ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിൽ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയക്ക് മേൽക്കൈ, ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ സ്പിൻ ബോളർമാർക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റാതെ ഇന്ത്യ വെറും 109 റൺസിന് ഓൾ ഔട്ട് ആയപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ആദ്യ ദിനത്തെ കളി അവസാനിക്കുമ്പോൾ 156/4 എന്ന നിലയിൽ ആണ്.
രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്, സ്പിൻ ബോളർമാരെ നന്നായി സഹായിക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി, ഇന്ത്യൻ ബാറ്റർമാരെ നിലയുറപ്പിക്കും മുമ്പ് ഓസ്ട്രേലിയൻ സ്പിൻ ബോളർമാർ മടക്കി അയച്ചപ്പോൾ ഇന്ത്യൻ സ്കോർ വെറും 109 റൺസിൽ ഒതുങ്ങി, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ അർധ സെഞ്ച്വറിയുമായി ഉസ്മാൻ ക്വജ (60) മുന്നിൽ നിന്ന് നയിച്ചു, ഇന്ത്യൻ നിരയിൽ 4 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് രവീന്ദ്ര ജഡേജയാണ് ബോളർമാരിൽ മികച്ച് നിന്നത്.
മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 39ആം ഓവറിൽ രവീന്ദ്ര ജഡേജയുടെ ബോളിൽ ഉസ്മാൻ ക്വജ ഷോർട്ട് കവറിലേക്ക് ബോൾ തട്ടിയിട്ടു, നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന സ്മിത്ത് സിംഗിളിനായി ശ്രമിച്ചു എന്നാൽ പെട്ടന്ന് തന്നെ ജഡേജ ബോൾ പിടിക്കാനായി സ്മിത്തിന് കുറുകെ ഓടുകയും ചെയ്തതോടെ ഓസ്ട്രേലിയൻ നായകന് റൺ എടുക്കാൻ സാധിച്ചില്ല, മറുവശത്ത് ഉസ്മാൻ ക്വജയും ആ റണ്ണിന് താല്പര്യം പ്രകടിപ്പിച്ചില്ല, നോ, നോ, എന്ന് താരം സ്മിത്തിനോട് ഉച്ചത്തിൽ വിളിച്ച് പറയുന്നത് സ്റ്റമ്പ് മൈക്കിൽ കേൾക്കാമായിരുന്നു.