Categories
Cricket Latest News

ഇത് വൈഡ് വിളിച്ച അമ്പയറെ ചലഞ്ച് ചെയ്തു കൗർ ,ഒടുവിൽ മാപ്പ് പറഞ്ഞു അമ്പയർ :വീഡിയോ കാണാം

ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മുന്നിൽ നിന്നും നയിച്ച ആവേശപോരാട്ടത്തിൽ മുബൈ ഇന്ത്യൻസിന് പ്രഥമ വനിതാ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ കൂറ്റൻ വിജയം. ഗുജറാത്ത് ജയന്റ്സിനെ 143 റൺസിനാണ് മുംബൈ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നായിക ഹർമൻ (30 പന്തിൽ 65), വെസ്റ്റിൻഡീസ് താരം ഹൈലീ മാത്യൂസ് (31 പന്തിൽ 47), ന്യൂസിലൻഡ് താരം അമേലിയ കെർ (24 പന്തിൽ 45*) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമികവിൽ നിശ്ചിത 20 ഓവറിൽ 207/5 എന്ന വമ്പൻ ടോട്ടൽ സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 15.1 ഓവറിൽ 64 റൺസിൽ ഓൾഔട്ടായി. ഇടംകൈ സ്പിന്നർ സൈക ഇഷക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ നാറ്റ് സിവേറും അമേലിയ കെറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഹർമൻപ്രീത് കൗർ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ക്രിക്കറ്റിൽ മുമ്പൊന്നും കണ്ട് പരിചയിച്ചിട്ടില്ലാത്ത ഒരു അപൂർവ നിമിഷം ഇന്നലെത്തെ മത്സരത്തിൽ കണ്ടിരുന്നു. അമ്പയർ തെറ്റായി വിളിച്ച ഒരു വൈഡ് ബോളിൽ റിവ്യൂ നൽകി അത് നോർമൽ ബോൾ ആണെന്ന് തെളിയിച്ച നിമിഷം. മുംബൈ ബോളിങ്ങിലെ പതിമൂന്നാം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു സംഭവം. മത്സരത്തിൽ നാല് വിക്കറ്റോടെ തിളങ്ങിയ സൈക ഇഷക് എറിഞ്ഞ പന്ത്, സ്ട്രൈക്കിൽ ഉണ്ടായിരുന്ന മോണിക്ക പട്ടേലിന്റെ പുറകിലൂടെ വിക്കറ്റ് കീപ്പറിലേക്ക്‌ എത്തി. അമ്പയർ വൃന്ദ രതി ഉടനെ വൈഡ് സിഗ്നൽ നൽകി. എന്നാൽ ഡിഫ്ലക്ഷൻ ഉണ്ടെന്ന് മനസ്സിലാക്കിയ മുംബൈ നായിക ഹർമൻപ്രീത് കൗർ ഉടനെ ഡിആർഎസ് എടുക്കുന്നതായി അറിയിച്ചു.

ഇതുകണ്ട അമ്പയർ ആദ്യമൊന്ന് അമ്പരന്നുവെങ്കിലും ഒരു ചെറുപുഞ്ചിരിയോടെ തീരുമാനം തേർഡ് അമ്പയർക്ക് വിടുകയായിരുന്നു. സാധാരണയായി ഒരു ബാറ്ററേ വിക്കറ്റിന് മുന്നിൽ കുരുക്കിയാലും കീപ്പർ ക്യാച്ച് എടുത്താലും മാത്രമാണ് ടീമുകൾക്ക് അമ്പയറുടെ തീരുമാനം പുനപരിശോധന നടത്താൻ കഴിയുന്നത്. എന്നാൽ കമന്ററി ടീമിൽ ഉണ്ടായിരുന്ന ഹർഷ ഭോഗ്ലെ പറഞ്ഞപ്പോഴാണ് എല്ലാവരും വനിതാ പ്രീമിയർ ലീഗിലെ പുതിയ നിയമത്തെകുറിച്ച് അറിയുന്നത്. ഇതിൽ അമ്പയറുടെ തെറ്റായ വൈഡ്, നോബോൾ കോളുകൾക്കുംകൂടി റിവ്യൂ നൽകാനുള്ള അധികാരം ടീമുകൾക്ക് നൽകിയിട്ടുണ്ട്. അങ്ങനെ ബാറ്ററുടെ ഗ്ലവ്‌സിൽ തട്ടിയാണ് പന്ത് പോയത് എന്ന് കണ്ടെത്തുകയും അത് വൈഡ് അല്ലായെന്ന് അമ്പയർ മാപ്പ് പറയുകയും ചെയ്തു. മുംബൈ റിവ്യൂ എടുക്കുന്നതിന് മുന്നെതന്നെ ബാറ്റർ മോണിക്ക പട്ടേൽ താൻ പന്തിൽ ഹിറ്റ് ചെയ്ത കാര്യം അമ്പയറോട്‌ സത്യസന്ധമായി ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *