മഴ വില്ലനായി എത്തിയതോടെ സിംബാബ്‌വെക്കെതിരെ അർഹിച്ച ജയം നഷ്ട്ടമായിരിക്കുകയാണ് സൗത്താഫിക്കയ്ക്ക്. മഴമൂലം ഏറെ വൈകി ആരംഭിച്ച മത്സരം 9 ഓവറാക്കി ചുരുക്കിയാണ് തുടർന്നത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 9 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 79 റൺസ് നേടി. മഴ വീണ്ടും എത്തിയാൽ മത്സരം ഉപേക്ഷിക്കാൻ സാധ്യതയുള്ളതിനാൽ ചെയ്‌സിങ്ങിൽ ആദ്യ ഓവർ മുതൽ തന്നെ ആക്രമിച്ച് കളിക്കുകയായിരുന്നു.
ആദ്യ ഓവറിൽ തന്നെ ഡിക്കോക് 23 റൺസാണ് അടിച്ചു കൂട്ടിയത്. ഹാട്രിക്ക് ഫോറും പിന്നാലെ സിക്‌സും ഫോറും അവസാനം സിംഗിൾ നേടുകയായിരുന്നു. ആദ്യ ഓവർ അവസാനിച്ചതിന് പിന്നാലെ മഴ എത്തിയതോടെ വീണ്ടും സമയം നഷ്ട്ടമായി. മഴ ശമിച്ചതിന് പിന്നാലെ 7 ഓവറിൽ 63 ലക്ഷ്യം എന്ന നിലയിലേക്ക് മത്സരം ചുരുക്കി.
രണ്ടാം ഓവർ മുഴുവനും നേരിട്ട ഡിക്കോക് 17 റൺസ് നേടി. ഇതോടെ 2 ഓവറിൽ 40 റൺസാണ് ഡിക്കോക് സ്‌കോർ ബോർഡിൽ ഒറ്റയ്ക്ക് ചേർത്തത്. അന്താരാഷ്ട്ര ടി20യിൽ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ രുന്ന നേടുന്ന രണ്ടാമത്തെ ബാറ്റർ എന്ന റെക്കോർഡ് ഇതിനിടെ ഡിക്കോകിനെ തേടിയെത്തിയിരുന്നു.
മൂന്നാം ഓവറിൽ 11 റൺസ് നേടിയതിന് പിന്നാലെ മഴ എത്തിയതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു ഓവർ കൂടി ലഭിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ സൗത്താഫ്രിക്ക ജയം നേടിയേനെ. 1 പോയിന്റ് മാത്രമാണ് ലഭിച്ചത്. ഡിക്കോക് 18 പന്തിൽ 1 സിക്‌സും 8 ഫോറും സഹിതം 47 റൺസ് നേടിയിരുന്നു. ബാവുമ 2 പന്തിൽ 2 റൺസ് നേടിയിട്ടുണ്ട്.
ഇന്നലെ നടന്ന ട്വന്റി ട്വന്റി ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന്റെ ആവേശവിജയം നേടിയെങ്കിലും സമൂഹമാധ്യമങ്ങളിൽ ഇരു ടീമുകളുടെയും ആരാധകരുടെ പരസ്പരമുള്ള വാഗ്വാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. മത്സരത്തിൽ ഒരുപാട് നാടകീയത നിറഞ്ഞ വിവാദനിമിഷങ്ങൾ ഉണ്ടായിരുന്നു.
ഇന്ത്യക്ക് 3 പന്തിൽ 13 റൺസ് വിജയലക്ഷ്യം ഉണ്ടായിരിക്കെ വിരാട് കോഹ്‌ലി ഒരു ഹൈ ഫുൾടോസ് ബോളിൽ സിക്സ് നേടിയിരുന്നു. അത് അമ്പയർമാർ നോബോൾ കൂടി വിളിച്ചതോടെ പാക്ക് താരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോഹ്‌ലി ക്രീസിൽ നിന്നും മുന്നോട്ട് കയറിവന്ന് ഷോട്ട് കളിച്ചുവെന്നും അത് ഒരിക്കലും നോബോൾ ആവില്ലെന്നും വാദിച്ച അവരെ ഒരുവിധത്തിൽ സമാധാനിപ്പിച്ച് അമ്പയർമാർ തിരികെ അതാത് ഫീൽഡിംഗ് പൊസിഷനുകളിലേക്ക് തിരിച്ചയച്ചു.
തുടർന്ന് ഫ്രീഹിറ്റ് ബോളിൽ കോഹ്‌ലി ക്ലീൻ ബോൾഡായി. പക്ഷേ നിയമപ്രകാരം ഫ്രീഹിറ്റ് ബോളിൽ റൺഔട്ട് മാത്രമേ സാധ്യമായ പുറത്താക്കൽ രീതി ഉള്ളൂ. അതുകൊണ്ട് തന്നെ വിക്കറ്റിൽ തട്ടി പിന്നിലേക്ക് പോയ പന്തിൽ കോഹ്‌ലിയും ദിനേശ് കാർത്തിക്കും ചേർന്ന് മൂന്ന് റൺസ് ഓടിയെടുക്കുകയായിരുന്നു. അവിടെ തുടങ്ങി പാക്ക് താരങ്ങളുടെ അടുത്ത പ്രതിഷേധം. പന്ത് വിക്കറ്റിൽ കൊണ്ടാൽ പിന്നെ ഡെഡ് ആയി കണക്കാക്കും എന്നായിരുന്നു അവർ ഒന്നടങ്കം പരാതിപ്പെട്ടത്.
