Categories
Cricket Latest News

പുജാരയോട് അടിക്കാൻ വേണ്ടി ഇഷാനെ വിട്ടു രോഹിത് ,അടുത്ത ബോളിൽ സിക്സ് അടിച്ചു പൂജാരയുടെ മറുപടി ;വീഡിയോ കാണാം

ഇൻഡോർ ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയൻ ടീം മത്സരത്തിൽ പിടിമുറുക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ 163 റൺസിൽ ഓൾഔട്ടാക്കിയ അവർക്ക് മൂന്ന് ദിനം ശേഷിക്കെ 76 റൺസ് മാത്രമാണ് വിജയലക്ഷ്യം. നാളെ ഇന്ത്യൻ വിജയത്തിനായി അത്ഭുതങ്ങൾ സംഭവിക്കണം. നേരത്തെ 156/4 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് തുടർന്ന ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അശ്വിനും ഉമേഷ് യാദവും ചേർന്ന് 197 റൺസിൽ ഓൾഔട്ടാക്കിയിരുന്നു.

88 റൺസ് കടവുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യയെ 8 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ലയൺ വരിഞ്ഞുമുറുക്കി. ഗിൽ, രോഹിത്, കോഹ്‌ലി, ജഡേജ എന്നിവർ നിലയുറപ്പിക്കാനാകാതെ മടങ്ങിയപ്പോൾ ഇന്ത്യക്ക് അൽപ്പമെങ്കിലും പ്രതീക്ഷ നൽകിയത് ശ്രേയസ് അയ്യരും പൂജാരയും ചേർന്ന കൂട്ടുകെട്ട് ആയിരുന്നു. അഞ്ചാം വിക്കറ്റിൽ 35 റൺസ് കൂട്ടിചേർത്തുകൊണ്ട് അവർ ഇന്ത്യയെ തകർച്ചയിൽ നിന്നും രക്ഷിച്ചു. പൂജാര ഒരറ്റത്ത് ഉറച്ചുനിന്നപ്പോൾ ശ്രേയസ് അയ്യർ ഏകദിനശൈലിയിൽ ബാറ്റ് വീശി സ്കോർ ഉയർത്തി. 27 പന്തിൽ 3 ഫോറും 2 സിക്‌സും അടക്കം 26 റൺസ് നേടിയ അയ്യരെ സ്റ്റാർക്ക് മടക്കി.

തുടർന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് തട്ടിമുട്ടി നിന്ന പൂജാരയാണ് ഇന്ത്യക്ക് അൽപ്പമെങ്കിലും ലീഡ് നേടാൻ സഹായിച്ചത്. 142 പന്ത് നേരിട്ട പൂജാര 5 ഫോറും ഒരു സിക്‌സും അടക്കം 59 റൺസ് എടുത്തു പുറത്തായി. പൂജാര സിക്സ് അടിക്കുന്ന സന്ദർഭങ്ങൾ വളരെ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ. തുടർച്ചയായി അക്ഷർ പട്ടേലും പൂജാരയും ഡിഫൻസ് കളിക്കുന്നത് കണ്ട് നായകൻ രോഹിത് ശർമ ഗാലറിയിൽ ദേഷ്യത്തിൽ ഇരിക്കുന്നത് കാണാമായിരുന്നു. ഒടുവിൽ വെള്ളം കൊടുക്കാൻ എന്ന വ്യാജേന ഇഷൻ കിഷനെ പറഞ്ഞയച്ച രോഹിത് അവരോട് അറ്റാക്ക് ചെയ്ത് കളിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

https://twitter.com/NitinKu29561598/status/1631246626508673024?t=tRFcM-ht7FRpcEeSUXHoww&s=08

തുടർന്നാണ് ലയൺ എറിഞ്ഞ അൻപത്തിയഞ്ചാം ഓവറിന്റെ മൂന്നാം പന്തിൽ സ്റ്റെപ്പൗട്ട്‌ ചെയ്ത് പൂജാര ഡീപ് മിഡ് വിക്കറ്റിലേക്ക് സിക്സ് നേടിയത്. അതുകണ്ട കാണികളെല്ലാവരും എഴുന്നേറ്റ് നിന്ന് ആർപ്പുവിളിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കാരണം പൂജാര സിക്സ് അടിക്കുന്നത് കാണാൻ തന്നെ അത്രയ്ക്ക് ഭാഗ്യം വേണം. ഇന്ത്യൻ ഡഗ് ഔട്ടിൽ ഇരിക്കുകയായിരുന്ന നായകൻ രോഹിത് ശർമക്കും സഹതാരങ്ങൾക്കും പൂജാരയുടെ ആ ഷോട്ട് വളരെ ഇഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *