ഐപിഎൽ മാതൃകയിൽ ഇന്ത്യയിൽ വനിതകൾക്കും ഒരു പ്രീമിയർ ലീഗിന് ഇന്ന് മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ തുടക്കമായിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ ദേശീയ ടീം നായിക ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസ് ടീമും ഗുജറാത്ത് ജയന്റ്സ് ടീമും ഏറ്റുമുട്ടുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ്, നായിക ഹർമൻപ്രീത് കൗറിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെയും മികച്ച പിന്തുണ നൽകി കളിച്ച സഹതാരങ്ങളുടെയും മികവിൽ കൂറ്റൻ സ്കോർ നേടിയിരിക്കുകയാണ്.
നിശ്ചിത 20 ഓവറിൽ അവർ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് 2008ൽ ആരംഭിച്ചപ്പോൾ ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 222 എന്ന കൂറ്റൻ സ്കോർ കണ്ടെത്തിയിരുന്നു. ഇന്നിതാ വനിതാ പ്രീമിയർ ലീഗ് ആദ്യ മത്സരത്തിലും വൻ സ്കോർ പിറന്നിരിക്കുകയാണ്. മുന്നിൽ നിന്നും നയിച്ച നായിക ഹർമൻ 30 പന്തിൽ നിന്നും 14 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 65 റൺസ് നേടിയത്. ഹൈലി മാത്യൂസ് (31 പന്തിൽ 47), നാറ്റ് സിവർ (18 പന്തിൽ 23), അമേലിയ കേർ (24 പന്തിൽ 45*), പൂജ വസ്ത്രാക്കർ (8 പന്തിൽ 15) എന്നിവരും നന്നായി കളിച്ചു.
മത്സരത്തിൽ രണ്ട് തവണയാണ് ഹർമൻ ഹാട്രിക് ബൗണ്ടറി നേടിയത്. അതിൽ ഒന്നിൽ തുടർച്ചയായ നാല് ബൗണ്ടറിയും നേടിയിരുന്നു. മോണിക്ക പട്ടേൽ എറിഞ്ഞ പതിനഞ്ചാം ഓവറിന്റെ അവസാന നാല് പന്തുകളിൽ ആയിരുന്നു അത്. മൂന്നാം പന്തിൽ ഒരു കിടിലൻ കവർ ഡ്രൈവിലൂടെ ബൗണ്ടറി നേടിയ കൗർ നാലാം പന്തിൽ പുൾ ഷോട്ട് കളിച്ച് ബക്ക്വേർഡ് സ്ക്വയർ ലെഗ് ഏരിയയിലേക്ക് ബൗണ്ടറി നേടി. അഞ്ചാം പന്തിലാകട്ടെ ബക്ക്വേഡ് പോയിന്റിലേക്ക് ചെത്തിവിട്ട് ഉജ്വല പ്ലേസ്മെന്റ് ഷോട്ടിലൂടെ ബൗണ്ടറി. അവസാന പന്തിൽ എക്സ്ട്രാ കവറിലൂടെ വീണ്ടുമൊരു മികച്ച ബൗണ്ടറി. തുടർന്ന് ആഷ്‌ലി ഗർഡനേർ എറിഞ്ഞ പതിനാറാം ഓവറിന്റെ രണ്ട്, മൂന്ന്, നാല് പന്തുകളിൽ ബൗണ്ടറി നേടി മറ്റൊരു ഹാട്രിക് ബൗണ്ടറി നേട്ടവും സ്വന്തമാക്കി.