ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയൻ ടീം ശക്തമായ നിലയിൽ. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 109 റൺസിൽ ഓൾഔട്ടാക്കിയ അവർ തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 156/4 എന്ന നിലയിലാണ്. ഇപ്പോൾ അവർക്ക് 47 റൺസിന്റെ ലീഡായി. 9 റൺസ് എടുത്ത ഓപ്പണർ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് അവർക്ക് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും 60 റൺസ് എടുത്ത സഹഓപ്പണർ ഉസ്മാൻ ഖവാജയുടെയും 31 റൺസ് എടുത്ത ലബുഷേയിനിന്റെയും 26 റൺസ് എടുത്ത നായകൻ സ്മിത്തിന്റെയും മികവിലായിരുന്നു അവരുടെ മുന്നേറ്റം. നാല് പേരെയും ജഡേജയാണ് പുറത്താക്കിയത്.
നേരത്തെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ ലക്ഷ്യമിട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ഞെട്ടിച്ച ഓസീസ് സ്പിന്നർമാർ ആരെയും നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ഇടംകൈയ്യൻ സ്പിന്നർ മാത്യൂ കുനേമാൻ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. 12 റൺസ് എടുത്ത രോഹിത് ശർമയാണ് ആദ്യം പുറത്തായത്. ആദ്യ ഓവറിൽ രണ്ടുവട്ടം അദ്ദേഹം പുറത്തായെങ്കിലും ഓസീസ് താരങ്ങൾ റിവ്യൂ നൽകാതിരുന്നപ്പോൾ ബാറ്റിംഗ് തുടരാൻ കഴിഞ്ഞുവെങ്കിലും ഇന്നിങ്സ് അധികം നീണ്ടില്ല.
രാഹുലിന് പകരം ഓപ്പണർ ആയി ഇറങ്ങിയ ഗിൽ 21 റൺ, പൂജാര 1 റൺ, ശ്രേയസ് അയ്യർ പൂജ്യം, ജഡേജ നാല്, അശ്വിൻ മൂന്ന് എന്നിങ്ങനെയും നേടി ഔട്ടായി. 22 റൺസ് എടുത്ത വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വിക്കറ്റ് കീപ്പർ ഭരത്തും പേസർ ഉമേഷ് യാദവും 17 റൺസ് വീതം എടുത്ത് പുറത്തായി. സിറാജ് പൂജ്യത്തിന് റൺഔട്ട് ആകുമ്പോൾ 12 റൺസോടെ അക്ഷർ പട്ടേൽ പുറത്താകാതെ നിന്നു.
ഉമേഷ് യാദവ് നടത്തിയ ചെറിയൊരു വെടിക്കെട്ടാണ് ഇന്ത്യയുടെ സ്കോർ നൂറുകടത്തിയത്. 28.3 ഓവറിൽ അശ്വിൻ പുറത്താകുമ്പോൾ 88/8 എന്ന നിലയിൽ നൂറ് പോലും കടക്കാൻ പാടുപെട്ടുനിന്ന ഇന്ത്യക്ക് വേണ്ടി 13 പന്തിൽ നിന്നും ഒരു ഫോറും രണ്ട് കൂറ്റൻ സിക്‌സും അടക്കം 17 റൺസാണ് ഉമേഷ് നേടിയത്. ടീം തകർന്നു നിൽക്കുമ്പോഴും യാതൊരു ടെൻഷനും ഇല്ലാതെ ബാറ്റ് വീശിയാണ് ഉമേഷ് ഞെട്ടിച്ചത്. 96 റൺസിൽ നിൽക്കെ ഒരു സിക്സ് അടിച്ചാണ് അദ്ദേഹം ഇന്ത്യൻ സ്കോർ നൂറുകടത്തിയത്.
അന്നേരം ഡഗ് ഔട്ടിൽ ഇരിക്കുകയായിരുന്ന വിരാട് കോഹ്‌ലി ചാടി എഴുന്നേറ്റ് ആ ഷോട്ട് കണ്ട് അഭിനന്ദിക്കുന്ന ഒരു വീഡിയോ കാണാം. ഇത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. കോഹ്‌ലിയോട് ചേർന്ന് ഇന്ത്യൻ ടീമിലെ സഹതാരങ്ങളും പരിശീലകരും കയ്യടിക്കുന്നത് കാണാം. മൂന്നാം ടെസ്റ്റിൽ വിശ്രമം അനുവദിച്ച പേസർ മുഹമ്മദ് ഷമിക്ക് പകരമാണ് ഉമേഷ് ടീമിലെത്തിയത്.