അപ്പോഴും അമ്പയർമാർ ഇടപെട്ട് രംഗം ശാന്തമാക്കി. ഐസിസി നിയമപ്രകാരം പന്ത് വിക്കറ്റ് കീപ്പറുടെയോ ബോളറുടെയോ കയ്യിൽ എത്തിയാലെ പന്ത് ഡെഡ് ബോൾ ആകുകയുള്ളുവെന്നു അമ്പയർമാർ വ്യക്തമാക്കി. ഇവിടെ പന്ത് നേരെ വിക്കറ്റിൽതട്ടി തേർഡ് മാൻ ഏരിയയിലേക്ക് പോകുകയായിരുന്നു. മത്സരശേഷം സമൂഹമാധ്യമങ്ങളിൽ പാക്ക് മുൻതാരങ്ങളും ആരാധകരും ഐസിസിക്കെതിരെയും അമ്പയർമാർക്കെതിരെയും വിമർശനശരങ്ങൾ തൊടുത്തുകൊണ്ടിരിക്കുകയാണ്. ഐസിസിയെ നിരോധിക്കണം എന്നും, ഇന്ത്യക്ക് വേണ്ടി അമ്പയർമാർ ഒത്തുകളിച്ചു എന്നുമൊക്കേയാണ് അവർ പറയുന്നത്.
ഇതിനുള്ള മറുപടി എന്നോണം ഇന്ത്യൻ ആരാധകരും സമൂഹമാധ്യമങ്ങളിൽ ഇന്നലെ മത്സരത്തിൽ ഉണ്ടായ മറ്റൊരു സംഭവവും പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യക്ക് വേണ്ടി നാലാം വിക്കറ്റിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇടംകയ്യൻ ബാറ്റർ അക്സർ പട്ടേൽ മത്സരത്തിൽ റൺഔട്ട് ആകുകയായിരുന്നു ഉണ്ടായത്. അതും ഒരു വിവാദതീരുമാനം ആയിരുന്നു. സ്പിന്നർ ശധാബ് ഖാൻ എറിഞ്ഞ ഏഴാം ഓവറിന്റെ ആദ്യ പന്തിൽ ലെഗ് സൈഡിലേക്ക് കളിച്ച് സിംഗിൾ നേടി കോഹ്‌ലിക്ക് സ്ട്രൈക്ക് കൈമാറാൻ ആയിരുന്നു പട്ടേലിന്റെ ശ്രമം. ഇരു താരങ്ങളും ഓടിത്തുടങ്ങിയെങ്കിലും പന്ത് നേരെ ഫീൽഡറുടേ കൈകളിലേക്ക് പോയി എന്നുമനസ്സിലാക്കിയ കോഹ്‌ലി പട്ടേലിനെ മടക്കി അയക്കുകയായിരുന്നു.
എന്നാൽ പാക്ക് താരത്തിന്റെ ഏറ് വിക്കറ്റിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പോകുകയായിരുന്നുവെങ്കിലും വിക്കറ്റ് കീപ്പർ റിസ്‌വാന്റെ കൈകളിൽ തട്ടി ബൈൽസ് വീണതും ഒരുമിച്ചായിരുന്നു. ആദ്യം നോക്കിയപ്പോൾ റൺഔട്ട് ചാൻസ് മിസാക്കിയ ഭാവത്തിൽ ആയിരുന്നു പാക്ക് താരങ്ങൾ എന്നത് വീഡിയോയിൽ വ്യക്തമായി കാണാം. എങ്കിലും തീരുമാനം തേർഡ് അമ്പയറിന്റെ പരിശോധനക്ക് അമ്പയർമാർ വിടുകയും റിസ്‌വാൻ ഗ്ലൗസ് സ്റ്റമ്പിൽ തട്ടുമ്പോൾ പന്ത് വിക്കറ്റിൽ കൊണ്ടുവെന്ന് വിധിയെഴുതിയ അദ്ദേഹം ഔട്ട് വിളിച്ചു. എങ്കിലും പിന്നീട് വീഡിയോയിൽ ശ്രദ്ധിച്ച് നോക്കുമ്പോൾ റിസ്‌വാൻ ബൈൽസ് നീക്കുന്ന സമയത്ത് പന്ത് ഗ്ലവ്സിൽ എത്തിയിട്ടില്ല എന്ന് കാണാം. മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ് അടക്കമുള്ളവർ ട്വിറ്റെറിൽ ഇത് സത്യത്തിൽ ഔട്ട് അല്ല എന്ന് പറയുന്നു.
ക്രിക്കറ്റിലെ തന്നെ വിരളമായ സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് സൗത്താഫ്രിക്ക സിംബാബ്‌വെ തമ്മിലുള്ള മത്സരം. വിക്കറ്റ് കീപ്പർ ഡികോക്കിന്റെ നിസാരമായ അശ്രദ്ധ കാരണം മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് 5 ബൈ റൺസ് വഴങ്ങേണ്ടി വന്നു. നോർജെ എറിഞ്ഞ ഒമ്പതാം ഓവറിലാണ് സംഭവം അരങ്ങേറിയത്.
സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന ശുമ്പ നോർജെയുടെ ഡെലിവറി തേർഡ് മാനിലൂടെ കടത്തി സിംഗിൾ നേടുകയായിരുന്നു. ബൗണ്ടറി ലൈനിന് അരികിൽ ഉണ്ടായിരുന്ന എങ്കിടിയ്ക്കായിരുന്നു പന്ത് ലഭിച്ചത്. ഉടനെ വിക്കറ്റ് കീപ്പർ ഡിക്കോകിനായി എറിഞ്ഞു കൊടുത്തു. ഡിക്കോക് പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്.
ഡിക്കോകിന്റെ കൈയിലെ ഗ്ലൗവ് പന്ത് പിടിക്കുന്നതിന് മുമ്പായി ഗ്രൗണ്ടിൽ വീഴുകയും എങ്കിടി എറിഞ്ഞ പന്ത് കൃത്യമായി അതിൽ കൊള്ളുകയും ചെയ്തു. ഇതോടെയാണ് 5 റൺസ് പിഴയായി വിധിച്ചത്. അമ്പയർ 5 റൺസ് വിധിച്ചത് ആദ്യം സൗത്താഫ്രിക്കൻ താരങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും പിന്നീട് ബിഗ് സ്ക്രീനിൽ റീപ്ലേ കാണിച്ചതോടെയാണ് കാര്യം മനസ്സിലായത്.
