകുന്നതും വീഡിയോയിൽ കാണാം.
ടീം ഇന്ത്യ 13 റൺസിന് മത്സരത്തിൽ വിജയിക്കുകയുണ്ടായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ഇലവൻ നിശ്ചിത ഇരുപത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുത്തു. അർദ്ധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് മികച്ചുനിന്നു. പാണ്ഡ്യ 27 റൺസും ദീപക് ഹൂഡ 22 റൺസും എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റേൺ ഓസ്ട്രേലിയൻ ഇലവന്റെ ഇന്നിങ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസിൽ അവസാനിച്ചു.
ഇന്ത്യക്കായി ഇടംകൈയ്യൻ പേസർ അർഷദീപ് സിംഗ് മൂന്ന് ഓവറിൽ ഒരു മയ്ഡൻ അടക്കം വെറും 6 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ വീഴ്ത്തി. രണ്ട് വിക്കറ്റ് വീതം നേടി ഭുവനേശ്വർ കുമാറും സ്പിന്നർ ചഹലും മികച്ച പിന്തുണ നൽകി. മത്സരത്തിൽ കോഹ്‌ലിയെക്കൂടാതെ, ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ എന്നിവരും കളത്തിൽ ഇറങ്ങിയിരുന്നില്ല.
ഇന്ന് നടക്കുന്ന രണ്ടാമത്തെ പരിശീലന മത്സരത്തിൽ കോഹ്‌ലിയും അശ്വിനും രാഹുലുമൊക്കെ ടീമിൽ എത്തിയേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നത്തെ മത്സരശേഷം ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് രണ്ട് സന്നാഹമത്സരങ്ങൾ ഇന്ത്യ കളിക്കുന്നുണ്ട്. ഒക്ടോബർ 17ന് ഓസ്ട്രേലിയയുമായും 19ന് ന്യൂസിലണ്ടുമായും. ഒക്ടോബർ 23ന് പാകിസ്ഥാന് എതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.
എങ്ങനെയാണ് കോഹ്‌ലിക്ക് ഇത്രയധികം ഹേറ്റെഴ്സ് ഉണ്ടാവുന്നത്; ഗ്രൗണ്ടിൽ കോഹ്‌ലി ചെയ്ത പ്രവർത്തി കണ്ടോ.. വീഡിയോ.