ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസീസിനെ തകർത്ത് ടീം ഇന്ത്യക്ക് വിജയത്തുടക്കം. ഒരു ഇന്നിങ്സിനും 132 റൺസിനുമാണ് ഓസ്ട്രേലിയ പരാജയം സമ്മതിച്ചത്. മത്സരത്തിൽ വാലറ്റം മികവ് പുലർത്തിയപ്പോൾ 223 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യൻ ടീം മുൻതൂക്കം സ്വന്തമാക്കി. എങ്കിലും ഒന്നു ചെറുത്തുനിൽപ്പിന് പോലും ശ്രമിക്കാതെ രണ്ടാം ഇന്നിങ്സിൽ വെറും 91 റൺസ് മാത്രമെടുത്ത് കങ്കാരുപ്പട കീഴടങ്ങുകയായിരുന്നു. മത്സരത്തിലാകെ 7 വിക്കറ്റുകൾ വീഴ്ത്തുകയും ഒന്നാം ഇന്നിംഗ്സിൽ 70 റൺസ് നേടുകയും ചെയ്ത ജഡേജയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
321/7 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് ജഡേജയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എങ്കിലും ഒൻപതാം വിക്കറ്റിൽ ഷമിയും അക്ഷറും 52 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. ഏകദിനശൈലിയിൽ ബാറ്റ് വീശിയ ഷമി 2 ഫോറും 3 സിക്സും പറത്തി 37 റൺസെടുത്ത ശേഷമാണ് പുറത്തായത്. പത്താം വിക്കറ്റിൽ സിറാജിന്റെ കൂടെ 20 റൺസ് കൂടി എടുത്ത അക്ഷർ പട്ടേൽ ഇന്ത്യൻ സ്കോർ 400 റൺസിൽ എത്തിച്ചു. തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കണ്ടെത്തി 84 റൺസ് എടുത്ത് അദ്ദേഹം പുറത്തായി. അരങ്ങേറ്റമത്സരം കളിച്ച സ്പിന്നർ മർഫി 7 വിക്കറ്റ് സ്വന്തമാക്കി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ നിലംപരിശാക്കിയത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ മാസ്മരിക പ്രകടനമായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി അശ്വിന്റെ പന്തുകൾ നേരിടാനായി അതേ ശൈലിയിൽ പന്തെറിയുന്ന ബറോഡയുടെ താരം മഹേഷ് പിതിയയെ നെറ്റ് ബോളറായി ഓസീസ് ടീം ഉൾപ്പെടുത്തിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ ജഡേജ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചപ്പോൾ അശ്വിന് വാലറ്റത്തെ 3 വിക്കറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഒരുപരിധിവരെ അശ്വിനെ നേരിടാൻ ഓസീസ് ടോപ് ഓർഡർ താരങ്ങൾ പഠിച്ചുവെന്നു എല്ലാവരും കരുതി. എന്നാൽ രണ്ടാം ഇന്നിങ്സിൽ അദ്ദേഹം തന്റെ വിശ്വരൂപം പുറത്തെടുത്ത്, എന്തുകൊണ്ടാണ് തന്നെ എല്ലാവരും ഇത്രയധികം ഭയപ്പെടുന്നത് എന്ന് തെളിയിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ, അതിൽ നാലു പേരെയും വിക്കറ്റിന് മുന്നിൽ കുരുക്കിയാണ് പുറത്താക്കിയത്. ഷമിയും ജഡേജയും രണ്ട് വിക്കറ്റ് വീതവും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.
5 വിക്കറ്റ് വിഡിയോ :