ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 9 റൺസ് തോൽവി, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സൗത്ത് ആഫ്രിക്ക ഡേവിഡ് മില്ലറും, ക്ലാസനും നേടിയ അർധ സെഞ്ച്വറികളുടെ പിൻബലത്തിൽ 249/4 എന്ന കൂറ്റൻ സ്കോർ നേടാനായി, മഴ കാരണം ഏറെ വൈകിയാണ് മത്സരം ആരംഭിക്കാൻ സാധിച്ചത്, 40 ഓവറായി വെട്ടിച്ചുരുക്കിയാണ് മത്സരം നടന്നത്.
ഭേദപ്പെട്ട തുടക്കം ആണ് സൗത്ത് ആഫ്രിക്കൻ ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും മലാനും അവർക്ക് സമ്മാനിച്ചത്, പതിമൂന്നാം ഓവറിൽ ശാർദുൾ താക്കൂർ ആണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത് 23 റൺസ് എടുത്ത മലാനെ ശ്രേയസ് അയ്യരുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
മൂന്നാമനായി ഇറങ്ങിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ബവൂമ (8) പതിനഞ്ചാം ഓവർ ചെയ്യാനെത്തിയ ശാർദുൾ താക്കൂറിന്റെ മികച്ച ഒരു ബോളിൽ താരത്തിന്റെ കുറ്റി തെറിക്കുകയായിരുന്നു, പിന്നാലെ മർക്രാമിനെ (0) കുൽദീപ് യാദവും 48 റൺസ് എടുത്ത ഡി കോക്കിനെ രവി ബിഷ്ണോയിയും വീഴ്ത്തിയതോടെ 110/4 എന്ന നിലയിൽ തകർച്ച മുന്നിൽ കണ്ടു സൗത്ത് ആഫ്രിക്ക.
എന്നാൽ പിന്നീട് ക്രീസിൽ ഒത്തു ചേർന്ന ഡേവിഡ് മില്ലരും (75)ക്ലാസനും (74) സൗത്ത് ആഫ്രിക്കയെ മികച്ച രീതിയിൽ മുന്നോട്ടേക്ക് നയിച്ചു ആക്രമിച്ച് കളിച്ച ഇരുവരും സ്കോർ ബോർഡ് അതിവേഗം ചലിപ്പിച്ചു, ഇന്ത്യൻ ഫീൽഡർമാരുടെ മോശം ഫീൽഡിങ്ങ് കൂടെ ആയപ്പോൾ സൗത്ത് ആഫ്രിക്കക്ക് കാര്യങ്ങൾ എളുപ്പമായി, ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 139 റൺസ് കൂട്ടിച്ചേർത്തു, ഒടുവിൽ നിശ്ചിത 40 ഓവറിൽ 249/4 എന്ന കൂറ്റൻ സ്കോറിൽ എത്താനായി സൗത്ത് ആഫ്രിക്കയ്ക്ക്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു, ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനെയും (3) ശിഖർ ധവാനെയും (4) തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നഷ്ടമായി, പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും അരങ്ങേറ്റക്കാരൻ റിതുരാജും (19) ഇഷാൻ കിഷനും (20) കൂടി പുറത്തായത്തോടെ ഇന്ത്യ 51/4 എന്ന നിലയിൽ ആയി.
മറു വശത്ത് ശ്രേയസ് അയ്യർ മികച്ച രീതിയിൽ കളിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡിന് ജീവൻ വെച്ചു, അഞ്ചാം വിക്കറ്റിൽ സഞ്ജു സാംസണും ശ്രേയസ് അയ്യറും ചേർന്ന് 67 റൺസിന്റെ കൂട്ടുകെട്ട് പണിതുയർത്തി, എന്നാൽ അർധ സെഞ്ച്വറി നേടിയതിന് പിന്നാലെ ശ്രേയസ് അയ്യർ (50) വീണതോടെ ഇന്ത്യ വീണ്ടും സമ്മർദ്ദത്തിലായി.
എന്നാൽ അത്ര പെട്ടന്ന് തോറ്റു കൊടുക്കാൻ സഞ്ജു സാംസൺ തയ്യാറായിരുന്നില്ല, ശാർദുൾ താക്കൂറിനെ (33) കൂട്ട് പിടിച്ച് സഞ്ജു ഇന്ത്യയെ മുന്നിലേക്ക് നയിച്ചു, ഇരുവരും ആറാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു, നിർണായക ഘട്ടത്തിൽ താക്കൂറിന്റെ വിക്കറ്റ് വീണത് ഇന്ത്യക്ക് തിരിച്ചടിയായി, എങ്കിലും വാലറ്റക്കരെ കൂട്ട് പിടിച്ച് സഞ്ജു ടീമിനെ വിജയത്തിലെത്തിക്കാൻ പരമാവധി ശ്രമിച്ചു, ഷംസിയുടെ അവസാന ഓവറിൽ 3 ഫോറും 1 സിക്സും അടക്കം 20 റൺസ് ആണ് സഞ്ജു അടിച്ച് കൂട്ടിയത്.