Categories
Cricket Latest News

അടിക്കാൻ മാത്രമല്ല ,പറക്കാനും അറിയാം ജോസേട്ടന് ! ബട്ലറുടെ ഒറ്റകൈ ക്യാച്ച് ; വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ രണ്ടാമത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാന് എതിരെ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റിന്റെ വിജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവർ 18.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. 3.4 ഓവറിൽ വെറും 10 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ സാം കറൻ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാൻ താരങ്ങൾക്ക് ഇംഗ്ലണ്ടിന്റെ കൃത്യതയാർന്ന പന്തുകൾക്ക് മുന്നിൽ താളം കണ്ടെത്താൻ കഴിഞ്ഞില്ല. 32 റൺസ് എടുത്ത ഇബ്രാഹിം സാദ്രാനും 30 റൺസ് എടുത്ത ഉസ്മാൻ ഗനിയും ഒഴികെ മറ്റെല്ലാവരും ബാറ്റിങ്ങിൽ അമ്പേ പരാജയമായിരുന്നു. 19.4 ഓവറിൽ 112 റൺസിന് അവർ എല്ലാവരും പുറത്തായി. ബെൻ സ്റ്റോക്സും മാർക്ക് വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി സാം കറന് മികച്ച കൂട്ടായി.

മത്സരത്തിൽ ഇംഗ്ലണ്ട് നായകനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്ട്‌ലർ ഒരു തകർപ്പൻ ഒറ്റക്കൈ ക്യാച്ച് എടുത്തിരുന്നു. അഫ്ഗാനിസ്ഥാൻ ഇന്നിംഗ്സിൽ മാർക്ക് വുഡ് എറിഞ്ഞ പതിനാറാം ഓവറിന്റെ മൂന്നാം പന്തിൽ നായകൻ മുഹമ്മദ് നബിയെ പുറത്താക്കാൻ ആയിരുന്നു അത്. 146 കിലോമീറ്റർ വേഗത്തിൽ വന്ന ഷോർട്ട് പിച്ച് പന്ത് ശരീരത്തിന് സമീപം വന്നപ്പോൾ മികച്ച ഷോട്ട് ഉതിർക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഗ്ലവിൽ തട്ടിയ പന്ത് വിക്കറ്റിന് പിന്നിലേക്ക് പോയപ്പോൾ ബട്ട്‌ലർ തന്റെ ഇടതുവശത്തേക്ക് പറന്നു ഒറ്റക്കയ്യിൽ പന്ത് പിടിച്ചെടുത്തു. 5 പന്തിൽ 3 റൺസുമായി നബി മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *