ടി20 ലോകക്കപ്പിന് മുന്നോടിയായുള്ള
പരിശീലന മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 187 റൺസ്. ഫിഫ്റ്റി നേടിയ ഓപ്പണർ രാഹുലിന്റെയും (33 പന്തിൽ 57), സൂര്യകുമാർ യാദവിന്റെയും (33 പന്തിൽ 50) ഇന്നിംഗ്‌സാണ് ഗാബയിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ രാഹുലും രോഹിതുമാണ് എത്തിയത്. രോഹിത് ഒരറ്റത്ത് 1 റൺസുമായി നിൽക്കെ തന്നെ രാഹുൽ ഫിഫ്റ്റി പൂർത്തിയാക്കിയിരുന്നു. ഇന്ത്യൻ ഇന്നിംഗ്സ് 5.2 ഓവറിൽ നിൽക്കെ 27 പന്തിൽ നിന്നാണ് രാഹുൽ ഫിഫ്റ്റി പൂർത്തിയാക്കിയത്. എട്ടാം ഓവറിലെ മൂന്നാം പന്തിൽ രാഹുൽ മാക്സ്വെല്ലിന്റെ ഡെലിവറിയിൽ പുറത്താവുകയും ചെയ്തു.
തൊട്ടടുത്ത ഓവറിൽ രോഹിതും (14 പന്തിൽ 15) മടങ്ങി. ഇതോടെ ടീം സ്‌കോർ 80/2 എന്ന നിലയിലായി. പിന്നാലെ ഇന്ത്യൻ സ്‌കോർ 122ൽ എത്തിയപ്പോൾ 19 റൺസ് നേടിയ കോഹ്ലി സ്റ്റാർകിന്റെ ബൗണ്സറിൽ സിക്സിന് ശ്രമിച്ച് പുറത്തായി. ശേഷം ക്രീസിലെത്തിയ ഹർദിക് പാണ്ഡ്യ നിരാശപ്പെടുത്തി. 5 പന്തിൽ 2 റൺസ് നേടി മടങ്ങി.
ഒരുവശത്ത് സൂര്യകുമാർ യാദവ് പുറത്താകാതെ ആക്രമിച്ച് കളിച്ചത് ഇന്ത്യൻ സ്‌കോർ 150 കടത്തി. അവസാനത്തിൽ കർത്തിക്കിനെയും കൂട്ടുപിടിച്ച് 180ൽ എത്തിക്കുകയായിരുന്നു. കാർത്തിക് 14 പന്തിൽ 20 റൺസ് നേടി മടങ്ങി. ഫിഫ്റ്റി നേടിയതിന് പിന്നാലെ റിച്ചാർഡ്സന്റെ ഫുൾ ടോസ് ഫെലിവറിയിൽ ഫ്ലിക്ക് ചെയ്ത് ബൗണ്ടറി നേടാൻ ശ്രമിക്കുന്നതിനിടെ സൂര്യകുമാർ യാദവും പുറത്തായി. ഷോട്ട് ടൈമിംഗ് പാളിയതോടെ ബാറ്റിന്റെ അറ്റത്ത് കൊണ്ട് ബൗളർ റിച്ചാർഡ്സന്റെ കൈകളിലെത്തി.