ഐപിഎല്ലിൽ ഇന്നത്തെ ഡബിൾ ഹെഡ്ഡർ പോരാട്ടങ്ങളിലെ ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ഗുവാഹത്തിയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയിരിക്കുന്നത്. തകർപ്പൻ അർദ്ധസെഞ്ചുറികൾ നേടിയ ഓപ്പണർമാരായ ബട്ട്‌ലറിന്റെയും ജൈസ്വാളിന്റെയും, മികച്ച ഫിനിഷിങ് കാഴ്ച്ചവെച്ച ഹെട്മേയറിന്റെയും മികവിലാണ് അവർ മുന്നേറിയത്.
മത്സരത്തിൽ ഖലീൽ അഹമ്മദിന്റെ ആദ്യ ഓവറിൽ തന്നെ അഞ്ച് ബൗണ്ടറി പായിച്ച യാശസ്വി ജൈസ്വാൾ നയം വ്യക്തമാക്കി. ബട്ട്‌ലർ മികച്ച പിന്തുണ നൽകിയതോടെ സ്കോർബോർഡ് കുതിച്ചു. 8 ഓവറിൽ 96 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. 31 പന്തിൽ 60 റൺസെടുത്ത ജൈസ്വലാണ് ആദ്യം പുറത്തായത്. പിന്നീടെത്തിയ നായകൻ സഞ്ജു സാംസൺ (0), റിയാൻ പരാഗ് (7) എന്നിവർ നിരാശപ്പെടുത്തി. എങ്കിലും ഹേറ്റ്‌മയറെ കൂട്ടുപിടിച്ച് ബട്ട്‌ലർ സ്കോർ മുന്നോട്ട് നയിച്ചു. 79 റൺസെടുത്ത ബട്ട്‌ലർ പുറത്തായശേഷം എത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ ധ്രുവ് ജുരേൽ 3 പന്തിൽ 8 റൺസോടെയും ഹെട്ട്‌മേയർ 21 പന്തിൽ 39 റൺസോടെയും പുറത്താകാതെ നിന്നു.
തുടക്കത്തിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന് ശേഷം മധ്യനിര നിറംമങ്ങിയപ്പോൾ കൂറ്റൻ സ്കോർ ലക്ഷ്യമിട്ട റോയൽസ് ഒന്നു പതറിയിരുന്നു. എങ്കിലും അവസാന ഓവറുകളിൽ ഹെട്ട്‌മെയേറുടെ മിന്നലടികളാണ് അവരെ ഇരുനൂറ് വരെ എത്തിച്ചത്. ഒരു ഫോറും നാല് കൂറ്റൻ സിക്സുകളുമാണ് അദ്ദേഹം നേടിയത്. ആൻറിച്ച് നോർക്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ പുൾ ഷോട്ട് കളിച്ച് 96 മീറ്ററിന്റെ സിക്സ് നേടിയിരുന്നു അദ്ദേഹം.
തുടർന്ന് രണ്ടാം പന്തിലും വൻ ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും മിസ്ഹിറ്റ് ആയി പന്ത് ലോങ് ഓണിലേക്ക് സിംഗിൾ പോയി. അന്നേരം നോൺസ്ട്രൈക്കർ എൻഡിലേക്ക് ഓടുന്ന സമയത്തെ അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. കാരണം താൻ വിചാരിച്ച സാധനം ലഭിക്കാതെ വാശിപിടിക്കുന്ന ഒരു കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടിയായിരുന്നു അദ്ദേഹം പോയത്. വീണ്ടുമൊരു സിക്സ് നേടാൻ സാധിക്കാത്തതിന്റെ നിരാശ. തുടർന്ന് നാലാം പന്തിൽ സ്ട്രൈക്ക് കിട്ടിയപ്പോൾ ലോങ് ഓഫിലേക്ക് സിക്സ് പായിച്ച് അദ്ദേഹം സംതൃപ്തി നേടി.