ക്രിക്കറ്റ് ലോകം കാത്തിരുന്ന തീപാറും പോരാട്ടത്തിന് മെൽബണിൽ തുടക്കമായിരിക്കുകയാണ്. തിങ്ങനിറഞ്ഞ കാണികൾക്ക് മുന്നിൽ ഇന്ത്യയും പാക്കിസ്ഥാനും ഒരിക്കൽ കൂടി ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ ലോകകപ്പിൽ പാകിസ്താനോട് പത്ത് വിക്കറ്റിന് തോറ്റതിന് മധുരപ്രതികാരം തേടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഈ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പർ 12 ഘട്ടത്തിലെ ഇരു ടീമുകളുടെയും ആദ്യ മത്സരമാണിത്.
മത്സരം ആരംഭിക്കുന്നതിന് മുമ്പുള്ള ഇരു ടീമുകളുടെയും ദേശീയഗാനം ആലപിക്കുന്ന സമയത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമ വികാരാധീനനാകുന്നത് ക്യാമറകൾ ഒപ്പിയെടുത്തിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ജയ ജയ ജയ ജയഹേ എന്ന് പറഞ്ഞു ഗാനം അവസാനിക്കുന്ന സമയത്തായിരുന്നു അത്. കണ്ണുകൾ ഇറുക്കിയടച്ചു അൽപസമയം ആകാശത്തേക്ക് നോക്കിനിന്ന രോഹിത് ഒടുവിൽ തൊപ്പി എടുത്ത് അണിഞ്ഞ് സഹതാരങ്ങൾക്ക് ഹസ്തദാനം നൽകി ഫീൽഡിലേക്ക് ഇറങ്ങാൻ തയ്യാറായി.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, സ്പിന്നർ ചഹൽ, ഓൾറൗണ്ടർ ദീപക് ഹൂഡ, പേസർ ഹർഷൽ പട്ടേൽ എന്നിവരാണ് ടീമിൽ ഇടം നേടാൻ കഴിയാതെ പോയ ഇന്ത്യൻ താരങ്ങൾ. മഴ ഭീഷണി നിലനിന്നിരുന്നു എങ്കിലും ഇപ്പോൾ മെൽബണിൽ നല്ല തെളിഞ്ഞ കാലാവസ്ഥയാണ്.
ദേശീയഗാനത്തിൽ വികാരാധീനനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ; വീഡിയോ കാണാം.