ഐപിഎല്ലിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസിനെ 27 റൺസിന് കീഴടക്കിയിരുന്നു. ഇതോടെ 15 പോയിന്റുമായി പട്ടികയിൽ രണ്ടാമത് നിൽക്കുന്ന ചെന്നൈ, പ്ലേഓഫിലേക്ക് കൂടുതൽ അടുത്തു. ഡൽഹിയാകട്ടെ ടൂർണമെന്റിൽ നിന്നും പുറത്തേക്കുള്ള വഴി കണ്ടെത്തിയിരിക്കുകയാണ്. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, നിശ്ചിത 20 ഓവറിൽ 8 വിക്കറ്റിന് 167 റൺസ് നേടിയപ്പോൾ, ഡൽഹിയുടെ ഇന്നിങ്സ് 140/8 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.
ചെന്നൈയ്ക്ക് വേണ്ടി ആർക്കും വലിയ ഇന്നിങ്സുകൾ കളിക്കാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവരും തങ്ങളുടെതായ ചെറിയ ചെറിയ സംഭാവനകൾ നൽകുകയായിരുന്നു. 12 പന്തിൽ 3 സിക്സുൾപ്പെടെ 25 റൺസെടുത്ത ശിവം ദുബെയാണ് ടോപ് സ്കോററായത്. മറുപടി ബാറ്റിങ്ങിൽ 25/3 എന്ന നിലയിൽ പതറിയ ഡൽഹി, മനീഷ് പാണ്ഡെയുടെയും റൂസ്സോയുടെയും അക്ഷർ പട്ടേലിന്റെയും ചെറുത്തുനിൽപ്പിൽ പൊരുതിനോക്കിയെങ്കിലും 140 റൺസ് വരെ എത്താൻ മാത്രമേ കഴിഞ്ഞുള്ളൂ. ബോളുകൊണ്ടും ബാറ്റ് കൊണ്ടും സംഭാവന നൽകിയ ഓൾറൗണ്ടർ ജഡേജയാണ് കളിയിലെ താരമായത്.
മത്സരത്തിൽ ചെന്നൈ നായകനായ ധോണി 9 പന്ത് നേരിട്ട് ഒരു ഫോറും രണ്ട് സിക്‌സുമടക്കം 20 റൺസ് നേടിക്കൊണ്ട് അവർക്ക് മികച്ച ഫിനിഷ് നൽകിയിരുന്നു. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ധോണി പുറത്തായത്. അതിനിടെ ധോണി കളിക്കളത്തിലേക്ക് ഇറങ്ങിയ സമയത്ത് തലൈവർ രജനികാന്തിന്റെ സൂപ്പർ ഹിറ്റായ ‘പടയപ്പ’യിലെ ബിജിഎം മൈതാനത്ത് പ്ലെ ചെയ്തിരുന്നു. ആർത്തിരമ്പി നിൽക്കുന്ന ചെന്നൈ ആരാധകരുടെ നടുവിലേക്ക് തലൈവർ മാസ്സ് ബിജിഎമ്മിന്റെ അകമ്പടിയോടെ നടന്നുവരുന്ന തല ധോണിയുടെ ദൃശ്യങ്ങൾ ഒന്നു കാണേണ്ടത് തന്നെയാണ്. ധോണിയുടെ ഭാര്യ സാക്ഷിയും മകൾ സിവയും ഇന്നലെ ഗാലറിയിൽ മത്സരം കാണാൻ സന്നിഹിതരായിരുന്നു.