ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അവർ നിശ്ചിത ഇരുപത് ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി. ഇത് ട്വന്റി ട്വന്റി ലോകകപ്പിലെ അവരുടെ എക്കാലത്തെയും മികച്ച ടീം ടോട്ടൽ ആണ്. 2009 ലോകകപ്പിൽ അയർലൻഡിന് എതിരെ നേടിയ 198/5 ആയിരുന്നു ഇതുവരെയുള്ള ന്യൂസിലണ്ടിന്റെ ഉയർന്ന ടോട്ടൽ.
ഓപ്പണർമാരായ ഫിൻ അലന്റെയും ഡെവൺ കോൺവെയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് അവർക്ക് മികച്ച സ്കോർ കണ്ടെത്താൻ സഹായിച്ചത്. തുടക്കം മുതലേ ആക്രമിച്ച് കളിച്ച അലൻ ഓസീസ് ബോളർമാരെ ഞെട്ടിച്ചു. 16 പന്തിൽ നിന്നും 5 ഫോറും 3 സിക്സും പറത്തി 42 റൺസ് എടുത്ത അദ്ദേഹം അവർക്ക് മികച്ച തുടക്കം നൽകി. പിന്നീട് വന്ന നായകൻ കൈൻ വില്യംസൻ മെല്ലെപ്പോക്ക് ആയിരുന്നുവെങ്കിലും കോൺവെ അടിച്ചുകളിച്ചു.
23 പന്തിൽ 23 റൺസ് എടുത്ത് വില്യംസൺ പുറത്തായി. 13 പന്തിൽ 2 സിക്സ് അടക്കം 26 റൺസ് എടുത്ത ജിമ്മി നിഷം മികച്ച ഫിനിഷ് സമ്മാനിച്ചു. കോൺവെ 58 പന്തിൽ നിന്നും 7 ഫോറും 2 സിക്‌സും അടക്കം 92 റൺസ് നേടി പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്ക് വേണ്ടി ജോഷ് ഹസേൽവുഡ് 2 വിക്കറ്റും ആദം സാംബ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിലേതന്നെ സീനിയർ താരങ്ങളും ഓപ്പണർമാരുമായ ഡേവിഡ് വാർണറിന്റെയും നായകൻ ആരോൺ ഫിഞ്ചിന്റെയും വിക്കറ്റ് നഷ്ടമായി. ഒരു ദൗർഭാഗ്യകരമായ രീതിയിൽ ആയിരുന്നു വാർണറിന്റെ പുറത്താകൽ. ടിം സൗത്തി എറിഞ്ഞ രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ ആയിരുന്നു വിക്കറ്റ്. പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ബാറ്റിൽ തട്ടി എഡ്ജ് ചെയ്ത പന്ത് പാഡിൽ മുട്ടിയുരുമ്മി മുകളിലേക്ക് ഉയർന്നതും ഫോളോ ത്രൂവിൽ പുറകിലേക്ക് വന്ന ബാറ്റിൽ വീണ്ടും തട്ടി വിക്കറ്റിൽ കൊള്ളുകയുമായിരുന്നു.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. താരനിബിഡമായ ഓസീസ് നിരയിൽ സ്റ്റീവൻ സ്മിത്തിനു പോലും പ്ളയിങ് ഇലവനിൽ ഇടംനേടാൻ കഴിഞ്ഞില്ല. ന്യൂസിലൻഡ് ടീമിലാകട്ടെ സീനിയർ ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിനും ടീമിൽ ഇടംലഭിച്ചില്ല. പകരം യുവതാരം ഫിൻ അലനായിരുന്നു നറുക്കുവീണത്.
2011ന് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ ഒരു മത്സരം പോലും അവർക്കെതിരെ ജയിക്കാൻ കഴിയാത്ത ടീമാണ് ന്യൂസിലൻഡ്. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയൻ ടീം ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടുന്ന ടീമാകാനാണ് ശ്രമിക്കുന്നത്. സ്വന്തം നാട്ടിൽ നടക്കുന്ന മത്സരങ്ങൾ അവർക്ക് അധിക ആനുകൂല്യം കൂടി നൽകുന്നു.