മത്സരത്തിൽ മഴക്കാരണം സൗത്താഫ്രിക്കയ്ക്ക് ജയം നഷ്ടപ്പെട്ടു. 79 വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്ക മഴ ഭീഷണിയുള്ളതിനാൽ അതിവേഗം ജയത്തിലേക്ക് കുതിക്കാൻ ശ്രമിച്ചുവെങ്കിലും 3 ഓവർ പൂർത്തിയായതിന് പിന്നാലെ മഴയെത്തുകയായിരുന്നു. മഴക്കാരണം ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. 9 ഓവറായി മത്സരം ചുരുക്കുകയും ചെയ്തിരുന്നു.
3 ഓവറിൽ സൗത്താഫ്രിക്ക 51 റൺസാണ് അടിച്ചു കൂട്ടിയത്. ഡിക്കോക് 18 പന്തിൽ 1 സിക്‌സും 8 ഫോറും ഉൾപ്പെടെ 47 റൺസ് നേടി. ബാവുമ 2 പന്തിൽ 2 റൺസും. സൗത്താഫ്രിക്കയ്ക്ക് വേണ്ടി ബൗളിങ്ങിൽ എങ്കിടി 2 വിക്കറ്റും പാർണൽ, നോർജെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മത്സരം അവസാനിച്ചിട്ട് ഏകദേശം 24 മണിക്കൂർ കഴിഞ്ഞെങ്കിലും ഇപ്പോഴും അതിന്റെ മാറ്റൊലികൾ ഒരു ഇന്ത്യക്കാരന്റെയും മനസ്സിൽ നിന്നും മാഞ്ഞിട്ടുണ്ടാവാൻ വഴിയില്ല. അത്രക്ക് വാശിയേറിയതും കാണികളെ പിടിച്ചിരുത്തുന്നതുമായ ഒരു ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടമായിരുന്നു ഇന്നലെ ഓസ്ട്രേലിയയിലെ മെൽബണിൽ നടന്നത്. ഈ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ വിജയം.
അവസാന പന്തുവരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ മെൽബൺ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ 90,293 കാണികൾക്ക് മുന്നിൽവച്ച് തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ ഒരു ട്വന്റി ട്വന്റി ഇന്നിങ്സ് പ്രദർശിപ്പിച്ച സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ മികവിലായിരുന്നു ഇന്ത്യയുടെ വിജയം. 53 പന്തിൽ നിന്നും 6 ഫോറും 4 സിക്‌സും അടക്കം 82 റൺസ് എടുത്ത് പുറത്താകാതെ നിന്ന കോഹ്‌ലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്. ഷാൻ മസൂദ്, ഇഫ്ത്തിക്കാർ അഹമ്മദ് എന്നിവർ അർദ്ധസെഞ്ചുറി നേടി തിളങ്ങി. ഇന്ത്യക്കായി അർഷദീപ് സിംഗും ഹാർദ്ധിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഷമിയും ഭുവനേശ്വറും ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിൽ 6 ഓവറിൽ 31/4 എന്ന നിലയിൽ തകർന്ന ഇന്ത്യയെ കോഹ്‌ലിയും ഹർദിക് പാണ്ഡ്യയും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. അഞ്ചാം വിക്കറ്റിൽ 113 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. അവസാന ഓവറിലെ ആദ്യ പന്തിൽ ആയിരുന്നു 40 റൺസ് എടുത്ത പാണ്ഡ്യ പുറത്തായത്. പതിവ് അറ്റാക്കിംഗ് ശൈലി വിട്ട് വിക്കറ്റ് നഷ്ടമാകാതെ നിന്നു കളിച്ച ഹാർധിക്കിന്റെ ഇന്നിംഗ്സും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ഒരു ഘട്ടത്തിൽ 8 പന്തിൽ നിന്നും 28 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഇന്ത്യ പരാജയം ഉറപ്പിച്ചു എന്ന് പലരും ചിന്തിച്ച നിമിഷങ്ങൾ.. പക്ഷേ, ക്രീസിൽ നിലയുറപ്പിച്ചിരുന്നത് ചെയ്സ് മാസ്റ്റർ എന്ന വിളിപ്പേരുള്ള വിരാട് കോഹ്‌ലിയായിരുന്നു. താൻ എന്തുകൊണ്ടാണ് അങ്ങനെ ഒരു വിശേഷണത്തിന് അർഹനായത് എന്ന് ഒരിക്കൽകൂടി വ്യക്തമാക്കിയ ഇന്നിങ്സ് ആയിരുന്നു അദ്ദേഹം ഇന്നലെ കളിച്ചത്. ഹാരിസ് റൗഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ സിക്സ് നേടി കോഹ്‌ലി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി.
പത്തൊമ്പതാം ഓവറിലെ അഞ്ചാം പന്തിൽ അദ്ദേഹം നേടിയ സിക്സ് ഏറ്റവും നന്നായി ആസ്വദിച്ചത് നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന പാണ്ഡ്യയായിരുന്നു. മെൽബണിലെ താരതമ്യേന നീളം കൂടിയ ഗ്രൗണ്ടിൽ കോഹ്‌ലി മികച്ചൊരു സ്ട്രൈറ്റ് സിക്സ് അടിക്കുകയായിരുന്നു. അത് കണ്ട പാണ്ഡ്യ കോഹ്‌ലിയെ കുമ്പിട്ട് വണങ്ങുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗാലറിയിൽ ഉണ്ടായിരുന്ന ഏതോ ഒരു ആരാധകൻ എടുത്തതാണ് ആ വീഡിയോ. പാണ്ഡ്യ അന്നേരം ചെയ്ത പ്രവർത്തി ഓരോ ഇന്ത്യക്കാരനും ആ നിമിഷം മനസ്സുകൊണ്ട് ചെയ്യുകയായിരുന്നു. അത്രക്ക് വിലപ്പെട്ടതായിരുന്നു പാക്കിസ്ഥാന് എതിരെ ഇന്ത്യക്ക് കോഹ്‌ലിയുടെ വക ആ ഇന്നിങ്സ്!!!
