ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാൻ ഇറങ്ങുന്നത് പരിക്കേറ്റ തങ്ങളുടെ ഒന്നാം നമ്പർ പേസർ ഷഹീൻ ഷാ അഫ്രീദി ഇല്ലാതെയാണ്. കാൽമുട്ടിന് ഏറ്റ പരുക്ക് പൂർണമായി ഭേദമാകാൻ കുറഞ്ഞത് നാല് മുതൽ ആറ് ആഴ്ച വരെ വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് താരത്തിന് ഏഷ്യ കപ്പ് മത്സരങ്ങൾ മുഴുവനായും നഷ്ടമാകും എന്ന് വ്യക്തമായത്.
ഇന്ത്യൻ ടോപ് ഓർഡർ താരങ്ങൾക്ക് അഫ്രീദിയുടെ അഭാവം വളരെ അധികം ആശ്വാസം നൽകുമെന്ന പ്രസ്താവനയുമായി മുൻ പാകിസ്താൻ താരം വഖാർ യൂനിസ് രംഗത്തെത്തിയിരുന്നു. കാരണം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കഴിഞ്ഞ വർഷം നടന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ അഫ്രീദിയുടെ ഇടം കൈ സ്വിംഗ് ബോളിങ്ങിനു മുന്നിൽ ഇന്ത്യൻ ടോപ് ഓർഡർ മുട്ടുമടക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മത്സരത്തിൽ പാകിസ്ഥാൻ 10 വിക്കറ്റിന് വിജയിക്കുകയും ചെയ്തു.
ഓഗസ്റ്റ് 28 ന് വീണ്ടും ഒരിക്കൽ കൂടി ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ എങ്ങനെ അദ്ദേഹത്തിന്റെ പന്തുകളെ അതിജീവിക്കാം എന്ന ചിന്തയായിരുന്നു ടീം ഇന്ത്യക്ക്. അഫ്രീദി കളിക്കുകയില്ല എന്ന് വ്യക്തമായി, എന്നാലിപ്പോൾ പുതിയ ഒരു താരോദയം ഉണ്ടായിരിക്കുകയാണ് പാകിസ്താൻ ടീമിൽ. 19 വയസ്സുമാത്രം പ്രായമുള്ള നസീം ഷാ എന്നു പേരായ യുവതാരം. ഇന്ത്യ ഒന്ന് കരുതിയിരിക്കണം അദ്ദേഹത്തെ.
വളരെ ചെറു പ്രായത്തിൽ തന്നെ (16 വയസ്സിൽ) പാകിസ്താൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച ഈ വലംകയ്യൻ പേസർ വരാനിരിക്കുന്ന ഏഷ്യ കപ്പിൽ പാക്കിസ്ഥാന്റെ തുറുപ്പുചീട്ട് ആകാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. ഏഷ്യ കപ്പ് ട്വന്റി ട്വന്റി ഫോർമാറ്റിൽ ആണെങ്കിലും ഇതുവരെ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചിട്ടില്ല നസീമിന്.
2019ൽ പതിനാറാം വയസ്സിൽ ഓസ്ട്രേലിയക്ക് എതിരെ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും പ്രായംകുറഞ്ഞ ഒൻപതാമത്തെ അരങ്ങേറ്റക്കാരൻ. 2019 ഡിസംബറിൽ ശ്രീലങ്ക ടെസ്റ്റിൽ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അഞ്ച് വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും ആദ്യത്തെ പേസ് ബോളറുമായി. 2020 ഫെബ്രുവരിയിൽ ബംഗ്ലാദേശിന് എതിരെ ഹാട്രിക് നേടിയ നസീം ഷാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഹാട്രിക് നേട്ടത്തിന് ഉടമയായി.
ഇപ്പോൾ നടന്നുകൊണ്ടിരുന്ന നെതർലൻഡ്സ് ഏകദിന പരമ്പരയിൽ വച്ചാണ് തന്റെ ഏകദിന അരങ്ങേറ്റം താരം കുറിച്ചത്. വളരെ മികച്ച രീതിയിൽ പന്തെറിഞ്ഞു ശ്രദ്ധ നേടിയ അദ്ദേഹം പാകിസ്താന്റെ ഏഷ്യ കപ്പ് സ്ക്വാഡിലും ഉണ്ട്. പാകിസ്താൻ 9 റൺസിന് വിജയിച്ച അവസാന ഏകദിനത്തിൽ 10 ഓവറിൽ വെറും 33 റൺസ് വഴങ്ങി തന്റെ മൂന്നാം മത്സരത്തിൽ തന്നെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന പേസറായി അദ്ദേഹം മാറി. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം തന്നെയാണ്. ആദ്യ മത്സരത്തിൽ മൂന്നും രണ്ടാം മത്സരത്തിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി നല്ല സ്ഥിരതയോടെയാണ് പന്തെറിഞ്ഞത്.
സ്റ്റമ്പ് പോണ പോക്ക് കണ്ടിട്ട് ഇന്ത്യ കരുതി ഇരിക്കുന്നത് നല്ലത് ആണെന്ന് തോന്നുന്നു !വീഡിയോ കാണാം