ഇന്നലെ ഗുവാഹത്തിയിലെ ബർസാപാര സ്റ്റേഡിയത്തിൽ നടന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ, 5 റൺസിന് രാജസ്ഥാൻ റോയൽസിനെ വീഴ്ത്തിയ പഞ്ചാബ് കിംഗ്സ് സീസണിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ നായകൻ മലയാളി താരം സഞ്ജു വി സാംസൺ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 34 പന്തിൽ 60 റൺസ് നേടിയ ഓപ്പണർ പ്രഭ്സിമ്രാൻ സിംഗിന്റെയും 56 പന്തിൽ 86 റൺസോടെ പുറത്താകാതെ നിന്ന നായകൻ ശിഖർ ധവാന്റെയും മികവിൽ അവർ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി യശസ്വീ ജൈസ്വാളും അശ്വിനുമാണ് ഓപ്പണിംഗ് ഇറങ്ങിയത്. നേരത്തെ ഫീൽഡിംഗ് സമയത്ത് കൈവിരലിന് പരുക്കേറ്റ ജോസ് ബട്ട്‌ലെർ ചികിത്സ തേടിയതുകൊണ്ടായിരുന്നു അത്. എങ്കിലും ഈ പരീക്ഷണം പാളുകയായിരുന്നു. 11 റൺസോടെ ജയ്സ്വാളും റണ്ണോന്നും എടുക്കാതെ അശ്വിനും മടങ്ങുകയായിരുന്നു. എങ്കിലും ബട്ട്ലറും സഞ്ജുവും ഒന്നിച്ചതോടെ റൺ ഒഴുകി. 11 പന്തിൽ 19 റൺസെടുത്ത ബട്ട്ലർ ദൗർഭാഗ്യകരമായ രീതിയിൽ പുറത്താകുകയായിരുന്നു. പന്ത് അടിച്ചകറ്റാൻ ശ്രമിച്ചപ്പോൾ ബാറ്റിൽ തട്ടിയശേഷം പാഡിൽകൊണ്ട് വായുവിൽ ഉയർന്നപ്പോൾ ബോളർ എല്ലിസ് ഓടിയെത്തി കൈപ്പിടിയിൽ ഒതുക്കി.
പിന്നീടെത്തിയ ദേവദത്ത് പഠിക്കൽ പന്ത് ബാറ്റിൽ കൊള്ളിക്കാൻ പാടുപെടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അതോടെ സമ്മർദത്തിലായ സഞ്ജു റിക്വയേർഡ് റൺറേറ്റ് കുറയ്ക്കാൻ വൻ ഷോട്ട് കളിക്കാൻ ശ്രമിച്ചു ക്യാച്ച് ഔട്ടായി. 25 പന്ത് നേരിട്ട അദ്ദേഹം 42 റൺസാണ് നേടിയത്. റിയാൻ പരാഗ് 12 പന്തിൽ 20 റൺസും പഠിക്കൽ 26 പന്തിൽ 21 റൺസും എടുത്തു പുറത്തായപ്പോൾ രാജസ്ഥാൻ പരാജയം മുന്നിൽക്കണ്ടു. എങ്കിലും ഷിംറോൺ ഹെട്ട്‌മയറും ചഹലിന് പകരം ഇംപാക്ട് പ്ലയെറായി ഇറങ്ങിയ ദ്രുവ് ജുറെലും കീഴടങ്ങാൻ തയ്യാറായിരുന്നില്ല. 18 പന്തിൽ 36 റൺസെടുത്ത ഹെട്ട്‌മയർ അവസാന ഓവറിൽ റൺഔട്ട് ആകുകയായിരുന്നു. 15 പന്തിൽ 32 റൺസുമായി ജുറേൽ പുറത്താകാതെ നിന്നപ്പോൾ റോയൽസിന്റെ പോരാട്ടം 192/7 എന്ന നിലയിൽ അവസാനിച്ചു.
മത്സരത്തിൽ ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും യുവതാരം ധ്രുവ് ജുറെൽ കാഴ്ച്ചവെച്ച പോരാട്ടവീര്യത്തിനു കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. ഒരുവശത്ത് ഹേറ്റ്മേയർ ഉണ്ടായിട്ടുകൂടി പലപ്പോഴും അദ്ദേഹത്തെ കാഴ്ചക്കാരനാക്കി നിർത്തിയാണ് അദ്ദേഹം ഷോട്ടുകൾ പായിച്ചത്. മൈതാനത്തിന് തലങ്ങും വിലങ്ങുമായി ഷോട്ടുകൾ പായിച്ച അദ്ദേഹം, ഒരു ഭാവിവാഗ്ദാനമാണ് താനെന്ന് തെളിയിച്ചു. അതിനിടെ മത്സരത്തിൽ അദ്ദേഹത്തിന്റെ പക്വതയ്ക്കും ധീരതയ്ക്കും തെളിവായ ഒരു നിമിഷമുണ്ടായിരുന്നു.
മത്സരത്തിൽ അർഷദീപ് സിംഗ് എറിഞ്ഞ പത്തൊമ്പതാം ഓവറിലായിരുന്നു സംഭവം. രണ്ടാം പന്തിൽ ഒരു ബൗണ്ടറിയും മൂന്നാം പന്തിൽ ഒരു കിടിലൻ സിക്സും നേടിയ ശേഷം സിംഗ് പ്രതിസന്ധിയിലായ നേരത്ത് അദ്ദേഹം ബോളിങ് റണ്ണപ്പിൽ ചെറിയൊരു മാറ്റം വരുത്തി. ജുറെലിന്റെ താളം തെറ്റിക്കാൻ വേണ്ടിയായിരുന്നു അത്. വളരെ വേഗത്തിൽ ഓടിയെത്തിയ ശേഷം അമ്പയറുടെ സമീപം എത്തിയപ്പോൾ വേഗംകുറച്ചു ജോഗ് ചെയ്തുകൊണ്ട് വീണ്ടും വേഗത്തിലുള്ള റിലീസിനായി അർഷദീപ് ശ്രമിച്ചപ്പോൾ ജുറെൽ പന്ത് നേരിടാതെ ഉടൻ മാറിനിന്നു. ഇതോടെ അർഷദീപിന് ആ പന്ത് റീബോൾ ചെയ്യേണ്ടിവന്നു. ആ പന്തിൽ ഓഫ്സൈഡിലേക്ക് നീങ്ങി മുന്നോട്ടാഞ്ഞുകൊണ്ട് മികച്ചൊരു സ്കൂപ്പ് ഷോട്ട് കളിച്ച് ഫൈൻലെഗിലേക്ക് ബൗണ്ടറി നേടിയാണ് അദ്ദേഹം പ്രതികാരം ചെയ്തത്.