പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് 6 റൺസിന്റെ ആവേശജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 187 വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 180 റൺസ് മാത്രമാണ് നേടാനായത്. അവസാന 2 ഓവറിൽ ജയിക്കാൻ 16 റൺസ് വേണമെന്ന ഘട്ടത്തിൽ നിന്നാണ് ഇന്ത്യ 6 റൺസിന്റെ ജയം നേടിയത്. 18 ഓവർ അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയ 171/4 എന്ന നിലയിലായിരുന്നു. 19ആം ഓവർ എറിഞ്ഞ ഹർഷൽ പട്ടേൽ ആദ്യ 2 പന്തിൽ ഫിഞ്ചിനെയും ടിം ഡേവിഡിനെ പുറത്താക്കി ഇന്ത്യയ്ക്ക് മുന്നേറ്റം നൽകി.
കൊഹ്‌ലിയുടെ കിടിലൻ ത്രോയിൽ ടിം ഡേവിഡ് റൺഔട്ട് ആവുകയായിരുന്നു.
നോൺ സ്‌ട്രൈക് എൻഡിലേക്ക് സിംഗിലിനായി ഓടുകയായിരുന്ന ടിം ഡേവിഡിനെ ഡയറക്ട് ത്രോയിലാണ് കോഹ്ലി വീഴ്ത്തിയത്.
ആ ഓവറിൽ ഹർഷൽ പട്ടേൽ 5 റൺസ് മാത്രമാണ് നൽകിയത്. പിന്നാലെ അവസാന ഓവർ എറിഞ്ഞ ഷമി ഏവരെയും ഞെട്ടിച്ച് തുടർച്ചയായി വിക്കറ്റ് വീഴ്ത്തിഓസ്‌ട്രേലിയയെ ഓൾ ഔട്ടാക്കി. 19ആം ഓവറിലെ മൂന്നാം പന്തിലാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. കമ്മിൻസിനെ വിരാട് കോഹ്ലിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
പിന്നാലെ ക്രീസിൽ എത്തിയ അഗറിനെ റൺഔട്ടിൽ കുടുക്കി. അവസാന 2 പേരെയും ബൗൾഡ് ആക്കി മടക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഷമി 3 വിക്കറ്റും, ഭുവനേശ്വർ കുമാർ 2 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഫിഞ്ച് 54 പന്തിൽ 76 റൺസ് നേടി. 18 പന്തിൽ 35 റൺസ് നേടിയ മിച്ചൽ മാർഷും ഓപ്പണിങ്ങിൽ മികച്ച് നിന്നു.
ഫിഫ്റ്റി നേടിയ ഓപ്പണർ രാഹുലിന്റെയും (33 പന്തിൽ 57), സൂര്യകുമാർ യാദവിന്റെയും (33 പന്തിൽ 50) ഇന്നിംഗ്‌സാണ് ഗാബയിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ രാഹുലും രോഹിതുമാണ് എത്തിയത്. രോഹിത് ഒരറ്റത്ത് 1 റൺസുമായി നിൽക്കെ തന്നെ രാഹുൽ ഫിഫ്റ്റി പൂർത്തിയാക്കിയിരുന്നു.
ഇന്ത്യൻ ഇന്നിംഗ്സ് 5.2 ഓവറിൽ നിൽക്കെ 27 പന്തിൽ നിന്നാണ് രാഹുൽ ഫിഫ്റ്റി പൂർത്തിയാക്കിയത്. എട്ടാം ഓവറിലെ മൂന്നാം പന്തിൽ രാഹുൽ മാക്സ്വെല്ലിന്റെ ഡെലിവറിയിൽ പുറത്താവുകയും ചെയ്തു. രോഹിത് (15), കോഹ്ലി (19), കാർത്തിക് (20), ഹർദിക് (2) എന്നിങ്ങനെയാൻ മറ്റുള്ളവരുടെ സ്‌കോർ.