ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ആരാധകർക്ക് ഇതാ സന്തോഷത്തിന്റെ നിമിഷം. ഐപിഎൽ മാതൃകയിൽ ഇന്ത്യയിൽ വനിതകൾക്കും ഒരു ലീഗ് വേണമെന്നത് ഒരുപാട് നാളായുള്ള ആവശ്യമാണ്. പല രാജ്യങ്ങളിലും ഇത് വളരെ മുമ്പേതന്നെ തുടങ്ങിയതുമാണ്. ഇപ്പോഴിതാ ഇന്ത്യയും ആ ലിസ്റ്റിലേക്ക് വന്നിരിക്കുകയാണ്. പ്രഥമ വനിതാ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഇന്ന് നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ തുടങ്ങിയിരിക്കുകയാണ്.
അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ലീഗിലെ എല്ലാ മത്സരങ്ങളും നടക്കുന്നത് ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലും മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലുമാണ്. ഫൈനൽ മാർച്ച് 26ന് ബ്രബോൺ സ്റ്റേഡിയത്തിൽ നടക്കും. മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, യുപി വാരിയേഴ്സ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക. എല്ലാ ടീമും പരസ്പരം രണ്ടുതവണ ഏറ്റുമുട്ടിയ ശേഷം പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തുന്ന ടീം ഫൈനലിലേക്ക് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിൽ എലിമിനേറ്റർ കളിച്ചശേഷം അതിലെ വിജയികളും ഫൈനലിലെത്തും.
ഇന്ത്യൻ ദേശീയ ടീമിന്റെ നായിക ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസ് ടീമും ഓസ്ട്രേലിയൻ താരം ബേത്ത് മൂണി നയിക്കുന്ന ഗുജറാത്ത് ജയന്റ്സ് ടീമും തമ്മിലാണ് ഉദ്ഘാടന മത്സരം. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു. മത്സരം തുടങ്ങുന്നതിന് മുൻപ് ബോളിവുഡ് താരങ്ങളും മുൻ ക്രിക്കറ്റർമാരും അണിനിരന്ന പ്രൗഢഗംഭീരമായ ഉദ്ഘാടനചടങ്ങുകൾ നടന്നിരുന്നു. അതിൽവച്ച് അഞ്ച് ടീമുകളുടെയും നായികമാർ ചേർന്ന് പ്രഥമ വനിതാ ഐപിഎൽ ട്രോഫി അനാവരണം ചെയ്തു.