മുൻ ഇന്ത്യൻ നായകനും ഇതിഹാസതാരവുമായ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ഈ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിൽ ഒന്നുവീതം ജയവും തോൽവിയുമായി പോയിന്റ് പട്ടികയിൽ ആറാമതാണ്. ടൂർണമെന്റിന്റെ ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനോട് 5 വിക്കറ്റിന് ചെന്നൈ പരാജയപ്പെട്ടിരുന്നു. എങ്കിലും തങ്ങളുടെ രണ്ടാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ 12 റൺസിന് തകർത്ത അവർ വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു.
ചെന്നൈയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് നേടിയത്. ലഖ്നൗ നന്നായി പൊരുതിയെങ്കിലും 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. നീണ്ട 4 വർഷത്തിനുശേഷമാണ് ചെപ്പോക്കിൽ ചെന്നൈ ഒരു മത്സരം കളിക്കുന്നത്. അതിൽ വിജയിക്കാനായതിന്റെ സന്തോഷത്തോടോപ്പം തങ്ങളുടെ പ്രിയപ്പെട്ട തലയുടെയും ചിന്നതലയുടേയും പുനഃസമാഗമത്തിന് സാക്ഷിയാകാനും കഴിഞ്ഞത് അവർക്ക് ഇരട്ടിമധുരമായി.
ധോണിയുമായി ഒരു സഹോദരനെപോലെ ബന്ധം പുലർത്തുന്ന സുരേഷ് റൈനയെ ആരാധകർ സ്നേഹപൂർവം വിളിക്കുന്ന പേരാണ് ചിന്നത്തല. ജിയോസിനിമയുടെ കമന്ററിപാനലിൽ ഉൾപ്പെട്ട റൈനയും മറ്റൊരു മുൻ ചെന്നൈ താരവുമായ റോബിൻ ഉത്തപ്പയും മത്സരശേഷം ധോണിയെ കാണാൻ എത്തിയിരുന്നു. റൈനയെ കണ്ടയുടൻ കെട്ടിപ്പിടിച്ച് സംസാരിച്ച ധോണിയുടെ കണ്ണിൽ ആനന്ദാശ്രു പൊഴിയുന്നുണ്ടായിരുന്നു. പിന്നീട് ഉത്തപ്പയെയും തോളിൽ കയ്യിട്ടു ധോണി സ്വീകരിച്ചാനയിച്ചു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.