ഈ നവംബർ മാസം തുടക്കത്തിൽ ബംഗ്ലാദേശ് അണ്ടർ 19 ടീം പാക്കിസ്ഥാനിലേക്ക് ഒരു പര്യടനം നടത്തിയിരുന്നു. പാക്ക് അണ്ടർ 19 ടീമുമായി ഒരു യൂത്ത് ടെസ്റ്റ്(ചതുർദിന മത്സരം), 3 ഏകദിനങ്ങൾ, 2 ട്വന്റി ട്വന്റി മത്സരങ്ങൾ എന്നിവയടങ്ങിയതായിരുന്നു ആ പര്യടനം. മുൾട്ടാനിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചായിരുന്നു എല്ലാ മത്സരങ്ങളും നടന്നത്. ഒരേയൊരു യൂത്ത് ടെസ്റ്റ് സമനിലയിൽ കലാശിച്ചു. ഏകദിന പരമ്പര 2-1ന് ബംഗ്ലാദേശ് അണ്ടർ 19 ടീം സ്വന്തമാക്കിയപ്പോൾ ട്വന്റി ട്വന്റി പരമ്പരയിൽ ഇരു ടീമുകളും 1-1ന് സമനിലപാലിക്കുകയാണ് ഉണ്ടായത്.
നവംബർ 4 മുതൽ 7 വരെയായി അരങ്ങേറിയ യൂത്ത് ടെസ്റ്റ് മത്സരമായിരുന്നു ആദ്യം നടന്നത്. മത്സരത്തിൽ ടോസ് നേടിയ പാക്ക് ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയാണുണ്ടായത്. ആദ്യ ഇന്നിംഗ്സിൽ അവർ 224 റൺസ് നേടിയിരുന്നു. മറുപടിയായി ബംഗ്ലാദേശ് വെറും 161 റൺസിൽ ഓൾഔട്ടായി. രണ്ടാം ഇന്നിംഗ്സിൽ അതിലും മെച്ചപ്പെട്ട പ്രകടനം നടത്തിയ പാക്ക് ടീം, രണ്ട് മധ്യനിരതാരങ്ങൾ സെഞ്ചുറിനേട്ടം കൈവരിച്ചപ്പോൾ 347 റൺസിലെത്തി. എങ്കിലും 411 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാ കടുവകൾ മികച്ച പോരാട്ടവീര്യം കാഴ്ചവെച്ച് മത്സരം സമനിലയിലാക്കി. 92 ഓവറിൽ 357/6 എന്ന നിലയിൽ ആയിരുന്നു മത്സരം അവസാനിക്കുമ്പോൾ അവർ.
മത്സരം അവസാനിച്ച് ആഴ്ചകൾ കഴിഞ്ഞെങ്കിലും അതിലെ ഒരു രസകരമായ നിമിഷത്തിന്റെ വിഡിയോ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൻതരംഗമായി പറന്നുനടക്കുകയാണ്. പാക്കിസ്ഥാൻ ടീമിന്റെ ബാറ്റിങ്ങിന് ഇടയിലാണ് സംഭവം ഉണ്ടായത്. ഓഫ് സൈഡിലേക്ക് കളിച്ച് സിംഗിൾ നേടാനായിരുന്നു പാക്ക് താരത്തിന്റെ ശ്രമം. ക്രീസിൽ നിന്നും അൽപ്പം മുന്നോട്ട് കയറിവന്ന സ്ട്രൈക്കർ പിന്നീട് റൺസ് എടുക്കാൻ സാധ്യമല്ല എന്ന് മനസ്സിലാക്കിയതോടെ തിരിച്ച് ക്രീസിലെക്ക് മടങ്ങുന്നു. എന്നാൽ അപ്പോഴേക്കും നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന താരവും അവിടേക്ക് ഓടിയെത്തി, അതായത് രണ്ട് ബാറ്റർമാരും ഒരേ എൻഡിൽ. ഉടനെ വിക്കറ്റ് കീപ്പർ റൺഔട്ട് അവസരത്തിനായി ബോളറുടെ എൻഡിലേക്ക് ഓടുന്നതും വീഡിയോയിൽ കാണാം. പക്ഷേ, ഫീൽഡർക്ക് പന്ത് കൃത്യമായി എടുത്ത് എറിയാൻ കഴിഞ്ഞില്ല. അതോടെ ബാറ്റിംഗ് എൻഡിലേക്ക് പോയ നോൺ സ്ട്രൈക്കർ തിരികെ ബോളിങ് എൻഡിലേക്ക് ഓടിയെത്തുന്നു. ഫീൽഡറൂടെ ലക്ഷ്യം പിഴച്ച ത്രോ കീപിങ് എൻഡിലേക്കും… ആകെ മൊത്തം കോമഡി!!!