Categories
Cricket Latest News

ഇത് കൊണ്ടാണ് കിങ് ഖാനെ എല്ലാവർക്കും ഇഷ്ട്ടം !ഭിന്നശേഷിക്കാരനായ ആരാധകനെ സന്തോഷിപ്പിക്കുന്ന കിംഗ് ഖാൻ; മനോഹരമായ ഒരു വീഡിയോ കാണാം

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ നൈറ്റ് റൈഡേഴ്സ് 81 റൺസിന്‌ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 204 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ആർസിബി 17.4 ഓവറിൽ വെറും 123 റൺസിന് ഓൾഔട്ടായി. 68 റൺസെടുത്ത ശർദുൽ താക്കൂറാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യം ബാറ്റിങ്ങിൽ കൊൽക്കത്തയുടെ അഫ്ഗാൻ ഓപ്പണർ ഗുർബസ് 57 റൺസ് നേടിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഗുർബാസും ഗോൾഡൺ ഡക്കായി ആന്ദ്രേ റസ്സലും മടങ്ങുമ്പോൾ സ്കോർ 89/5. പിന്നീട് ഒത്തുചേർന്ന റിങ്കു സിംഗും താക്കൂറും ചേർന്ന് ആറാം വിക്കറ്റിൽ 103 റൺസ് കൂട്ടിച്ചേർത്ത് അവരെ കരകയറ്റുകയായിരുന്നു. റിങ്കു 33 പന്തിൽ 46 റൺസും കന്നി ഐപിഎൽ അർദ്ധസെഞ്ചുറി നേടിയ താക്കൂർ 29 പന്തിൽ 68 റൺസുമാണ് നേടിയത്.

205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിനെ കൊൽക്കത്ത സ്പിന്നർമാർ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. 21 റൺസെടുത്ത വിരാട് കോഹ്‌ലിയെ ക്ലീൻ ബോൾഡ് ആക്കിയ സുനിൽ നരെയ്നാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ തുടർച്ചയായ രണ്ടാം ജയം എന്ന ബാംഗ്ലൂരിന്റെ മോഹം പൊലിഞ്ഞു. വരുൺ ചക്രവർത്തി നാലും ഇംപാക്ട് പ്ലെയർ സുയാഷ് ശർമ മൂന്നും നരെയ്ൻ രണ്ടും വിക്കറ്റ് വീഴ്ത്തി.

നാല് വർഷത്തിനുശേഷം ഈഡൻ ഗാർഡൻസിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ വിജയം നേടിയതിനൊപ്പം ടീമുടമ ബോളിവുഡ് താരം ഷാരൂഖ് ഖാനും മത്സരം കാണാൻ എത്തിയത് ആരാധകരെ ആവേശത്തിലാക്കി. മത്സരശേഷം ഭിന്നശേഷിക്കാരനായ കൊൽക്കത്തയുടെ സ്വന്തം ആരാധകൻ ഹർഷുളിന്റെ അടുത്തെത്തിയ എസ്ആർകെ കുശലാന്വേഷണം നടത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഇതിനുമുമ്പ്‌ 2018ലും ഇതേപോലെ ഷാരുഖ് അദ്ദേഹത്തെ കണ്ടുമുട്ടിയ ദൃശ്യങ്ങളും ഇന്റർനെറ്റിൽ വൈറൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *