പ്രഥമ വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 143 റൺസിന്റെ കൂറ്റൻ വിജയം. മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നായിക ഹർമൻപ്രീത് കൗർ വെടിക്കെട്ട് അർദ്ധസെഞ്ചുറി നേടിയപ്പോൾ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എടുത്തു. ഹർമൻ 30 പന്തിൽ 65 റൺസ് എടുത്തപ്പോൾ, 47 റൺസ് എടുത്ത ഹെയ്ലി മാത്യൂസ്, 45 റൺസോടെ പുറത്താകാതെ നിന്ന അമേലിയ കെർ എന്നിവരും തിളങ്ങി.
കൂറ്റൻ സ്കോർ പിന്തുടർന്ന ഗുജറാത്തിന്റെ ഇന്നിങ്സ് 15.1 ഓവറിൽ വെറും 64 റൺസിൽ അവസാനിച്ചു. ഓപ്പണറും നായികയുമായ ബേത്ത് മൂണി ആദ്യ ഓവറിൽ തന്നെ കാലിന് പരുക്കേറ്റ് മൈതാനത്തുനിന്നും മടങ്ങി. പിന്നീട് അങ്ങോട്ട് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. പവർപ്ലയിൽ തന്നെ നാല് വിക്കറ്റ് നഷ്ടമായ അവർക്ക് പിന്നീട് കരകയറാൻ കഴിഞ്ഞില്ല. ഇടംകൈ സ്പിന്നർ സൈക ഇഷക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ നാറ്റ് സിവേറും അമേലിയ കെറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ മത്സരത്തിന് മുൻപ് പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങുകൾ നടന്നിരുന്നു. ബോളിവുഡ് താരങ്ങളായ കൃതി സനോൺ, കിയാര അദ്വാനി എന്നിവരും പഞ്ചാബി ഗായകനും റാപ്പറുമായ എ പി ധില്ലനുമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. മുതിർന്ന വനിതാ താരങ്ങളും ബിസിസിഐയുടെ പ്രമുഖ വ്യക്തിത്വങ്ങളും ഗാലറിയിൽ സന്നിഹിതരായിരുന്നു. അവതാരക മന്ദിര ബേദിയുടെ വനിതാ പ്രീമിയർ ലീഗിന്റെ വിവരണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് കിയാരാ അദ്വാനിയുടെ നൃത്തച്ചുവടുകൾ മുംബൈയെ പുളകംകൊള്ളിച്ചു. പരിപാടി ആസ്വദിക്കുന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ദൃശ്യങ്ങൾ ട്വിറ്റെറിൽ ഇപ്പോൾ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്.
അതിനുശേഷം നടി കൃതി സനോൺ വേദിയിലെത്തി. കയ്യിൽ പതാകയുമായി ‘ചക് ദേ ഇന്ത്യ’ പാട്ടുമായി ആയിരുന്നു വരവ്. അത് കഴിഞ്ഞ് വന്ന പഞ്ചാബി ഗായകൻ എ പി ധില്ലൻ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി വേദി കീഴടക്കി. കറുത്ത സ്യൂട്ട് ധരിച്ചെത്തിയ അദ്ദേഹം ‘ബ്രൗൺ മുണ്ടെ’, ‘കഹേന്ധി ഹുദി സി’ തുടങ്ങിയ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. ഒടുവിൽ ഈ മൂന്നുപേരും കൂടി ഒന്നിച്ചുള്ള അവസാന കൊട്ടിക്കലാശം. അതിനുശേഷം അഞ്ച് ടീമുകളുടെയും നായികമാർ വേദിയിലെത്തി പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്രോഫി അനാച്ഛാദനം ചെയ്തു.