ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 8 വിക്കറ്റ് ജയം, ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 106 എന്ന ചെറിയ ടോട്ടലിൽ ഒതുങ്ങുകയായിരുന്നു, തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മൽസരം നടന്നത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഓപ്പണിങ്ങ് ബോളർമാരായ ദീപക് ചഹറും അർഷ്ദീപ് സിങ്ങും ബോൾ ചെയ്തപ്പോൾ സൗത്ത് ആഫ്രിക്കൻ മുൻനിര ബാറ്റർമാർ കൂട്ടത്തോടെ പവലിയനിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്, സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ തെമ്പ ബവൂമയെ (0) ക്ലീൻ ബൗൾഡ് ആക്കി കൊണ്ട് ദീപക് ചഹറാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, ചഹറിന്റെ മനോഹരമായ ഒരു ഇൻ സ്വിങ്ങർ ബവൂമയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.
പിന്നാലെ ഡി കോക്കിനെ (1) അർഷ്ദീപ് സിംഗ് ഔട്ടാക്കി, ആ ഓവറിൽ തന്നെ റിലെ റോസോയെയും, ഡേവിഡ് മില്ലറെയും പൂജ്യത്തിന് അർഷ്ദീപ് മടക്കി അയച്ചു, തുടർച്ചയായി വിക്കറ്റുകൾ വീണു കൊണ്ടിരുന്നപ്പോൾ 9/5 എന്ന നിലയിൽ സൗത്ത് ആഫ്രിക്കൻ മുൻനിര തകർന്നു, പിന്നീട് ഐഡൻ മർക്രാമും (25 ) വെയ്ൻ പാർണലും (24) ചെറുത്ത് നിൽപ് നടത്തിയെങ്കിലും തുടക്കത്തിലെ കൂട്ട തകർച്ചയിൽ നിന്ന് കരകയറാൻ അതൊന്നും മതിയാകുമായിരുന്നില്ല, അവസാന ഓവറുകളിൽ നന്നായി ബാറ്റ് ചെയ്ത കേശവ് മഹാരാജിന്റെ (41) ഇന്നിംഗ്സ് ആണ് സൗത്ത് ആഫ്രിക്കയെ 100 കടക്കാൻ സഹായിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും തുടക്കത്തിൽ തന്നെ രോഹിത് ശർമയെ റൺ എടുക്കുന്നതിന് മുമ്പ് നഷ്ടമായി, റബാഡയുടെ ബോളിൽ വിക്കറ്റ് കീപ്പർ ഡി കോക്കിന്റെ കൈകളിൽ എത്തുകയായിരുന്നു, പിന്നാലെ മികച്ച ഫോമിലുള്ള കോഹ്ലിയെയും (3) ഇന്ത്യക്ക് നഷ്ടമായി, 17/2 എന്ന നിലയിൽ ആയ ഇന്ത്യയെ പിന്നീട് ക്രീസിൽ ഒത്തു ചേർന്ന കെ.എൽ രാഹുലും (51) സൂര്യകുമാർ യാദവും (50) വിജയത്തിലെത്തിക്കുകയായിരുന്നു, മൂന്നാം വിക്കറ്റിൽ 93 റൺസിന്റെ അപരാജിത കൂട്ട്കെട്ട് ഉണ്ടാക്കി ഇരുവരും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ഏഴാം ഓവറിൽ നോർട്ജെ എറിഞ്ഞ ആദ്യ ബോളിൽ കോഹ്ലി പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് സ്ക്വയർ ലെഗിലേക്ക് 2 കൂറ്റൻ സിക്സ് അടിച്ചാണ് ക്രീസിലേക്കുള്ള തന്റെ വരവറിയിച്ചത്, സമ്മർദ്ദ ഘട്ടത്തിൽ ക്രീസിൽ എത്തിയിട്ടും തെല്ലും ഭയമില്ലാതെ ആ ഓവറിൽ തന്നെ സിക്സ് അടിച്ച് കളി പതിയെ ഇന്ത്യയുടെ വരുതിയിലേക്ക് കൊണ്ട് വരാൻ സൂര്യകുമാറിന് സാധിച്ചു.
വിഡിയോ: