പാകിസ്താനെ 23 റൺസിന് തകർത്ത് ഏഷ്യകപ്പ് കിരീടം ചൂടി ശ്രീലങ്ക, മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ നിർബന്ധിതരായ ശ്രീലങ്ക തകർച്ചയോടെയാണ് തുടങ്ങിയത് പാക്കിസ്ഥാൻ പേസ് ബോളർമാർ ശ്രീലങ്കൻ മുൻ നിരയുടെ അന്തകരായപ്പോൾ 58/5 എന്ന നിലയിൽ തകർന്നടിഞ്ഞു ലങ്കൻ നിര, അവിടെ നിന്നും ഭാനുക രജപക്ഷ ശ്രീലങ്കൻ ടീമിന്റെ രക്ഷകനായി അവതരിക്കുകയായിരുന്നു, ഹസരംഗയുമൊത്ത് 6 ആം വിക്കറ്റിൽ നിർണായക കൂട്ട് കെട്ട് പടുത്തുയർത്തി ലങ്കയെ കൂട്ടതകർച്ചയിൽ നിന്ന് പതിയെ കരകയറ്റി, പാക്കിസ്ഥാൻ ബോളർമാരെ സധൈര്യം നേരിട്ട ആ ഇന്നിങ്ങിസിനു നൂറിൽ നൂറു മാർക്ക് കൊടുക്കാം, നിർണായകമായ ആ 71* റൺസിന് ഏഷ്യകപ്പിനോളം വിലയുണ്ട് എന്ന് പറഞ്ഞാൽ അത് അതിശയോക്തി ആവില്ല.
171 വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താനെ മികച്ച രീതിയിൽ പന്തെറിഞ്ഞ ലങ്കൻ ബോളർമാർ വരിഞ്ഞു മുറുക്കി, വിക്കറ്റ് കൈയിൽ ഉണ്ടായിട്ടും പാകിസ്താന് ആക്രമിച്ച് കളിക്കാൻ ഒരു അവസരവും അവർ നൽകിയില്ല, ശ്രീലങ്കൻ ക്യാപ്റ്റൻ ഷാണകയ്ക്ക് ക്യാപ്റ്റൻസിയിലുള്ള അപാര കഴിവ് ലങ്കൻ വിജയത്തിലെ നിർണായക ഘടകമാണ്, ഫീൽഡ് സെറ്റ് ചെയ്യുന്നതിലും ഏത് ബോളറെ എപ്പോൾ കൊണ്ട് വരണമെന്നും കൃത്യമായ കണക്കു കൂട്ടലും, അത് നടപ്പിൽ വരുത്താനും സാധിച്ചു എന്നത് ഒരു മികച്ച ക്യാപ്റ്റന് വേണ്ട ഏറ്റവും വലിയ കഴിവുകളിൽ ഒന്നാണ്,
ഏഷ്യ കപ്പ് തുടങ്ങുന്നതിന് മുമ്പ് ക്രിക്കറ്റ് നിരൂപകരോ, ആരും തന്നെ ശ്രീലങ്ക ഫൈനലിൽ എത്തും എന്ന് പോലും പ്രതീക്ഷിച്ചിട്ടില്ല, ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് 8 വിക്കറ്റിന് തോറ്റതോട് കൂടി ലങ്കയെ എല്ലാവരും എഴുതി തള്ളിയിരുന്നു, എന്നാൽ ആ തോൽവിക്ക് ശേഷം ഒരു ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചു അവർ, പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറി, ആ മുന്നേറ്റം അവരെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന്റെ പോരാട്ടം കൂടെ ആയിരുന്നു.
ഫൈനൽ മത്സരത്തിൽ ഇന്ത്യ, അഫ്ഗാൻ കാണികളുടെ പിന്തുണ മുഴുവൻ ശ്രീലങ്കയ്‌ക്കൊപ്പമായിരുന്നു, അവർ ലങ്കയ്ക്കായി ജയ് വിളിച്ചു സ്റ്റേഡിയത്തിൽ സജീവമായിരുന്നു, മത്സരത്തിൽ “ലങ്കൻ” ആരാധനും പാക്കിസ്ഥാൻ ആരാധകനും തമ്മിലുള്ള വാക് പോരാട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു, എന്നാൽ റിസ്‌വാൻ ഔട്ട് ആയതിനു ശേഷമാണ് ചുറ്റുമുള്ളവർക്ക് കാര്യം മനസ്സിലായതും, ശ്രീലങ്കൻ ആരാധകൻ ശരിക്കും ആരാണ് എന്ന് മനസ്സിലായതും.
Written By: അഖിൽ. വി. പി. വള്ളിക്കാട്.