2006 ഡിസംബർ, രഞ്ജി ട്രോഫി സീസണിലെ രണ്ടാം മത്സരത്തിൽ ഡൽഹി കർണാടകയെ നേരിടുന്നു, ആദ്യം ബാറ്റ് ചെയ്ത കർണാടക കൂറ്റൻ സ്കോർ നേടുന്നു, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയ്ക്ക് മുൻനിര വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമാകുന്നു, പിന്നീട് ക്രീസിലെത്തിയെ 18 വയസ്സുകാരൻ ഡൽഹിയുടെ രക്ഷയ്ക്കായി എത്തുന്നു, തന്റെ രണ്ടാം രഞ്ജി ട്രോഫി മത്സരത്തിനിറങ്ങിയ സാക്ഷാൽ വിരാട് കോഹ്ലി ആയിരുന്നു ആ ചെറുപ്പക്കാരൻ.
ആ ദിനം പുറത്താകാതെ ക്രീസിൽ നിന്ന കോഹ്ലിയെ തേടി ഒരു ദുഃഖ വാർത്ത വരുന്നു, അച്ഛന്റെ അസുഖം മൂർച്ഛിച്ചിരുന്നു, പെട്ടന്ന് തന്നെ അച്ഛന്റെ അരികിലെത്തിയ കോഹ്ലിയുടെ മടിയിൽ കിടന്ന് തന്നെ ക്രിക്കറ്റിനെ സ്നേഹിക്കാനും സ്വപ്നം കാണാനും പഠിപ്പിച്ച തന്റെ എല്ലാമെല്ലാമായ പിതാവിന്റെ വിയോഗം, ഒരു പതിനെട്ടുകാരൻ പയ്യൻ മാനസികമായി തകർന്ന് പോകുന്ന നിമിഷം, ഡൽഹി ടീ സ്നേഹത്തോടെ കോഹ്ലിക്ക് അവധി നൽകി, എന്നാൽ തന്റെ പിതാവിന് കൊടുക്കാവുന്ന ഏറ്റവും വലിയ വിട വാങ്ങൽ സമ്മാനം താൻ ഡൽഹിക്ക് വേണ്ടി ആ മത്സരം പൂർത്തിയാക്കുക എന്നത് ആണെന്ന് തിരിച്ചറിഞ്ഞ കോഹ്ലി പിറ്റേന്ന് മത്സരത്തിനിറങ്ങി, തോൽവി ഉറപ്പിച്ച മത്സരം അയാൾ സമനിലയിൽ ആക്കി, വിജയത്തെക്കാൾ മൂല്യമുള്ള സമനില, ക്രിക്കറ്റിനെ സ്നേഹിക്കാൻ പഠിപ്പിച്ച തന്റെ അച്ഛന് ഇതിനേക്കാൾ വലിയൊരു സമ്മാനം ആ മകന് കൊടുക്കാനുണ്ടായിരുന്നില്ല, അച്ഛന്റെ ഓർമ ദിവസമായ ഡിസംബർ “18” എന്നത് ഇന്നും നമുക്ക് ആ ജേഴ്സിയിലെ നമ്പർ ആയി കാണാം, അയാൾക്ക് അത് വെറുമൊരു നമ്പർ മാത്രമല്ല തന്റെ ജീവിതം തന്നെ ആയിരുന്നു.
15 വർഷങ്ങൾക്കിപ്പുറം ട്വന്റി-20 ലോകകപ്പിലെ വാശിയേറിയ ഇന്ത്യ പാകിസ്താൻ മത്സരത്തിൽ തോൽവി ഉറപ്പിച്ച ഘട്ടത്തിൽ അയാൾ ഒറ്റയ്ക്ക് ഒരു രാജ്യത്തിന്റെ പ്രതീക്ഷ മുഴുവൻ ചുമലിലേറ്റി, ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു, മത്സരം പൂർത്തിയാക്കി ഗ്രൗണ്ടിൽ നിന്ന് മടങ്ങുമ്പോൾ അയാൾ കണ്ണീർ പൊഴിച്ച് കൊണ്ട് ബാറ്റുയർത്തി മുകളിലേക്ക് നോക്കി, തന്റെ അച്ഛൻ എല്ലാം മുകളിൽ നിന്ന് കാണുന്നുണ്ടായിരുന്നു.
പ്രശസ്ത ക്രിക്കറ്റ് കമന്റെറ്റർ ഹർഷ ബോഗലെ പറഞ്ഞത് പോലെ വർഷങ്ങളായി താൻ കോഹ്ലിയെ കാണുന്നു പക്ഷെ ഇത്ര വികാരാധീനനായി കാണപ്പെട്ടത് ആദ്യമായാണ്, ഒരു പക്ഷെ അത് അയാൾ തന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ അച്ഛന് കൊടുത്ത വാക്കായിരിക്കും “ഞാൻ തിരിച്ച് വരും അച്ഛാ രാജ്യത്തിന് വേണ്ടി വലിയ യുദ്ധങ്ങൾ ജയിച്ച് കൊണ്ട്” മെൽബണിലെ ആ ആകാശത്ത് നക്ഷത്രങ്ങൾക്കിടയിൽ നിന്ന് തന്റെ മകന്റെ ഈ ഉജ്വല പ്രകടനം പ്രേം കോഹ്ലിയും നമ്മളെ പോലെ തന്നെ ആവോളം ആസ്വദിച്ചിട്ടുണ്ടാകും.
