ലഖ്നൗ അടൽ ബിഹാരി വാജ്പേയി ഏകന സ്റ്റേഡിയത്തിൽവെച്ച് നടന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സിന് അഞ്ച് വിക്കറ്റ് വിജയം. സൺറൈസേഴ്‌സ് ഹൈദരാബാദിനെയാണ് അവർ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയുടെ ദേശീയ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ നായകൻ എയ്ഡൻ മാർക്രത്തിന് കീഴിൽ ഹൈദരാബാദിന്റെ ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 16 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലഖ്നൗ വിജയലക്ഷ്യം മറികടന്നു.
നേരത്തെ മൂന്ന് വിക്കറ്റ് എടുത്ത ക്രുനാൽ പാണ്ഡ്യയുടെയും 2 വിക്കറ്റ് എടുത്ത അമിത് മിശ്രയുടെയും മികവിലാണ് ലഖ്നൗ ഹൈദരാബാദിനെ മെരുക്കിയത്. വേഗം കുറഞ്ഞ പിച്ചിൽ ബാറ്റർമാർ റൺ കണ്ടെത്താൻ വിഷമിച്ചു. ഓപ്പണർ അന്മോൾപ്രീത് സിംഗ് 31 റൺസും രാഹുൽ ത്രിപാഠി 35 റൺസും എടുത്തു ടോപ് സ്കോറർമാരായി. 10 പന്തിൽ 21 റൺസോടെ അബ്ദുൽ സമദ് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ 35 റൺസെടുത്ത നായകൻ രാഹുലിന്റെയും 34 റൺസോടെ മടങ്ങിയ ക്രുനാൽ പാണ്ഡ്യയുടെയും മികവിൽ അവർ അനായാസം വിജയത്തിലെത്തി.
മത്സരം കാണാൻ ഹൈദരാബാദ് ടീമുടമ കാവ്യ മാരനും ഗാലറിയിൽ ഉണ്ടായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അവരുടെ മോശം പ്രകടനത്തിൽ നിരാശയായി ഇരിക്കുകയായിരുന്നു അവർ. വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ലഖ്നൗ ടീമിന് 4.3 ഓവറിൽ 35 റൺസ് കൂട്ടിച്ചേർത്ത് ഭേദപ്പെട്ട തുടക്കമാണ് രാഹുലും കൈൽ മയെഴ്സും നൽകിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർദ്ധസെഞ്ചുറി നേടിയ മയേഴ്‌സിന് പക്ഷേ ഇന്ന് 13 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ പേസർ ഫസൽ ഹഖ് ഫാറൂക്കിയുടെ പന്തിൽ അദ്ദേഹം അഞ്ചാം ഓവറിൽ പുറത്തായി. അന്നേരം ഗാലറിയിൽ തന്റെ ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റ് തുള്ളിച്ചാടി വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കാവ്യ മാരന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുകയാണ്.