ഗുജറാത്ത് ടൈറ്റൻസ് ടീമിലെ അംഗവും ന്യൂസിലൻഡ് ഇതിഹാസതാരവുമായ കെയ്ൻ വില്യംസന് ഈ ഐപിഎല്ലിലെ ഉദ്ഘാടനമത്സരത്തിൽത്തന്നെ പരുക്കേൽക്കുകയും ടൂർണമെന്‍റിൽ നിന്നും പുറത്താവുകയും ചെയ്തിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ നായകനായിരുന്ന അദ്ദേഹത്തെ, മോശം പ്രകടനത്തെത്തുടർന്ന് അവർ നിലനിർത്താൻ വിസ്സമതിച്ചു. തുടർന്ന് ഇത്തവണത്തെ ലേലത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് അദ്ദേഹത്തെ ടീമിലെത്തിക്കുകയായിരുന്നു.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടന്ന ഈ സീസണിലെ ആദ്യ മൽസരത്തിൽ അദ്ദേഹം ടീമിൽ ഇടംപിടിച്ചു. ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അയർലൻഡ് പേസർ ജോഷ്വ ലിറ്റിൽ എറിഞ്ഞ പതിമൂന്നാം ഓവറിനിടയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഋതുരാജ് ഗായക്വാദിന്റെ ഒരു സിക്സ് സേവ് ചെയ്യാനുള്ള ശ്രമത്തിൽ ബൗണ്ടറിലൈനിൽ നിൽക്കുകയായിരുന്ന അദ്ദേഹം വലത്തെ കാൽമുട്ട് കുത്തി വീഴുകയായിരുന്നു.
വേദനകൊണ്ട് പുളഞ്ഞ അദ്ദേഹത്തിന് പിന്നീട് ഫീൽഡ് ചെയ്യാനോ ബാറ്റിങ്ങിന് ഇറങ്ങാനോ സാധിച്ചില്ല. തുടർന്ന് പകരം സായ് സുദർശനെ ഇംപാക്ട് പ്ലയറായി ഗുജറാത്ത് ഇറക്കുകയായിരുന്നു. ചെന്നൈയെ ഗുജറാത്ത് 5 വിക്കറ്റിന് പരാജയപ്പെടുത്തിയ സന്തോഷത്തിലും, മത്സരശേഷം വില്യംസന്റെ പരുക്കിനെകുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ആരാധകർ. ഒടുവിൽ ആ വാർത്ത ഗുജറാത്ത് മാനേജ്മെന്റ് പുറത്തുവിട്ടു. വില്യംസൺ പരുക്കുമൂലം ടൂർണമെന്റിൽ നിന്നും പുറത്തായിരിക്കുന്നു.
കഴിഞ്ഞ ദിവസം തുടർചികിത്സക്കായി അദ്ദേഹം നാട്ടിലേക്ക് തിരിച്ചിരുന്നു. ഓക്ക്ലാണ്ടിലെ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ശേഷം നടന്നുവരുന്ന കെയ്നിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. ഇരുകൈകളിലും ക്രച്ചെസ് പിടിച്ചുകൊണ്ട് വലത്തെകാലിൽ പ്ലാസ്റ്റർ ഇട്ടുകൊണ്ട് വളരെ പണിപ്പെട്ട് ഒറ്റക്കാലിൽ നടന്നുനീങ്ങുന്ന വില്യംസൺ. ഇതു കാണുന്ന ഏതൊരു ക്രിക്കറ്റ് ആരാധകനും ഹൃദയം നടുങ്ങും. എപ്പോഴും പുഞ്ചിരിയുമായി നടന്നിരുന്ന അദ്ദേഹത്തിന്റെ ഈയൊരു അവസ്ഥ ആരാധകർക്ക് സഹിക്കാൻ കഴിയുന്നില്ല. എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് അദ്ദേഹം കളിക്കളത്തിലേക്കു മടങ്ങിവരട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ക്രിക്കറ്റ് ലോകം.