ട്വന്റി-20 ലോകകപ്പ് ടീ സെലക്ഷനിൽ ഫോമിലല്ലാത്ത കോഹ്ലിയെ ഉൾപെടുത്തിയതിനെതിരെ പലരും നെറ്റി ചുളിച്ചു, അയാൾ ടീമിന് ബാധ്യത ആകും എന്ന് വരെ അഭിപ്രായം പറഞ്ഞു, അന്ന് വരെ രാജ്യത്തിന് വേണ്ടി അയാൾ നേടി തന്ന വിജയങ്ങൾ എല്ലാവരും പാടെ വിസ്മരിച്ചു, തന്റെ കരിയറിലെ ഏറ്റവും മോശം വർഷങ്ങളിലൂടെ ആയിരുന്നു കോഹ്ലി ആ സമയം കടന്ന് പോയി കൊണ്ടിരുന്നത്, മെൽബണിലെ കാണികളുടെ സാന്നിധ്യത്തിൽ മത്സര ശേഷം കോഹ്ലി നിറകണ്ണുകളോടെ പറഞ്ഞു ” ഞാൻ തകർന്ന് പോയപ്പോൾ നിങ്ങളാണ് എന്റെ കൂടെ നിന്നത് നിങ്ങളോടാണ് എനിക്ക് കടപ്പാടുള്ളത്” എന്ന്.
മത്സരത്തിന്റെ നിർണായക പത്തൊമ്പതാം ഓവറിൽ പാകിസ്താന്റെ പ്രീമിയം ഫാസ്റ്റ് ബോളർ ഹാരിസ് റൗഫിന്റെ തലയ്ക്ക് മുകളിലൂടെ കോഹ്ലി അടിച്ച സിക്സ് സാക്ഷാൽ സച്ചിനെപ്പോലും അത്ഭുതപ്പെടുത്തി, ആ 2 സിക്സുകളാണ് കളി അവസാന ഓവറിലേക്ക് എത്തിക്കാൻ ഇന്ത്യയെ സഹായിച്ചത്, ഹാർഡ് ഹിറ്ററായ ഹാർദിക്കിന് പോലും റൗഫ് എറിഞ്ഞ പന്തുകൾക്ക് മുന്നിൽ മറുപടി ഉണ്ടായിരുന്നില്ല.
രാജാവിനെ വീഴ്ത്താതെ വിജയം സ്വപ്നം കണ്ടവരെപ്പോലെ ആയിരുന്നു പാക്കിസ്ഥാൻ, തന്റെ അച്ഛൻ മരിച്ചപ്പോൾ പോലും കൈ വിറക്കാതെ ബാറ്റ് ചെയ്ത പതിനെട്ടുകാരൻ പയ്യനിൽ നിന്ന് ഒരു കംപ്ലീറ്റ് ക്രിക്കറ്റർ ആയ 33കാരന് ഹാരിസ് റൗഫ് എറിഞ്ഞ തീയുണ്ട കണക്കെയുള്ള ബോളിനെ മെൽബണിലെ കാണിക്കൾക്കിടയിലേക്ക് പറഞ്ഞയക്കാൻ അയാളിലെ ആത്മവിശ്വാസം തന്നെ ധാരാളമായിരുന്നു, 2007 ലെ ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യക്കാർ വീണ്ടുമൊരു ലോകകപ്പ് കിരീടം സ്വപ്നം കാണുകയാണ്, ആ സ്വപ്നത്തിന് കാരണം “വിരാട് കോഹ്ലി” എന്ന ഒറ്റ പേര് മാത്രം മതിയാകും. Written By: അഖിൽ. വി.പി. വള്ളിക്കാട്.
നടി ഉര്‍വശി റൗട്ടേലയും ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തും തമ്മിൽ അടുത്തിടെ നടന്ന സോഷ്യല്‍ മീഡിയ വഴിയുള്ള വാക്‌പോര് ആരാധകർ മറക്കാൻ ഇടയില്ല. ആര്‍പി എന്നൊരാള്‍ തന്നെക്കാണാന്‍ ഹോട്ടല്‍ ലോബിയില്‍ മണിക്കൂറുകളോളം കാത്തിരുന്നെന്ന ഉര്‍വശിയുടെ പരാമര്‍ശത്തോടെയാണ് ഇരുവരും തമ്മിലുള്ള വിവാദം ആരംഭിച്ചത്. ആര്‍പി എന്നത് റിഷഭ് പന്തിന്റെ ചുരുക്ക രൂപം ആണെന്ന് ആരാധകർ കണ്ടെത്തിയിരുന്നു. ഇരുവരും ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി ഏറ്റുമുട്ടിയിരുന്നു.
ഇതിനിടെ ടി20 ലോകക്കപ്പ് കാണാനായി ബോളിവുഡ് നടി ഓസ്‌ട്രേലിയയിലേക്ക് പോകുന്നുവെന്ന വാർത്ത വിവാദങ്ങൾക്ക് ഉണർവ് നൽകി. ഇന്ത്യ പാകിസ്ഥാൻ തമ്മിലുള്ള മത്സരം കാണാൻ ഇന്നലെ ഉർവശി റൗട്ടേലയും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.
പാകിസ്ഥാനെതിരെ പ്ലേയിങ് ഇലവനിൽ റിഷഭ് പന്തിന് അവസരം ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ ബൗണ്ടറി ലൈനിന് അരികിൽ ഉണ്ടായിരുന്ന റിഷഭ് പന്തിനെ ചൊറിഞ്ഞ് കൊണ്ട് ചില ആരാധകരും മത്സരത്തിനിടെ എത്തിയിരുന്നു. ഇതിന്റെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഉർവശി…ഉർവശി എന്ന് റിഷഭ് പന്തിന്റെ നേർക്ക് ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം.
ഇതൊക്കെ കേട്ടിട്ടും കേട്ടില്ലെന്ന ഭാവത്തോടെ സഹതാരവുമായി സംസാരിക്കുകയാണ് റിഷഭ് പന്ത് ചെയ്തത്. അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. 53 പന്തിൽ 82 റൺസ് നേടിയ കോഹ്ലിയുടെ തകർപ്പൻ ഇന്നിങ്‌സാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്.
ഒരു ഘട്ടത്തിൽ 42 പന്തിൽ 46 റൺസ് ഉണ്ടായിരുന്ന കോഹ്ലി അവസാന 11 പന്തിൽ 36 റൺസ് അടിച്ചു കൂട്ടിയിരുന്നു. അവസാന 2 ഓവറിൽ ഇത്രയും നാൾ ആരാധകർ കാണാൻ കൊതിച്ച കോഹ്ലിയെയാണ് കണ്ടത്. വെടിക്കെട്ട് താരം ഹർദിക് പാണ്ഡ്യ അവസാനത്തിൽ മങ്ങിയപ്പോൾ ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേന്തിയാണ് കോഹ്ലി ജയത്തിലേക്ക് നയിച്ചത്.
