Categories
Cricket

ഇത്രയും കിടിലൻ ക്യാച്ച് ഇവിടെ അടുത്ത് ഒന്നും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല ,തീർച്ച !ഗ്ലെൻ ഫിലിപ്സിൻ്റെ പറക്കും ക്യാച്ച് കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ ആദ്യ മത്സരത്തിൽത്തന്നെ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയൻ ടീമിന് ഞെട്ടിക്കുന്ന തോൽവി. 89 റൺസിനാണ് ന്യൂസിലൻഡ് അവരെ കീഴടക്കിയത്. ന്യൂസിലൻഡ് ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 17.1 ഓവറിൽ വെറും 111 റൺസിന് ഓൾഔട്ടായി. 2011ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയൻ മണ്ണിൽ ന്യൂസിലൻഡ് ഒരു മത്സരം വിജയിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡിന്റെ ഓപ്പണർമാരായ ഫിൻ അലനും ഡെവൺ കോൺവെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. തുടക്കം മുതലേ ആക്രമിച്ച് കളിച്ച അലൻ ഓസീസ് ബോളർമാരെ ഞെട്ടിച്ച് 16 പന്തിൽ നിന്നും 5 ഫോറും 3 സിക്സും പറത്തി 42 റൺസ് എടുത്ത് അവർക്ക് മികച്ച തുടക്കം നൽകി. കോൺവെ 58 പന്തിൽ നിന്നും 7 ഫോറും 2 സിക്‌സും അടക്കം 92 റൺസ് നേടി പുറത്താകാതെ നിന്നു. 13 പന്തിൽ 2 സിക്സ് അടക്കം 26 റൺസ് എടുത്ത ജിമ്മി നിഷം മികച്ച ഫിനിഷ് സമ്മാനിച്ചു ന്യൂസിലൻഡ് നിശ്ചിത ഇരുപത് ഓവറിൽ 3 വിക്കറ്റിന് 200 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി ന്യൂസിലൻഡ് ബോളർമാർ ഓസീസിനെ വരിഞ്ഞുമുറുക്കി. ടിം സൗത്തിയും മിച്ചൽ സന്റ്നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റും നേടി. 28 റൺസ് എടുത്ത മാക്സ് വെല്ലിനും 21 റൺസ് എടുത്ത പാറ്റ് കമിൻസിനും മാത്രമേ ഓസീസ് നിരയിൽ ഇരുപതിന് മുകളിൽ റൺ നേടാൻ സാധിച്ചുള്ളൂ. മത്സരത്തിൽ മാർക്കേസ് സ്റ്റോയിനിസ്നെ പുറത്താക്കാൻ വേണ്ടി ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്സ് ഒരു പറക്കും ക്യാച്ച് എടുത്തിരുന്നു.

ഓസീസ് ബാറ്റിംഗിന്റെ ഒമ്പതാം ഓവറിലെ സ്പിന്നർ മിച്ചേൽ സന്റ്‌നർ എറിഞ്ഞ രണ്ടാം പന്തിൽ ആയിരുന്നു അത്. സ്റ്റോയ്യിനിസ് കവറിനു മുകളിലൂടെ ഉയർത്തിയടിച്ച് ഒരു ഇൻസൈഡ്‌ ഔട്ട് ഷോട്ട് കളിക്കുകയായിരുന്നു. അത് ആളില്ലാത്ത സ്ഥലത്ത് വീഴും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഡീപ് ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഗ്ലെൻ ഫിലിപ്സ് ഒരു ചീറ്റപ്പുലിയെപ്പോലെ തന്റെ വലത്തുഭാഗത്തേക്ക്‌ ആദ്യം അല്പം ദൂരം ഓടുകയും ഇരുകൈകളും വായുവിൽ ഉയർത്തി ഗ്രൗണ്ടിന് സമാന്തരമായി പറന്നുചാടി കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു.

ഈ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പ് ടൂർണമെന്റിന്റെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നായി ഇത് തീർച്ചയായും ഇടംപിടിക്കും. മുൻപും ഇത്തരം പറക്കും ഫീൽഡിംഗ് പ്രകടനങ്ങൾ ഗ്ലെൻ ഫിലിപ്സ് കാഴ്ച വെച്ചിട്ടുണ്ട്‌. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന അദ്ദേഹം കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *