ട്വന്റി ട്വന്റി ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരത്തിലെ ഏഷ്യൻ ടീമുകളുടെ ഇന്നത്തെ പോരാട്ടത്തിൽ ടോസ് നേടിയ പാക്കിസ്താൻ നായകൻ ബാബർ അസം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിനൊടു തോൽവി ഏറ്റുവാങ്ങിയാണ് പാക്കിസ്ഥാൻ എത്തിയത്. അഫ്ഗാനിസ്ഥാൻ ആകട്ടെ ബംഗ്ലാദേശിനെ തകർത്ത് തരിപ്പണമാക്കിയ ആത്മവിശ്വാസത്തിലാണ് വന്നത്. എങ്കിലും ഇന്നത്തെ മത്സരം മഴമൂലം ഉപേക്ഷിക്കുകയാണ് ഉണ്ടായത്.
പാക്ക് നിരയിലെ ഒന്നാം നമ്പർ പേസർ ഷഹീൻ ഷാ അഫ്രീദിയുടെ ഏറ് കൊണ്ട് ഇന്ന് ഒരു അഫ്ഗാൻ താരത്തിന്റെ കാലിന് പരിക്കേൽക്കുന്ന കാഴ്ചയും മത്സരത്തിൽ കാണാൻ കഴിഞ്ഞു. മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെയായിരുന്നു സംഭവം. അഫ്രീദിയുടെ തീയുണ്ട യോർക്കർ ബൂട്ടിൽ കൊണ്ട് ഓപ്പണർ രഹ്മാനുള്ള ഗുർബാസ് എൽബിഡബ്ല്യൂ ആയി പുറത്തായി. ഇടത് കാലിൽ പന്ത് കൊണ്ട ഗുർബാസ് വേദനകൊണ്ട് പുളഞ്ഞു നിലത്തിരുന്നുപോയി. ഒടുവിൽ അഫ്ഗാൻ ടീമിലെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായ ഒരു സഹതാരം എത്തി അദ്ദേഹത്തെ ചുമലിലേറ്റി കൊണ്ടുപോകുകയാണ് ഉണ്ടായത്.
കഴിഞ്ഞ മാസം അവസാനിച്ച ഏഷ്യ കപ്പ് ടൂർണമെന്റിൽ പരുക്കു മൂലം ഷഹീൻ കളിച്ചിരുന്നില്ല. പാക്കിസ്ഥാന് വേണ്ടി ന്യൂബോളിൽ വളരെ മികച്ച പ്രകടനം നടത്തി അഫ്രീദി തന്റെ പരിക്കിൽ നിന്നുമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. മത്സരത്തിൽ രണ്ട് അഫ്ഗാൻ ഓപ്പണർമാരെയും അദ്ദേഹമാണ് പുറത്താക്കിയത്. ആദ്യ ഓവറിൽ വെറും ഒരു റൺസ് വഴങ്ങി ഗുർബാസിന്റെ വിക്കറ്റും തന്റെ രണ്ടാം ഓവറിൽ വെറും മൂന്ന് റൺസ് വഴങ്ങി ഹസ്രത്തള്ള സസായിയെ ക്ലീൻ ബോൾഡ് ആക്കുകയും ചെയ്തു. മൊത്തം നാലോവറിൽ 29 റൺസിന് രണ്ട് വിക്കറ്റ് എന്നതാണ് ഇന്നത്തെ അദ്ദേഹത്തിന്റെ പ്രകടനം. ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ നേരിടുന്ന ടീം ഇന്ത്യ തന്നെ കരുതിയിരിക്കണം എന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം.
വിക്കറ്റ് വിഡിയോ :
അഫ്ഗാനിസ്ഥാൻ ടീം നിശ്ചിത ഇരുപത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുത്തു. അവർക്കുവേണ്ടി നായകൻ മുഹമ്മദ് നബി അർദ്ധ സെഞ്ചുറി നേടി പുറത്താകാതെ നിന്നു. ഇബ്രാഹിം സദ്രാൻ 35 റൺസും ഉസ്മാൻ ഗനി 32 റൺസും എടുത്തു നായകന് മികച്ച കൂട്ടായി. പാക്കിസ്ഥാൻ നിരയിൽ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്പിന്നർമാരായ നവാസും ശദാബും ഓരോ വിക്കറ്റ് വീതവും നേടി.
പാക്കിസ്ഥാൻ ടീം മറുപടി ബാറ്റിങ്ങിൽ 2.2 ഓവറിൽ 19 റൺസ് എടുത്ത് നിൽക്കുമ്പോൾ മഴ എത്തുകയായിരുന്നു. ബ്രിസ്‌ബൈനിലെ ഗാബ സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം. മഴ ശമിക്കുന്നില്ല എന്ന് കണ്ടതോടെ അമ്പയർമാർ മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ശേഷം അതേ ഗ്രൗണ്ടിൽ നടക്കേണ്ടിയിരുന്ന ഇന്ത്യൻ ടീമിന്റെ സന്നാഹമത്സരവും മഴമൂലം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഒക്ടോബർ 23ന് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മെൽബൺ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.
അഫ്ഗാൻ താരത്തിൻ്റെ കാൽ ഒടിച്ചു ശാഹിൻ അഫ്രീദിയുടെ തീയുണ്ട ,തോളിൽ ഏറ്റി സഹതാരം ; വീഡിയോ കാണാം