അവസാന ബോൾ വരെ ആവേശത്തിന്റെ കൊടുമുടിയിൽ നിർത്തിയ ട്വന്റി-20 ലോകകപ്പിലെ വാശിയേറിയ ഇന്ത്യ പാകിസ്താൻ പോരാട്ടത്തിൽ വിരാട് കോഹ്ലിയുടെ 82* തകർപ്പൻ ഇന്നിങ്ങ്സിന്റെ ചിറകിലേറി ഇന്ത്യക്ക് 4 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, പാകിസ്താന്റെ ഓപ്പണിങ് ബാറ്റർ ആയ ബാബർ അസമിനെ പൂജ്യത്തിന് പുറത്താക്കിക്കൊണ്ട് അർഷ് ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനെയും (4) അർഷ് ദീപ് വീഴ്ത്തി.
തുടക്കത്തിൽ തന്നെ ഓപ്പണിങ് ബാറ്റർമാരെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിൽ ഒത്തു ചേർന്ന ഷാൻ മസൂദ് ഉം അർധ സെഞ്ച്വറിയുമായി ഇഫ്തിക്കാർ അഹമ്മദ് ഉം (51) പാകിസ്താനെ മുന്നിലേക്ക് നയിച്ചു, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 76 റൺസിന്റെ കൂട്ട് കെട്ട് പടുത്തുയർത്തി തുടക്കത്തിലെ തകർച്ചയിൽ നിന്ന് പാകിസ്താനെ കര കയറ്റി, എന്നാൽ പതിമൂന്നാം ഓവറിൽ മുഹമ്മദ് ഷമി ഇഫ്തിക്കാർ അഹമ്മദിനെ വിക്കറ്റിന് മുന്നിൽ കുടുക്കി, പിന്നീട് വന്നവർക്ക് പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെ പാകിസ്താൻ വീണ്ടും തകർച്ച നേരിട്ടു. അർധ സെഞ്ച്വറി 52* നേടിയ ഷാൻ മസൂദിന്റെ ഇന്നിംഗ്സ് മികവിൽ പാകിസ്താൻ നിശ്ചിത 20 ഓവറിൽ 159/8 എന്ന മാന്യമായ സ്കോറിൽ എത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെയും തുടക്കം തകർച്ചയോടെ ആയിരുന്നു, തുടക്കത്തിൽ തന്നെ കെ. എൽ രാഹുലിനെയും (4) രോഹിത്തിനെയും (4) ഇന്ത്യക്ക് നഷ്ടമായി, പിന്നാലെ സൂര്യകുമാർ യാദവിനെയും (15) അക്സർ പട്ടേലിനെയും (2) മടങ്ങിയതോടെ 31/4 എന്ന നിലയിൽ ഇന്ത്യൻ മുൻ നിര തകർന്നടിഞ്ഞു, എന്നാൽ വിരാട് കോഹ്ലി അത്ര പെട്ടന്ന് തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു, ഹാർദിക്ക് പാണ്ഡ്യയെ കൂട്ട് പിടിച്ച് അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 113 റൺസിന്റെ മികച്ച കൂട്ട്കെട്ട് പടുത്തുയർത്തി, ഇന്ത്യൻ വിജയത്തിന് അടിത്തറ ആയത് ഈ കൂട്ട് കെട്ട് ആയിരുന്നു.
അവസാന ബോൾ വരെ വിജയ പരാജയങ്ങൾ മാറി മറഞ്ഞ മത്സരത്തിൽ അശ്വിൻ വിജയ റൺ നേടുമ്പോൾ മറു വശത്ത് കോഹ്ലി അജയ്യനായി നിൽക്കുന്നുണ്ടായിരുന്നു, മത്സരത്തിൽ ബൗണ്ടറി ലൈനിനരികെ നിന്ന് കളിയുടെ അവസാന നിമിഷങ്ങൾ കണ്ട് കൊണ്ടിരുന്ന സുനിൽ ഗവാസ്കരുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്, ഇന്ത്യ വിജയ റൺ കുറിക്കുമ്പോൾ ആവേശഭരിതനായി തുള്ളിച്ചാടുന്ന ഗവാസ്കറിനെയാണ് നമുക്ക് വീഡിയോയിൽ കാണാനാകുന്നത് കൂടെ ഇർഫാൻ പത്താനെയും ശ്രീകാന്തിനെയും കാണാം.
അത്യന്തം നാടകീയത നിറഞ്ഞ ഒരു ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം കൂടി കടന്നുപോയിരിക്കുകയാണ്. ഇന്നലെ ഓസ്ട്രേലിയയിലെ മെൽബൺ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ 90,293 കാണികൾക്ക് മുന്നിൽ ഇരുടീമുകളും തീപാറുന്ന പോരാട്ടമാണ് കാഴ്ചവെച്ചത്. ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പർ 12 ഘട്ടത്തിലെ ഇരു ടീമുകളുടെയും ആദ്യ മത്സരത്തിൽ 4 വിക്കറ്റിന് ആയിരുന്നു ഇന്ത്യൻ ടീമിന്റെ വിജയം.
അവസാന പന്തിലായിരുന്നു ഇന്ത്യ വിജയറൺ നേടിയത് എന്നതിൽ നിന്നുതന്നെ മത്സരം എത്രത്തോളം ആവേശകരമായിരുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കും. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടിയപ്പോൾ 82 റൺസോടെ പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെ എക്കാലത്തെയും മികച്ച ഒരു 20-20 ഇന്നിംഗ്സിന്റെ ബലത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.
