ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ കീഴടക്കിയ ടീം ഇന്ത്യ ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിലെ ലോ സ്കോറിഗ് പോരാട്ടത്തിൽ 41 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറിൽ 213 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 41.3 ഓവറിൽ 172 റൺസിന് ഓൾഔട്ടായി. അവസാനംവരെ പൊരുതിയ വെല്ലാലഗെ 42 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ ഇന്ത്യൻ ടോപ് ഓർഡർ ഒന്നടങ്കം വീഴ്ത്തിയ ഇടംകൈയ്യൻ സ്പിന്നർ വെല്ലാലഗെ തന്നെയാണ് ഇന്ത്യയെ ഞെട്ടിച്ചത്. കരിയറിലെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. 4 വിക്കറ്റ് വീഴ്ത്തിയ അസാലങ്കയും മികച്ച പിന്തുണ നൽകി. ഇന്ത്യൻ നിരയിൽ നായകൻ രോഹിത് 53 റൺസും രാഹുൽ 39 റൺസും കിഷൻ 33 റൺസും എടുത്തു. ശർദൂൾ താക്കൂറിന് പകരം ടീമിൽ ഇടംനേടിയ അക്സർ പട്ടേൽ, 26 റൺസെടുത്ത് ഇന്ത്യൻ സ്കോർ 200 കടത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ബുംറയും സിറാജും വെള്ളം കുടിപ്പിച്ചു. 25/3 എന്ന നിലയിൽ നിന്നും സദീരയും അസലാങ്കയും ചേർന്ന കൂട്ടുകെട്ട് കരകയറ്റി. എങ്കിലും കുൽദീപ് യാദവ് പന്തെടുത്തതോടെ അത് പൊളിച്ചു. നായകൻ ശനക പുറത്താകുമ്പോൾ സ്കോർ 99/6. ഇന്ത്യ വിജയം ഉറപ്പിച്ച ഘട്ടത്തിൽ ഏഴാം വിക്കറ്റിൽ ഡെസിൽവയും വെല്ലലാഗെയും അപ്രതീക്ഷിത പ്രകടനം കാഴ്ചവച്ചു. കൊളംബോയിൽ തിങ്ങിനിറഞ്ഞ ശ്രീലങ്കൻ ആരാധകരും അവർക്ക് ഉറച്ച പിന്തുണ നൽകി.
ഒടുവിൽ ഏഴാം വിക്കറ്റിൽ 63 റൺസിൻ്റെ കൂട്ടുകെട്ട് ഡെസിൽവയെ പുറത്താക്കി ജഡേജ പൊളിച്ചു. വാലറ്റത്തെ കൂട്ടുപിടിച്ച് വിജയത്തിൽ എത്താമെന്ന വെല്ലലഗെയുടെ മോഹങ്ങൾക്ക് അധികം ആയുസ്സുണ്ടായില്ല. 14 പന്തുകൾ പ്രതിരോധിച്ച മഹീഷ് തീക്ഷണ ഒടുവിൽ സൂര്യകുമാർ യാദവിൻ്റെ കിടിലൻ ഡൈവിങ് ക്യാച്ചിൽ പുറത്തായി. സബ് ഫീൽഡറായി ഗ്രൗണ്ടിൽ എത്തിയ അദ്ദേഹം, മിഡ് ഓണിൽ തൻ്റെ വലതുവശത്തേക്ക് ഓടി, താഴ്ന്നുവന്ന പന്ത് പറന്നുപിടിക്കുകയായിരുന്നു.
വീഡിയോ..