6 ഓവറിൽ 31/4 എന്ന നിലയിൽ തകർന്ന ഇന്ത്യയെ കോഹ്‌ലിയും ഹർദിക് പാണ്ഡ്യയും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. അവസാന 8 പന്തിൽ 28 റൺസ് വേണമെന്നിരിക്കെ ഹാരിസ് റൗഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ സിക്സ് നേടി കോഹ്‌ലി മത്സരം ഇന്ത്യയിലേക്ക് അടുപ്പിച്ചു. എങ്കിലും മുഹമ്മദ് നാവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ 40 റൺസ് എടുത്ത പാണ്ഡ്യ മടങ്ങിയതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധി നേരിടേണ്ടിവന്നു.
എങ്കിലും നേരിട്ട ആദ്യ പന്തിൽ തന്നെ ദിനേശ് കാർത്തിക് സിംഗിൾ എടുത്ത് കോഹ്‌ലിക്ക് സ്ട്രൈക്ക് കൈമാറി. മൂന്നാം പന്തിൽ ഡബിൾ ഓടിയ കോഹ്‌ലി നാലാം പന്തിൽ സിക്സ് നേടുകയും ചെയ്തു. അത് നോബോൾ കൂടി ആകുകയും ചെയ്തു. അടുത്ത പന്തിൽ വൈഡ്. ഫ്രീഹിറ്റ് ബോളിൽ കോഹ്‌ലി ക്ലീൻ ബോൾഡ് ആയെങ്കിലും വിക്കറ്റിൽ തട്ടി പിന്നിലേക്ക് പോയ പന്തിൽ കോഹ്‌ലി മൂന്ന് റൺസ് ഓടിയെടുക്കുകയായിരുന്നു. അഞ്ചാം പന്തിൽ കാർത്തിക് സ്റ്റമ്പെഡ് ആയി പുറത്തായി എങ്കിലും പിന്നീടു വന്ന അശ്വിൻ കൂളായി നിന്ന് ആദ്യം ഒരു വൈഡ് ലഭിക്കുകയും ചെയ്തു. ഒരു ബോളിൽ ഒരു റൺ വേണ്ടപ്പോൾ മിഡ് ഓഫിന് മുകളിലൂടെ പന്ത് കോരിയിട്ടു അശ്വിൻ വിജയറൺ നേടി.
അവസാന ഓവറിൽ പല നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. നാലാം പന്തിൽ ഹൈ ഫുൾടോസ് ബോളിൽ കോഹ്‌ലി നേടിയ സിക്സ്, നോബോൾ അല്ലെന്നു പറഞ്ഞു പാക്കിസ്ഥാൻ താരങ്ങൾ ഒരുപാട് നേരം അപ്പീൽ ചെയ്തെങ്കിലും അമ്പയർമാർ നോബോൾ തീരുമാനത്തിൽ ഉറച്ചുനിന്നതോടെ മത്സരം തുടർന്നു. പിന്നീട് ഫ്രീഹിറ്റ് ബോളിൽ കോഹ്‌ലി ക്ലീൻ ബോൾഡ് ആയെങ്കിലും വിക്കറ്റിൽ തട്ടി പിന്നിലേക്ക് പോയപ്പോൾ കോഹ്‌ലി ട്രിപ്പിൾ ഓടിയതിന് എതിരെയും അവർ പരാതിപ്പെട്ടു. വിക്കറ്റിൽ കൊണ്ടാൽ അത് ഡെഡ് ബോൾ ആയിപ്പോയല്ലോ എന്നാണ് അവർ വാദിച്ചത്. എങ്കിലും ബോളറുടെയോ വിക്കറ്റ് കീപ്പറുടെയോ കയ്യിൽ എത്തിയാലെ പന്ത് ഡെഡ് ബോൾ ആകുകയുള്ളുവെന്നു അമ്പയർമാർ വ്യക്തമാക്കി.
മത്സരശേഷം സമൂഹമാധ്യമങ്ങളിൽ പാക്കിസ്ഥാൻ ആരാധകരുടെ വൻ പ്രതിഷേധപ്രകടനങ്ങൾക്ക് വേദിയാകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഐസിസിയെ നിരോധിക്കണം എന്നും, ഇന്ത്യക്ക് വേണ്ടി അമ്പയർമാർ ഒത്തുകളിച്ചു എന്നുമൊക്കേയാണ് അവർ പറയുന്നത്. മത്സരശേഷം മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ഒരു പാക്ക് ആരാധകൻ പാക്കിസ്ഥാൻ തോറ്റ ദേഷ്യത്തിൽ തന്റെ വീട്ടിലെ ടിവി എറിഞ്ഞ് ഉടക്കുന്നത് കാണാമായിരുന്നു. സുഹൃത്തെ, ഇത് വെറും ഒരു മത്സരം മാത്രമാണ് എന്നായിരുന്നു സെവാഗ് അതിനുതാഴെ പറഞ്ഞത്.
ഞായറാഴ്ച മെൽബണിൽ നടന്ന ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ചിരവൈരികളെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഈ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. അവസാന ഡെലിവറി വരെ നീണ്ടുനിന്ന പോരാട്ടത്തിൽ, 1 പന്തിൽ 1 റൺസ് എന്ന ഘട്ടത്തിൽ അശ്വിൻ സിംഗിൾ നേടി വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.
ഇന്നിംഗ്‌സിന്റെ മോശം തുടക്കത്തിന് ശേഷം ഇന്ത്യൻ തിരിച്ചുവരവിന് നേതൃത്വം നൽകിയത് വിരാട് കോഹ്‌ലിയും ഹർദിക് പാണ്ഡ്യയുമാണ്, കോഹ്ലി വെറും 53 പന്തിൽ 82 റൺസുമായി പുറത്താകാതെ നിന്നു. 6.1 ഓവറിൽ 31/4 എന്ന നിലയിൽ ഉണ്ടായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കററ്റിൽ കോഹ്ലിയും ഹർദിക് പാണ്ഡ്യയും ചേർന്നാണ് കരകയറ്റിയത്.
അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി, അതിൽ ഹാർദിക് 40 റൺസ് നേടി. തുടക്കത്തിൽ ആക്രമിച്ച് കളിച്ച പാണ്ഡ്യ അവസാനത്തിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ടീമിനായി നിർണായക 40 റൺസാണ് ഓൾ റൗണ്ടർ നേടി കൊടുത്തത്. ബൗളിങ്ങിൽ 3 വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യ ഇന്ത്യൻ ജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്.
അതേസമയം മത്സരത്തിന് പിന്നാലെ സ്റ്റാർ സ്പോർട്സുമായി സംസാരിക്കുന്നതിനിടെ വികാരാധീനനായിരുന്നു. മരിച്ച് പോയ അച്ഛൻ തനിക്ക് വേണ്ടി ചെയ്ത ത്യാഗങ്ങളെ പറഞ്ഞുകൊണ്ടായിരുന്നു പാണ്ഡ്യ വികാരഭരിധനായത്. ഇതിന്റെ വീഡിയോ നിമിഷങ്ങൾ കൊണ്ട് വൈറലാവുകയും ചെയ്തു.
“അദ്ദേഹം എനിക്ക് അവസരം തന്നില്ലെങ്കിൽ ഞാൻ ഇവിടെ വരെ എത്തിലായിരുന്നു. അച്ഛൻ വലിയ ത്യാഗം ചെയ്തു, അദ്ദേഹം തന്റെ കുട്ടികൾക്കായി മറ്റൊരു നഗരത്തിലേക്ക് മാറി. ഞാൻ എന്റെ കുട്ടികളെ വളരെയധികം സ്നേഹിക്കുന്നു, പക്ഷേ എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. അന്ന് ഞങ്ങൾക്ക് ആറ് വയസ്സായിരുന്നു, അദ്ദേഹം ഒരു നഗരം മുഴുവനും അദ്ദേഹത്തിന്റെ മുഴുവൻ ബിസിനസ്സും മാറ്റി. അതൊരു വലിയ കാര്യമായിരുന്നു. ഞങ്ങൾ ഈ നിലയിൽ എത്തുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത സമയത്തായിരുന്നു അങ്ങനെയൊരു ത്യാഗം” – ഹർദിക് പറഞ്ഞു.
ആരാധകരെ ഏറെ ത്രില്ലടിപ്പിച്ച ചെയ്‌സിങ്ങിലെ അവസാന ഓവറിൽ ഫ്രീഹിറ്റിൽ ബൗൾ ആയതും തുടർന്ന് 3 റൺസ് ഓടിയെടുത്തതും ആരാധകരിലും താരങ്ങളിലും ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. നോ ബോൾ സിക്സിന് പിന്നാലെ ലഭിച്ച ഫ്രീ ഹിറ്റിൽ സ്പിന്നർ നവാസിനെതിരെ സ്ലോഗ് കളിച്ചെങ്കിലും ബാറ്റിൽ കൊള്ളാതെ സ്റ്റംപിൽ പതിക്കുകയായിരുന്നു. സ്റ്റംപിൽ കൊണ്ട പന്ത് ഷോർട്ട് തേർഡ് മാനിലൂടെ കടന്ന് പോവുകയും ചെയ്തു.
ഫ്രീഹിറ്റ് ആയതിനാൽ ലഭിച്ച അവസരം മുതലാക്കി കോഹ്ലിയും കാർത്തിക്കും 3 റൺസ് ഓടിയെടുത്തു. എന്നാൽ ബൗൾഡ് ആയതിനാൽ ഒടിയെടുത്ത റൺസ് ഉണ്ടോ എന്ന സംശയവുമായി പാകിസ്ഥാൻ താരങ്ങൾ അമ്പയറെ സമീപിച്ചു. ഡെഡ് ബോളായി വിധിക്കേണ്ടേ എന്നായിരുന്നു പാകിസ്ഥാൻ താരങ്ങളുടെ ചോദ്യം. എന്നാൽ അമ്പയർ ഇന്ത്യയുടെ 3 റൺസിൽ ശരിവെക്കുകയായിരുന്നു.
ഏതായാലും 3 പന്തിൽ 5 റൺസ് ആവശ്യം ഉണ്ടായിരുന്ന ഇന്ത്യയ്ക്ക് 3 റൺസ് ലഭിച്ചത് ഏറെ ആശ്വാസം പകർന്നിരുന്നു. അതേസമയം മത്സരത്തിൽ കോഹ്ലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ എന്നിനാണ് മെൽബണ് സാക്ഷ്യം വഹിച്ചത്. 53 പന്തിൽ 82 റൺസാണ് കോഹ്ലി അടിച്ചു കൂട്ടിയത്.
ഒരു ഘട്ടത്തിൽ 42 പന്തിൽ 46 റൺസ് ഉണ്ടായിരുന്ന കോഹ്ലി അവസാന 11 പന്തിൽ 36 റൺസ് അടിച്ചു കൂട്ടിയിരുന്നു. അവസാന 2 ഓവറിൽ ഇത്രയും നാൾ ആരാധകർ കാണാൻ കൊതിച്ച കോഹ്ലിയെയാണ് കണ്ടത്. വെടിക്കെട്ട് താരം ഹർദിക് പാണ്ഡ്യ അവസാനത്തിൽ മങ്ങിയപ്പോൾ ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേന്തിയാണ് കോഹ്ലി ജയത്തിലേക്ക് നയിച്ചത്.
160 റൺസ് ചെയ്‌സിങ്ങിൽ ഇന്ത്യയുടെയും തുടക്കം തകർച്ചയോടെ ആയിരുന്നു, തുടക്കത്തിൽ തന്നെ കെ. എൽ രാഹുലിനെയും (4) രോഹിത്തിനെയും (4) ഇന്ത്യക്ക് നഷ്ടമായി, പിന്നാലെ സൂര്യകുമാർ യാദവിനെയും (15) അക്സർ പട്ടേലിനെയും (2) മടങ്ങിയതോടെ 31/4 എന്ന നിലയിൽ ഇന്ത്യൻ മുൻ നിര തകർന്നടിഞ്ഞിരുന്നു.